ഇസ്‍ലാമബാദ്∙ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണു വിരാട് കോലി. കുറച്ചുകാലം ഫോമിലല്ലാതിരുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തകർപ്പൻ പ്രകടനങ്ങളാണു ഗ്രൗണ്ടിൽ പുറത്തെടുക്കുന്നത്. മൂന്ന് വര്‍ഷത്തോളം സെഞ്ചറികളില്ലാതെ ബുദ്ധിമുട്ടിയ കോലി ഏഷ്യാ കപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരെ സെഞ്ചറി തികച്ചിരുന്നു. രാജ്യാന്തര ട്വന്റി20യിൽ കോലിയുടെ ആദ്യ സെഞ്ചറി കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഏഴു ഏകദിന മത്സരങ്ങളിൽനിന്ന് മൂന്ന് സെഞ്ചറികൾ താരം സ്വന്തമാക്കി. ഏകദിനത്തിൽ മൂന്ന് സെഞ്ചറികൾ കൂടി നേടിയാൽ കൂടുതല്‍ സെഞ്ചറികളെന്ന സച്ചിന്‍ തെൻഡുൽക്കറുടെ നേട്ടത്തിനൊപ്പം കോലിയുമെത്തും. 49 ഏകദിന സെഞ്ചറികളാണു സച്ചിന്റെ പേരിലുള്ളത്.
വിരാട് കോലിയേക്കാളും മികച്ച താരമാണു താനെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. ലിസ്റ്റ് എ ക്രിക്കറ്റിൽ തന്റെ നേട്ടങ്ങൾ വിരാട് കോലിയുടേതിനേക്കാൾ മുകളിലാണെന്നാണ് പാക്കിസ്ഥാൻ ബാറ്ററുടെ വാദം. പാക്കിസ്ഥാനു വേണ്ടി 16 ടെസ്റ്റുകളും ഏഴ് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മൻസൂർ. 2016ലാണു താരം പാക്കിസ്ഥാൻ ദേശീയ ടീമിനായി ഒടുവിൽ കളിച്ചത്. വിരാട് കോലിയുമായി തന്നെ താരതമ്യപ്പെടുത്തുകയല്ല ലക്ഷ്യമെന്നും മൻസൂർ വ്യക്തമാക്കി.
‘‘50 ഓവർ ക്രിക്കറ്റിൽ ആദ്യ പത്തിൽ ആരൊക്കെയുണ്ടെങ്കിലും, ഞാനാണ് ഒന്നാം നമ്പര്‍. ഓരോ ആറ് ഇന്നിങ്സിലും ഒരു സെഞ്ചറി നേടുന്ന വിരാട് കോലി എനിക്കു പിന്നിലാണ്. ഞാൻ കളിച്ച ഓരോ 5.68 ഇന്നിങ്സിലും സെഞ്ചറി ഉറപ്പാക്കിയിട്ടുണ്ട്. അത് ലോക റെക്കോർഡാണ്. കഴിഞ്ഞ പത്തു വർഷമായി എന്റെ സ്കോർ ശരാശരി 53 ആണ്. ലിസ്റ്റ് എ ക്രിക്കറ്റ് പരിഗണിച്ചാൽ ലോകത്തെ മികച്ച അഞ്ചാമത്തെ താരമാണു ഞാൻ.’’– മൻസൂർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
ആഭ്യന്തര ക്രിക്കറ്റിൽ തിളങ്ങിയിട്ടും തന്നെ സിലക്ടര്‍മാർ തഴയുകയാണെന്നും മൻസൂർ ആരോപിച്ചു. ‘‘അവസാന 48 ഇന്നിങ്സുകളിൽനിന്ന് ഞാൻ 24 സെഞ്ചറികൾ നേടി. 2015 മുതൽ ഇങ്ങോട്ട്, പാക്കിസ്ഥാനു വേണ്ടി ആരൊക്കെ ഓപ്പണ്‍ ചെയ്തിട്ടുണ്ടോ, അവർക്കും മുകളിലാണ് എന്റെ സ്കോർ. പാക്കിസ്ഥാന്റെ ട്വന്റി20 മത്സരങ്ങളിലെ ടോപ് സ്കോററും ഞാനാണ്. എന്നിട്ടും അവരെന്നെ ഒഴിവാക്കുകയാണ്.’’– പാക്കിസ്ഥാൻ താരം പ്രതികരിച്ചു.
English Summary: Virat Kohli Is Behind Me: Pakistani Batter Makes Stunning Claim