ADVERTISEMENT

ലോകകപ്പ് ട്രോഫി പോലെ അത്ര തിളക്കം നിറഞ്ഞതല്ല പ്രഥമ അണ്ടർ 19 വനിതാ ലോകകപ്പ് നേടിയ ഇന്ത്യൻ കൗമാരപ്പടയിലെ താരങ്ങളുടെ ജീവിതം. ജീവിതത്തിലും കരിയറിലും ഇവർ നേരിടേണ്ടി വന്നത് പ്രതിസന്ധികളുടെ ബൗൺസറുകളും നോബോളുകളും. എന്നാൽ ദക്ഷിണാഫ്രിക്കയിലെ പിച്ചുകളിൽ എതിർ ടീമുകളെ സധൈര്യം നേരിട്ട രീതിയിൽ തന്നെ ഇവർ ജീവിതത്തിലെ തിരിച്ചടികളെയും തോൽപിച്ചു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങളിൽ മിക്കവരുടെയും പേരുകൾ ക്രിക്കറ്റ് ആരാധകർ ആദ്യമായി കേൾക്കുകയാണെങ്കിലും ലോകകപ്പ് എന്ന ലക്ഷ്യത്തിലേക്ക് ഇവർ ആദ്യപടി വച്ചു തുടങ്ങിയത് വർഷങ്ങൾക്കു മുൻപേ. 

പർഷവി ചോപ്ര (16)

ലെഗ് സ്പിന്നർ,ഉത്തർപ്രദേശ്

സ്കേറ്റിങ്ങായിരുന്നു പർഷവി ചോപ്രയുടെ പ്രിയ ഇനം. ക്രിക്കറ്റ് കാണുമായിരുന്നെന്ന് മാത്രം. പ്രാദേശിക ക്ലബ്ബിലൂടെയാണ് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നത്. സംസ്ഥാന ടീമിൽ ഇടം പിടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം വട്ടം സ്ഥാനം ഉറപ്പിച്ചു. കഴിഞ്ഞ നവംബറിലാണ് ഇന്ത്യൻ ടീമിൽ ഇടം കിട്ടിയത്. ലോകകപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം. 6 മത്സരങ്ങളിലായി 11 വിക്കറ്റ് നേടി.

പർഷവി ചോപ്ര
പർഷവി ചോപ്ര

അർച്ചന ദേവി (18)

ഓഫ് സ്പിന്നർ,ഉത്തർപ്രദേശ്

അർച്ചനയ്ക്ക് 4 വയസ്സ് ഉള്ളപ്പോൾ പിതാവ് കാൻസർ ബാധിച്ചു മരിച്ചു. കുട്ടിക്കാലത്ത് ക്രിക്കറ്റ് കളിക്കവേ അർച്ചന അടിച്ച പന്ത് തിരയുന്നതിനിടയിൽ സഹോദരൻ പാമ്പുകടിയേറ്റു മരിച്ചു. ഈ സംഭവങ്ങൾക്ക് കാരണം അർച്ചനയുടെ മാതാവ് സാവിത്രീ ദേവിയാണെന്നും അവർ ദുർമന്ത്രവാദിനിയാണെന്നും വിശ്വസിച്ച അയൽക്കാർ അർച്ചനയുടെ കുടുംബത്തെ ഒറ്റപ്പെടുത്തി. ഈ സാഹചര്യങ്ങൾ അതിജീവിച്ചാണ് അർച്ചന ക്രിക്കറ്റ് താരമായത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ 2 മുൻനിര വിക്കറ്റുകളാണ് അർച്ചന നേടിയത്.

അർച്ചന ദേവി
അർച്ചന ദേവി

ശ്വേത സെറാവത്ത് (18)

ഓപ്പണിങ് ബാറ്റർ, ഡൽഹി

‘സർ, പ്ലസ്ടു പരീക്ഷ ആയതിനാൽ ക്യാംപിന്റെ ആദ്യ ദിനങ്ങളിൽ പങ്കെടുക്കാൻ സാധിക്കില്ല. പരീക്ഷ കഴിഞ്ഞയുടൻ ക്യാംപിൽ ചേരാൻ അനുവദിക്കണം’– നാഷനൽ ക്രിക്കറ്റ് അക്കാദമിയിൽ 2021ൽ സിലക്‌ഷൻ ലഭിച്ചപ്പോൾ ക്യാംപ് ചീഫ് വി.വി.എസ്.ലക്ഷ്മണിന് ശ്വേത സെറാവത്ത് അയച്ച കത്താണിത്. ക്യാംപിന്റെ രണ്ടാം പകുതിയിൽ എത്താൻ ലക്ഷ്മൺ നിർദേശിച്ചു. അതിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറന്നത്. ലോകകപ്പിൽ 297 റൺസ് നേടി ടോപ് സ്കോററായി.

