ADVERTISEMENT

ഇൻ‍ഡോർ‌∙ ന്യൂസീലൻഡ് ബാറ്റർ മിച്ചൽ സാന്റ്നർ ഉയർത്തിയടിച്ച പന്ത് ഡീപ് മിഡ് വിക്കറ്റിൽ വിരാട് കോലി കൈകളിൽ ഒതുക്കിയപ്പോൾ ഇന്ത്യ കൈപ്പിടിയിലൊതുക്കിയത് ഐസിസി ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം കൂടിയാണ്. മൂന്നാം ഏകദിനത്തിൽ കിവീസിനെ 90 റൺസിനു തോൽപിച്ചാണ് ഇന്ത്യ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായത്. ജയത്തോടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. പരമ്പര തുടങ്ങിയപ്പോൾ ഒന്നാം സ്ഥാനക്കാരായിരുന്ന ന്യൂസീലൻഡ് നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ട്വന്റി20 റാങ്കിങ്ങിലും ഇന്ത്യയാണ് ഒന്നാമത്.

മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഉയർത്തിയ 386 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് കിവീസ്, 41.2 ഓവറിൽ 295 റൺസിന് പുറത്തായി. സെഞ്ചറി നേടിയ ഓപ്പണർ ഡെവോൺ കോൺവെ (100 പന്തിൽ 138), ഹെൻറി നിക്കോള്‍സ് (40 പന്തിൽ 42), മിച്ചൽ സാന്റ്നർ (29 പന്തിൽ 34) എന്നിവർ പൊരുതിയെങ്കിലും എത്തിപ്പിടിക്കാവുന്നതിലും മുകളിലായിരുന്നു സ്കോർ. രണ്ടാം വിക്കറ്റിൽ കോൺവെയും നിക്കോളസും ചേർന്നു സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി ഇന്ത്യ ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ബാറ്റിങ്ങിൽ 17 പന്തിൽ 25 റൺസെടുത്ത് നിർണായക സംഭാവന നൽകുകയും ബോളിങ്ങിൽ മൂന്നു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത ഷാർദൂൽ ഠാക്കൂറാണ് പ്ലേയർ ഓഫ് ദ് മാച്ച്. പരമ്പരയിൽ ഇരട്ടസെഞ്ചറിയും സെഞ്ചറിയുമായി തിളങ്ങിയ ശുഭ്മാൻ ഗില്ലാണ് പ്ലേയർ ഓഫ് ദ് ടൂർണമെന്റ്. ഠാക്കൂറിനെ കൂടാതെ ഇന്ത്യയ്ക്കായി കുൽദീപ് യാദവും മൂന്നു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചെഹൽ രണ്ടും ഹാർദിക് പാണ്ഡ്യ, ഉമ്രാൻ മാലിക് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൻ അലന്റെ (0) കുറ്റി തെറിപ്പിച്ച് ഹാർദിക് പാണ്ഡ്യ കിവീസിനു പ്രഹരമേൽപ്പിച്ചു. എന്നാൽ രണ്ടാം വിക്കറ്റിൽ കോൺവെ–നിക്കോൾസ് സഖ്യം കിവീസിനെ കരകയറ്റുകയായിരുന്നു. 15–ാം ഓവറിൽ നിക്കോളസിനെ പുറത്താക്കി, കുൽദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീട് കോൺവെയും ഡാരിൽ മിച്ചലും (31 പന്തിൽ 24) ചേർന്ന് മൂന്നാം വിക്കറ്റിൽ 78 റൺസ് കൂട്ടിച്ചേർത്തു. മിച്ചലിനെയും പിന്നാലെയെത്തിയ ക്യാപ്റ്റൻ ടോം ലാതമിനെയും (പൂജ്യം) ഒരേ ഓവറിൽ പുറത്താക്കി ഷാർദൂൽ ഠാക്കൂർ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.

ഇതിനുശേഷം എത്തിയ ആർക്കും നിലയുറപ്പിക്കാനാകാതിരുന്നതോടെ ഇന്ത്യൻ ജയം എപ്പോൾ മാത്രമെന്ന ആകാംക്ഷ മാത്രമായിരുന്ന ബാക്കി. ചെഹൽ എറിഞ്ഞ 42–ാം ഓവറിന്റെ രണ്ടാം പന്തിൽ മിച്ചൽ സാന്റ്നർ (29 പന്തിൽ 34) പുറത്തായതോടെ കിവീസിന്റെ ഇന്നിങ്സിന് അന്ത്യമായി. കൂടാതെ, പരമ്പരയിലെ ഇന്ത്യയുടെ സമ്പൂർണ ജയവും ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും. ഗ്ലെൻ ഫിലിപ്സ് (7 പന്തിൽ 5), മൈക്കിൾ ബ്രേസ്‍വെൽ (22 പന്തിൽ 26), ലോക്കി ഫെർഗൂസൺ (12 പന്തിൽ 7), ജേക്കബ് ഡഫി (0), ബ്ലെയർ ടിക്നർ (0*) എന്നിങ്ങനെയാണ് മറ്റു കിവീസ് ബാറ്റർമാരുടെ സ്കോറുകൾ.

