മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ വാർഷിക കരാറിൽ ഇത്തവണ മലയാളി താരം സഞ്ജു സാംസണും ഇടം പിടിച്ചേക്കുമെന്ന സൂചന. രാജ്യാന്തര ക്രിക്കറ്റിൽ ശ്രദ്ധേയമായ പ്രകടനം പുറത്തെടുത്ത സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ഉമ്രാൻ മാലിക്ക് എന്നിവരെ ഇത്തവണ വാർഷിക കരാറിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. അഞ്ച് വർഷമായി ശമ്പളം വർധിപ്പിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ, ഇത്തവണ വിവിധ സ്ലാബുകളിൽ വർധനവ് വരുത്തുന്ന കാര്യവും ബിസിസിഐ പരിഗണിക്കുന്നതായാണ് വിവരം. ഫെബ്രുവരിയിലാണ് ബിസിസിഐ വാർഷിക കരാർ പുതുക്കുന്നത്.
ട്വന്റി20 ടീമിന്റെ നായകനായി നിയോഗിക്കപ്പെട്ട ഹാർദിക് പാണ്ഡ്യ, ട്വന്റി20 ഫോർമാറ്റിൽ മിന്നുന്ന പ്രകടനം തുടരുന്ന സൂര്യകുമാർ യാദവ്, ഏകദിനത്തിലെ മിന്നും താരം ശുഭ്മാൻ ഗിൽ എന്നിവർക്ക് ഇത്തവണ കരാറിൽ വൻ മുന്നേറ്റമുണ്ടാകുമെന്നാണ് വിവരം.
‘ഇത്തവണ പല മാറ്റങ്ങളും ബിസിസിഐ പരിഗണിക്കുന്നുണ്ട്. സാധാരണ ഗതിയിൽ അഞ്ച് വർഷം കൂടുമ്പോൾ ശമ്പളം വർധിപ്പിക്കാറുണ്ട്. നമ്മുടെ താരങ്ങൾ ശമ്പള വർധനവ് അർഹിക്കുന്നുണ്ട് എന്നതാണ് വാസ്തവം. കൂടുതൽ മത്സരങ്ങൾ കളിക്കുന്ന സാഹചര്യത്തിൽ അവർക്ക് ശമ്പളം കൂട്ടി നൽകുന്നതാണ് ശരിയായ നടപടി. ഇക്കാര്യത്തിൽ ബിസിസിഐയിലെ എല്ലാവരുടെയും കൂട്ടായ തീരുമാനം വേണ്ടിവരും’ – ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇൻസൈഡ്സ്പോർട്’ റിപ്പോർട്ട് ചെയ്തു.
നിലവിൽ എ പ്ലസ്, എ, ബി, സി എന്നിങ്ങനെ നാലു സ്ലാബുകളിലായാണ് ബിസിസിഐ താരങ്ങളെ വാർഷിക കരാറിൽ ഉൾപ്പെടുത്തുന്നത്. ഏറ്റവും ഉയർന്ന എ പ്ലസ് ഗ്രേഡിലുള്ള താരങ്ങളുടെ വാർഷിക പ്രതിഫലം ഏഴു കോടി രൂപയാണ്. ഇത് 10 കോടിയാക്കി ഉയർത്തുന്നതാണ് പരിഗണനയിൽ. നിലവിൽ അഞ്ച് കോടി പ്രതിഫലമുള്ള എ ഗ്രേഡിലുള്ളവർക്ക് അഞ്ച് കോടിയെന്നത് ഏഴു കോടിയായും ബി ഗ്രേഡിലെ മൂന്നു കോടി അഞ്ച് കോടിയായും സി ഗ്രേഡിലെ ഒരു കോടി മൂന്നു കോടിയായും ഉയർത്തുന്നതാണ് പരിഗണനയിൽ.
നിലവിൽ ഗ്രേഡ് സിയിലുള്ള ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവർക്ക് ഗ്രേഡ് എയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, കഴിഞ്ഞ ഒരു വർഷത്തിനിടെ ടീമിൽനിന്ന് ഏറെക്കുറെ പുറത്തായ അജിൻക്യ രഹാനെ, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, വൃദ്ധിമാൻ സാഹ, ശിഖർ ധവാൻ തുടങ്ങിയ താരങ്ങൾക്ക് വാർഷിക കരാറിൽ തിരിച്ചിറക്കത്തിനും സാധ്യതയേറെയാണ്.
ഇന്ത്യൻ താരങ്ങളുടെ നിലവിലെ കരാറുകൾ ഇങ്ങനെ:
∙ ഗ്രേഡ് എ പ്ലസ്: 7 കോടി
രൂപ വിരാട് കോലി, രോഹിത് ശർമ, ജസ്പ്രീത് ബുമ്ര
∙ ഗ്രേഡ് എ: 5 കോടി
രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ, കെ.എൽ.രാഹുൽ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്
∙ ഗ്രേഡ് ബി: 3 കോടി
ചേതേശ്വർ പൂജാര, അജിൻക്യ രഹാനെ, അക്ഷർ പട്ടേൽ, ഷാർദുൽ ഠാക്കൂർ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, ഇഷാന്ത് ശർമ
∙ ഗ്രേഡ് സി: ഒരു കോടി
ശിഖർ ധവാൻ, ഉമേഷ് യാദവ്, ഭുവനേശ്വർ കുമാർ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ, ശുഭ്മൻ ഗിൽ, ഹനുമ വിഹാരി, യുസ്‌വേന്ദ്ര ചെഹൽ, സൂര്യകുമാർ യാദവ്, വൃദ്ധിമാൻ സാഹ, മയാങ്ക് അഗർവാൾ, ദീപക് ചാഹർ
English Summary: BCCI in discussion over salary hike of Rohit Sharma & Co, announcement of new contracts in February