ശ്വേത സെറാവത്ത്
ശ്വേത സെറാവത്ത്

ഷെഫാലി വർമ (19)

ഓപ്പണിങ് ബാറ്റർ, ഹരിയാന

ഇന്ത്യൻ ക്യാപ്റ്റൻ ഷെഫാലി വർമയുടെ ഹെയർകട്ടിനു പിന്നിലൊരു കഥയുണ്ട്. ഹരിയാനയിലെ റോത്തക്കിൽ ജനിച്ച ഷെഫാലിയെ പെൺകുട്ടിയാണെന്ന കാരണത്താൽ പ്രാദേശിക ക്ലബ്ബുകൾ ക്രിക്കറ്റ് പരിശീലനത്തിൽ പങ്കെടുപ്പിച്ചിരുന്നില്ല. ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് പിതാവ് സഞ്ജീവ് വർമ ഷെഫാലിയുടെ മുടി മുറിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിൽ അർധ സെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമെന്ന സച്ചിൻ തെൻഡുൽക്കറുടെ  റെക്കോർഡ് 15 വർഷവും 285 ദിവസവും പ്രായമുള്ളപ്പോൾ ഷെഫാലി മറികടന്നു.

ഷെഫാലി വര്‍മ
ഷെഫാലി വര്‍മ

ടൈറ്റസ് സാധു (19 )

മീഡിയം പേസർ,ബംഗാൾ

ടൈറ്റസ് സാധു ഏറ്റവും ഒടുവിൽ പരീക്ഷിച്ച കായിക ഇനമാണ് ക്രിക്കറ്റ്. അത്‌ലറ്റിക്സിലെ സ്പ്രിന്റ് ഇനങ്ങളിലൂടെയായിരുന്നു സ്പോർട്സിലേക്കുള്ള വരവ്. പിന്നീട് നീന്തൽ താരമായി. അതിനു ശേഷം ടേബിൾ ടെന്നിസ്. ക്രിക്കറ്റിലെ അരങ്ങേറ്റം ബാറ്ററുടെ റോളിലായിരുന്നു. പരിശീലനത്തിനിടെ പന്തെറിയാൻ ആളില്ലാതിരുന്നപ്പോളാണ് ടൈറ്റസ് ആദ്യമായി ബോൾ ചെയ്യുന്നത്. ലോകകപ്പ് ഫൈനലിൽ 4 ഓവറിൽ 6 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി പ്ലെയർ ഓഫ് ദ് മാച്ച് ആയതിൽ എത്തി നിൽക്കുന്നു ആ യാത്ര.

ടൈറ്റസ് സാധൂ
ടൈറ്റസ് സാധൂ

മലയാളിത്തിളക്കമായി നജ്‌ല

വിശ്വവിജയം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ മലയാളിത്തിളക്കമായി മലപ്പുറം തിരൂർ സ്വദേശി സി.എം.സി നജ്‌ല. വെട്ടം മുറിവഴിക്കലിൽ ചാത്തേരി വീട്ടിൽ സി.എം.സി.നൗഷാദ്– മുംതാസ് ദമ്പതികളുടെ മകളാണ്. ഫുട്ബോളും തയ്ക്വാൻഡോയുമായിരുന്നു നജ്‌ലയുടെ ആദ്യ കായിക ഇഷ്ടങ്ങൾ. ആറാം വയസ്സിൽ സഹോദരനോടൊപ്പം വീടിനു സമീപത്തെ പാടത്തായിരുന്നു ‘ക്രിക്കറ്റ് അരങ്ങേറ്റം’. ആ ആത്മവിശ്വാസം വച്ചാണ് അണ്ടർ 12 സംസ്ഥാന ടീമിന്റെ സിലക്‌ഷൻ ക്യാംപിലേക്കു പോയത്. ടീമിൽ ഇടം കിട്ടിയതു വഴിത്തിരിവായി. അണ്ടർ 14, 16, 19 സംസ്ഥാന ടീം ക്യാപ്റ്റനായിരുന്നു ഓൾ റൗണ്ടറായിരുന്ന നജ്‍ല. ചാലഞ്ചർ ട്രോഫിയിലെ മികച്ച പ്രകടനമാണ് ലോകകപ്പ് ടീമിൽ റിസർവ് താരമാകാൻ അവസരമൊരുക്കിയത്. സെയ്തുമുഹമ്മദ്, നൗഫീല എന്നിവർ സഹോദരങ്ങളാണ്.

നജ്‍ല
നജ്‍ല

English Summary: India Under 19 Women's Team Players, Life and Career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com