അർഷ്ദീപിന് ‘നോബോൾ’ റെക്കോർഡ്; നിരാശയോടെ ഹാർദിക്: ‘വെറുതെ ഊർജം പാഴാക്കുന്നു’

Arshdeep-Singh-Hardik-Pandya-28
അർഷ്‌ദീപ് സീങ് മത്സരത്തിനിടെ (ഇടത്), അവസാന ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ വിവിധ ഭാവങ്ങൾ (വലത്)
SHARE

റാഞ്ചി∙ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡുമായി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ വഴങ്ങുന്ന നോബോളുകളുടെ എണ്ണം 15 ആക്കി ഉയർത്തിയാണ് അർഷ്‌ദീപ് സിങ് റെക്കോർഡിട്ടത്. ഇന്നലെ ന്യൂസീലൻഡിനെതിരെ റാഞ്ചിയിൽ നടന്ന ആദ്യ ട്വന്റി20 മത്സരത്തിന്റെ അവസാന ഓവറിലാണ് അർഷ്ദീപ് നോബോൾ വഴങ്ങിയത്.

വെറും 24 മത്സരങ്ങളിലാണ് അർഷ്ദീപ് 15 നോബോളുകൾ എറിഞ്ഞത്. ഈ മാസം ആദ്യം നടന്ന ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിൽ അർഷ്ദീപ്, ഹാട്രിക് നോബോൾ വഴങ്ങിയിരുന്നു. 11 നോബോളുകൾ എറിഞ്ഞ പാക്ക് ബോളർ ഹസൻ അലിയാണ് രണ്ടാം സ്ഥാനത്ത്. ട്വന്റി20യിൽ ഇന്ത്യയ്ക്കായി കൂടുതൽ നോബോളുകൾ‌ വഴങ്ങിയതിന്റെ നാണക്കേടും അർഷ്‌ദീപിന്റെ പേരിലാണ്. 60 മത്സരങ്ങൾക്കിടെ 8 നോബോൾ വഴങ്ങിയ ബുമ്രയാണ് പട്ടികയിൽ രണ്ടാമത്.

ന്യൂസീലൻഡിനെതിരായ ആദ്യ ട്വന്റി20യിൽ, ഇരുപതാം ഓവറിൽ ഹാട്രിക് സിക്സറുകൾ അടക്കം 27 റൺസ് അർഷ്ദീപ് വിട്ടുകൊടുക്കുകയും ചെയ്തു. 19 ഓവർ പൂർത്തിയായപ്പോൾ 149 റൺസായിരുന്നു കിവീസ് സ്കോർ ബോർഡിൽ. അർഷദീപിന്റെ ഓവർ കഴിഞ്ഞപ്പോൾ സ്കോർ 176ൽ എത്തി. ഓവറിനിടെ പല തവണ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, അർഷ്ദീപിന്റെ അടുത്തെത്തി നിർദേശങ്ങൾ നൽകുന്നുണ്ടായിരുന്നു. സിസ്കറുകൾ പറന്നപ്പോൾ നിരാശയോടെയുള്ള ഹാർദിക്കിന്റെ വ്യത്യസ്ത ഭാവങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

മത്സരം 21 റൺസിന് ഇന്ത്യ തോറ്റതോടെ അർഷ്ദീപിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ രൂക്ഷവിമർശനമുണ്ട്. ചില മുൻ ഇന്ത്യൻ താരങ്ങളും അർഷ്ദീപിനെതിരെ രംഗത്തെത്തി. നോബോൾ പിഴവുകൾ തിരുത്താൻ അർഷ്ദീപ് തന്റെ റൺഅപ്പ് കുറയ്ക്കുന്ന കാര്യം പരിഗണിക്കേണ്ടതുണ്ടെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് പറഞ്ഞു.

‘‘അർഷ്ദീപിന് ദൈർഘ്യമേറിയ റൺ-അപ്പ് ഉണ്ട്. അതിനാൽ സ്റ്റെപ്പിങ് പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. അദ്ദേഹം അവിടെ വെറുതെ ഊർജം പാഴാക്കുകയാണ്. ഓവർ-സ്റ്റെപ്പ് നോബോളുകൾക്ക് പിന്നിലെ പ്രധാനകാരണം അദ്ദേഹത്തിന്റെ ലോങ് റൺഅപ്പാണ്. അതിനാൽ അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധിക്കുകയും അൽപം വിശ്രമിക്കുകയും വേണം. അർഷ്ദീപ് മികച്ച ബോളറാണ്.’’– മുഹമ്മദ് കൈഫ് പറഞ്ഞു.

English Summary: Repeated No Ball Offences by Arshdeep Singh

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാന്‍ ഈ പണി നിര്‍ത്തണോയെന്ന് ആലോചിച്ചു!

MORE VIDEOS