ADVERTISEMENT

പൊച്ചെഫ്സ്ട്രൂം (ദക്ഷിണാഫ്രിക്ക) ∙ അടുത്തമാസം ഇതേ വേദിയിൽ നടക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ്, ഒക്ടോബറിൽ നാട്ടിൽ നടക്കുന്ന ഏകദിന പുരുഷ ലോകകപ്പ്; ലോക ക്രിക്കറ്റിൽ വലിയ പോരാട്ടങ്ങൾക്കൊരുങ്ങുന്ന സീനിയേഴ്സിന് കപ്പിലേക്കുള്ള വഴികാണിച്ചുകൊടുത്ത് ഇന്ത്യയുടെ കൗമാരപ്പട. ഷെഫാലി വർമയുടെ നേതൃത്വത്തിലുള്ള അണ്ടർ 19 ടീം പൊരുതി നേടിയ വിജയം കിരീട നഷ്ടങ്ങളുടെ മോഹഭംഗങ്ങളേറെയുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റിന് ഊർജമേകുന്നതാണ്. 2005, 2017 ഏകദിന ലോകകപ്പുകളിലും 2020 ട്വന്റി20 ലോകകപ്പിലും ഫൈനലിലെത്തിയ ഇന്ത്യൻ വനിതാ സീനിയർ ടീമിന് കപ്പ് നേടാനായിരുന്നില്ല, 

ടീം മികവിനൊപ്പം ഒരുകൂട്ടം താരങ്ങളുടെ അസാമാന്യമായ വ്യക്തിഗത പ്രകടനങ്ങളും ഇന്ത്യൻ ലോകകപ്പ് വിജയത്തിൽ നിർണായകമായി. മിക്ക മത്സരങ്ങളിലും ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുന്തൂണായത് ഓപ്പണർ ശ്വേത സെറാവത്താണ്. 297 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായ ശ്വേത 3 മത്സരങ്ങളിൽ അർധ സെ‍ഞ്ചറി നേടി. 99 റൺസാണ് ടൂർണമെന്റിൽ ശ്വേതയുടെ ബാറ്റിങ് ശരാശരി. ക്യാപ്റ്റനും ഇന്ത്യൻ സീനിയർ ടീം അംഗവുമായ ഷെഫാലി വർമ 172 റൺസുമായി ടോപ് സ്കോറർ പട്ടികയിൽ മൂന്നാംസ്ഥാനത്താണ്. 

പേസർ ടൈറ്റസ് സാധു, സ്പിന്നർമാരായ പർഷവി ചോപ്ര, അർച്ചനാ ദേവി എന്നിവരാണ് 2 വിക്കറ്റുകൾ വീതം നേടി ഫൈനലിൽ തിളങ്ങിയത്. ടൂർണമെന്റിൽ ഇന്ത്യൻ ബോളിങ് ആക്രമണം നയിച്ച ലെഗ് സ്പിന്നർ പർഷവി ചോപ്ര 2 മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് ആയി. 11 വിക്കറ്റുകൾ വീഴ്ത്തിയ പർഷവി വിക്കറ്റ് വേട്ടയിൽ‌ രണ്ടാം സ്ഥാനത്താണ്. ജുലൻ ഗോസ്വാമിക്ക് ശേഷം മികച്ചൊരു പേസ് ബോളറെ തേടുന്ന ഇന്ത്യയുടെ പുതിയ കണ്ടെത്തലാണ് ടൈറ്റസ് സാധു. ഫൈനലിൽ ഇന്ത്യയ്ക്കു വേണ്ടി ഇറങ്ങിയ ഒരേയൊരു പേസർ സാധുവാണ്. 4 ഓവറിൽ 6  റൺസ് മാത്രം വഴങ്ങി 2 വിക്കറ്റെടുത്ത പ്രകടനത്തിലൂടെ ബംഗാളിൽ നിന്നുള്ള ഈ പതിനെട്ടുകാരി ഫൈനലിലെ പ്ലെയർ ഓഫ് ദ് മാച്ചായി. 

വിവിധ പ്രായ വിഭാഗങ്ങളിലായി ഇന്ത്യയുടെ  പത്താം ലോകകപ്പ് ക്രിക്കറ്റ് കിരീടമാണ് ഇത്. ഇതിൽ ഒൻപതും പുരുഷ വിഭാഗങ്ങളിലാണ്.

പുരുഷ ഏകദിന ലോകകപ്പ്: 1983, 2011

പുരുഷ ട്വന്റി20 ലോകകപ്പ്: 2007

അണ്ടർ 19 പുരുഷ ലോകകപ്പ് : 2000, 2008, 2012, 2018, 2022

അണ്ടർ 19 വനിതാ ലോകകപ്പ്: 2023

അണ്ടർ 15 പുരുഷ ലോകകപ്പ്: 1966

ഇന്ത്യൻ ടീമിന് നീരജിന്റെ ‘ക്ലാസ്’

ഫൈനൽ മത്സരത്തിന്റെ തലേന്ന് ഇന്ത്യൻ ടീമംഗങ്ങളെ സന്ദർശിക്കാൻ ഒരു അതിഥിയെത്തി. ദക്ഷിണാഫ്രിക്കയിൽ പരിശീലനം നടത്തിവരുന്ന ഇന്ത്യൻ ജാവലിൻത്രോ സൂപ്പർതാരം നീരജ് ചോപ്ര. ടീമംഗങ്ങൾക്കൊപ്പം സമയം ചെലവിട്ട് അവരെ പ്രചോദിപ്പിച്ച നീരജ് നിർണായക മത്സരങ്ങൾക്കിറങ്ങുമ്പോൾ‌ സമ്മർദങ്ങളെ എങ്ങനെ അതിജീവിക്കണമെന്നതിൽ ഉപദേശവും നൽകി. ഫൈനൽ മത്സരം കാണാൻ സ്റ്റേഡിയത്തിലും നീരജ് എത്തിയിരുന്നു. 

ഇന്ത്യൻ ടീമിന് 5 കോടി 

ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് ബിസിസിഐ സെക്രട്ടറി ജയ്‌ഷാ 5 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ബുധനാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഇന്ത്യ– ന്യൂസീലൻഡ് മൂന്നാം ട്വന്റി20 മത്സരം കാണാൻ വനിതാ ടീമിനെ ക്ഷണിക്കുകയും ചെയ്തു.

അർച്ചന ദേവിയുടെ ഡൈവിങ് ക്യാച്ച്
അർച്ചന ദേവിയുടെ ഡൈവിങ് ക്യാച്ച്

വാട്ട് എ ക്യാച്ച്!

ഫൈനലിൽ ഇന്ത്യൻ വിജയത്തിൽ നിർണായകമായി അർച്ചന ദേവിയുടെ ഡൈവിങ് ക്യാച്ച്. ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ റെയ്ന മക്ഡൊണാൾഡിനെ (19) അർ‌ച്ചന പുറത്താക്കിയത് എക്സ്ട്രാ കവറിലെ ഒറ്റക്കയ്യൻ ക്യാച്ചിലൂടെ. 

English Summary: India beat England to win the inaugural Women’s U19 T20 World Cup title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com