ADVERTISEMENT

ലക്നൗ∙ ഇന്ത്യ- ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള പിച്ച് തയാറാക്കിയ ക്യുറേറ്റർ സുരേന്ദർ കുമാറിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടു. മത്സരത്തിൽ ഒരു പന്തു ബാക്കി നിൽക്കെ ഇന്ത്യ വിജയിച്ചെങ്കിലും പിച്ചിനെതിരെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയടക്കം രൂക്ഷഭാഷയിലാണു വിമർശനം ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണു നടപടി. പിച്ചൊരുക്കിയ ക്യുറേറ്ററെ മാറ്റി, പരിചയ സമ്പന്നനായ സഞ്ജീവ് കുമാർ അഗർവാളിനെ പകരം നിയമിച്ചതായി ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

‘‘സ്റ്റേഡിയത്തിൽ നേരത്തേ ആഭ്യന്തര മത്സരങ്ങൾ ഒരുപാടു നടത്തിയിട്ടുണ്ട്. പിച്ച് കൂടുതലായി മത്സരങ്ങൾക്ക് ഉപയോഗിച്ചതും, മോശം കാലാവസ്ഥയുമാണു പ്രശ്നങ്ങൾക്കു കാരണം. പുതിയ വിക്കറ്റുണ്ടാക്കാനുള്ളത്രയും സമയവും ലഭിച്ചില്ല.’’– യുപി ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധി പറഞ്ഞു. ബംഗ്ലദേശിൽ ക്രിക്കറ്റ് പിച്ചുകൾ നിർമിച്ചു പരിചയമുള്ളയാളാണ് സഞ്ജീവ് കുമാർ അഗർവാൾ.

ബിസിസിഐയുടെ മുതിർന്ന ക്യുറേറ്റർ തപോഷ് ചാറ്റർജിയോടൊപ്പം സഞ്ജീവ് കുമാർ പ്രവർത്തിക്കും. ഇന്ത്യ– ന്യൂസീലന്‍ഡ് പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച അഹമ്മദാബാദിൽ നടക്കും. ട്വന്റി20 പരമ്പരയിലെ രണ്ടു പിച്ചുകളും മോശമാണെന്നായിരുന്നു ഹാര്‍ദിക് പാണ്ഡ്യ മത്സര ശേഷം പ്രതികരിച്ചത്. ‘‘രണ്ടു പിച്ചുകളും ട്വന്റി20ക്കു യോജിക്കുന്നതല്ല. ക്യുറേറ്റർമാർക്കു പിഴവു പറ്റിയിട്ടുണ്ട്. നേരത്തേ തയാറാക്കിയ പിച്ചായതുകൊണ്ടായിരിക്കാം പ്രശ്നങ്ങളുണ്ടായത്.’’– ഹാർദിക് പാണ്ഡ്യ പറഞ്ഞു. 

രണ്ടാം ട്വന്റി20യിൽ ആദ്യം ബാറ്റു ചെയ്ത കിവീസ് 99 റൺസാണ് ആകെ നേടിയത്. മറുപടി ബാറ്റിങ്ങിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 19.5 ഓവറിൽ ഇന്ത്യ വിജയിച്ചു. റാഞ്ചിയിൽ നടന്ന ആദ്യ മത്സരത്തിൽ കിവീസ് 21 റൺസിനു വിജയിച്ചിരുന്നു.

English Summary: India vs New Zealand: Lucknow Pitch Curator Sacked: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com