ഹൈദരാബാദ്∙ ഇന്ത്യ– ന്യൂസീലൻഡ് ഏകദിന മത്സരത്തിലെ വാശിയേറിയ പോരാട്ടത്തിനിടെ വിക്കറ്റിനു പിന്നിൽ തമാശയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. ന്യൂസീലൻഡ് ക്യാപ്റ്റന്‍ ടോം ലാതം ബാറ്റു ചെയ്യുന്നതിനിടയിൽ വിക്കറ്റിനു പിന്നിൽനിന്ന് ഇഷാൻ കിഷൻ ബെയ്ൽസ് ഇളക്കി താഴെയിടുകയായിരുന്നു. തുടർന്ന് ഇഷാൻ ഹിറ്റ് വിക്കറ്റിനുവേണ്ടി അപ്പീൽ ചെയ്തു. ഫീൽഡ് അംപയർ തേർഡ് അംപയറുമായി ചർച്ച ചെയ്ത് ലാതം ഔട്ട് അല്ലെന്നു വിധിച്ചു.
ഈ സമയത്തു വിക്കറ്റിനു പിന്നിൽനിന്ന് പൊട്ടിച്ചിരിക്കുകയാണ് ഇഷാൻ കിഷൻ ചെയ്തത്. ന്യൂസീലൻഡ് ടീമിന്റെ ക്യാപ്റ്റനായ ലാതം ഇന്ത്യൻ ബാറ്റിങ്ങിനിടെ സമാനമായ നീക്കം നടത്തിയിരുന്നു. അതിനു മറുപടിയായാണ് കിവീസ് ബാറ്റിങ്ങിനിടെ ഇഷാൻ ബെയ്ൽസ് ഇളക്കിയതെന്നാണു വിലയിരുത്തൽ.
ഇന്ത്യന്‍ ഇന്നിങ്സിൽ ഹാർദിക് പാണ്ഡ്യയുടെ വിവാദ പുറത്താകല്‍ നടന്നത് ടോം ലാതത്തിന്റെ നീക്കത്തിനൊടുവിലായിരുന്നു. പന്ത് കട്ട് ചെയ്യാനുള്ള ഹാർദിക്കിന്റെ ശ്രമം പിഴച്ചതോടെ പന്ത് ബെയ്ൽസിനു തൊട്ടുമുകളിലൂടെ ന്യൂസീലൻഡ് വിക്കറ്റ് കീപ്പർ ടോം ലാതമിന്റെ ഗ്ലൗസിലെത്തി. എന്നാൽ, ഇതോടൊപ്പം ബെയ്ൽസ് പ്രകാശിച്ചതോടെ കിവീസ് അപ്പീൽ ചെയ്തു.
ലാതമിന്റെ ഗ്ലൗസ് തട്ടിയാണ് ബെയ്ൽസ് പ്രകാശിച്ചതെന്നായിരുന്നു റീപ്ലേയിലെ സൂചനകൾ. പന്ത് ബെയ്ൽസിൽ തട്ടിയതായി വ്യക്തമായതുമില്ല. എന്നാൽ, ടിവി അംപയർ അനന്തപത്മനാഭൻ ഹാർദിക് ബോൾഡായെന്നാണ് വിധിച്ചത്. ഇന്ത്യയ്ക്കായി ഡബിൾ സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ്ങിനിടെയും ടോം ലാതം സമാനമായ രീതിയിൽ അപ്പീൽ ചെയ്തിരുന്നു.
ശുഭ്മന്‍ ഗിൽ തകർപ്പൻ ബാറ്റിങ് പ്രകടനം നടത്തിയിട്ടും 12 റൺസിനാണു മത്സരത്തിൽ ഇന്ത്യ വിജയിച്ചത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 349 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ന്യൂസീലൻഡിന്റെ പോരാട്ടം 49.2 ഓവറിൽ 337 റൺസിന് അവസാനിച്ചു.
English Summary: Ishan Kishan dislodges bails, and bursts into laughter later