വിരാട് കോലിയും രോഹിത് ശർമയും മത്സരത്തിനിടെ. Photo: Twitter@BCCI
വിരാട് കോലിയും രോഹിത് ശർമയും മത്സരത്തിനിടെ. Photo: Twitter@BCCI

∙ രോഹിത്–ഗിൽ

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒൻപതു വിക്കറ്റു നഷ്ടത്തിലാണ് 385 റൺസെടുത്തത്. സെഞ്ചറി നേടിയ രോഹിത് ശർമ (85 പന്തിൽ 101), ശുഭ്മൻ ഗിൽ (78 പന്തിൽ 112), അർധ സെഞ്ചറിയുമായി തിളങ്ങിയ ഹാർദിക് പാണ്ഡ്യ (38 പന്തിൽ 54) എന്നിവരാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്.

വിരാട് കോലി (27 പന്തിൽ 36), ഷാർദൂൽ ഠാക്കൂര്‍ (17 പന്തിൽ 25), ഇഷാൻ കിഷൻ (24 പന്തിൽ 17), സൂര്യകുമാർ യാദവ് (ഒൻപതു പന്തിൽ 14), വാഷിങ്ടൻ സുന്ദർ (ഒൻപത്), കുൽദീപ് യാദവ് (മൂന്ന്) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. 83 പന്തുകളിൽനിന്നാണ് രോഹിത് ഏകദിന കരിയറിലെ 30–ാം സെഞ്ചറി നേട്ടം സ്വന്തമാക്കിയത്. ഒൻപതു ഫോറുകളും ആറ് സിക്സും താരം ബൗണ്ടറി കടത്തി. ഗിൽ 72 പന്തുകളിൽനിന്ന് സെഞ്ചറിയിലെത്തി. ഗിൽ അടിച്ചു കൂട്ടിയത് 13 ഫോറും, നാല് സിക്സും. ഏകദിന ക്രിക്കറ്റിലെ നാലാം സെഞ്ചറിയാണു ഗില്ലിന്റേത്. 212 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് രോഹിതും ഗില്ലും ഇന്ത്യയ്ക്കു സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 76 പന്തുകളിൽ 100 ഉം 145 പന്തുകളിൽ 200 ഉം പിന്നിട്ടു. സ്കോർ 212 ൽ നിൽക്കെ സെഞ്ചറി നേടിയതിനു പിന്നാലെ രോഹിത് ശർമയെ മൈക്കിൾ ബ്രേസ്‍വെൽ ബോൾഡാക്കി. തൊട്ടുപിന്നാലെ ബ്ലെയർ ടിക്നറിന്റെ പന്തിൽ ഡെവോൺ കോൺവെ ക്യാച്ചെടുത്തു ഗില്ലും മടങ്ങി.

സ്കോർ 268 ൽ നിൽക്കെ സിംഗിളിനു ശ്രമിച്ച ഇഷാൻ കിഷൻ, വിരാട് കോലിയുമായുള്ള ആശയക്കുഴപ്പത്തിനൊടുവിൽ റണ്ണൗട്ടായി. ഡഫിയുടെ പന്തിൽ ഫിൻ അലൻ ക്യാച്ചെടുത്താണു കോലി പുറത്തായത്. അർധ സെഞ്ചറിയുമായി ഹാർദിക് പാണ്ഡ്യ തിളങ്ങിയെങ്കിലും സൂര്യകുമാർ യാദവിനു പിടിച്ചുനിൽക്കാനായില്ല. അവസാന ഓവറുകളില്‍ തകർത്തടിച്ച ഷാര്‍ദൂൽ ഠാക്കൂറും ബാറ്റിങ്ങിൽ നിർണായക സംഭാവന നൽകിയാണു മടങ്ങിയത്. ന്യൂസീലൻഡിനായി ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ എന്നിവർ മൂന്നു വിക്കറ്റു വീതം വീഴ്ത്തി. മൈക്കിൾ ബ്രേസ്‍വെൽ ഒരു വിക്കറ്റും നേടി.ടോസ് നേടിയ കിവീസ് ക്യാപ്റ്റൻ ടോം ലാതം ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

രോഹിത് ശർമയും ശുഭ്മൻ ഗില്ലും മത്സരത്തിനിടെ
രോഹിത് ശർമയും ശുഭ്മൻ ഗില്ലും മത്സരത്തിനിടെ. Photo: Twitter@BCCI

ഇന്ത്യൻ ടീം പ്ലേയിങ് ഇലവൻ– രോഹിത് ശര്‍മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ്, യുസ്‍വേന്ദ്ര ചെഹൽ, ഉമ്രാൻ മാലിക്ക്.

ന്യൂസീലൻഡ് പ്ലേയിങ് ഇലവൻ– ഫിൻ അലൻ, ഡെവോൺ കോൺവെ, ഹെൻറി നിക്കോള്‍സ്, ഡാരിൽ മിച്ചൽ‌, ടോം ലാതം (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, മൈക്കിൾ ബ്രേസ്‍വെൽ, മിച്ചൽ സാന്റ്നർ, ലോക്കി ഫെർഗൂസൺ, ജേക്കബ് ഡഫി, ബ്ലെയർ ടിക്നർ.

English Summary: India vs New Zealand ODI, Third match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com