ADVERTISEMENT

അഹമ്മദാബാദ് ∙ ന്യൂസീലൻഡ് ബാറ്റർമാർ ബാറ്റിങ്ങിന് ഇറങ്ങുന്നു, ഔട്ടാകുന്നു, ഇറങ്ങുന്നു, ഔട്ടാകുന്നു.. റിപ്പീറ്റ്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലുള്ള അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ കിവീസ് ഇന്നിങ്സിലെ കാഴ്ച ഇതായിരുന്നു. മൂന്നാം ട്വന്റ്ി20യിൽ ഇന്ത്യ ഉയർത്തിയ 235 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡ് 12.1 ഓവറിൽ വെറും 66 റൺസിന് പുറത്തായി. ഇന്ത്യയ്ക്ക് 168 റൺസിന്റെ വമ്പൻ ജയം. മൂന്നു മത്സരങ്ങളടക്കിയ ട്വന്റി20 പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കുകയും ചെയ്തു.

നാല് വിക്കറ്റ് വീഴ്ത്തി മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് കിവീസ് ഇന്നിങ്സിന്റെ നട്ടല്ലൊടിച്ചത്. അഞ്ചാമനായി ഇറങ്ങി, 25 പന്തിൽനിന്ന് 35 റൺസെടുത്ത് ഡാരിൽ മിച്ചൽ മാത്രമാണ് കിവീസ് ബാറ്റർമാരിൽ അൽപമെങ്കിലും പൊരുതിയത്. മിച്ചലിനെ കൂടാതെ രണ്ടക്കം കടന്നത് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (13 പന്തിൽ 13) മാത്രം. നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്തായി.

മറുപടി ബാറ്റിങ്ങിൽ, ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഫിൻ അലന്റെ (4 പന്തിൽ 3) വിക്കറ്റ് വീഴ്ത്തി ന്യൂസീലൻഡിന് ഇന്ത്യ ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നീട് ഡ്രസിങ് റൂമിലേക്ക് കിവീസ് ബാറ്റർമാരുടെ ഘോഷയാത്രയായിരുന്നു. ഡിവോൺ കോൺവെ(2 പന്തിൽ 1), മാർക്ക് ചാപ്മാൻ (പൂജ്യം), ഗ്ലെൻ ഫിലിപ്സ് (7 പന്തിൽ 2), മൈക്കൽ ബ്രേസ്‌വെൽ (8 പന്തിൽ 8), ഇഷ് സോധി (പൂജ്യം), ലോക്കി ഫെർഗൂസൻ (പൂജ്യം), ബ്ലെയർ ടിക്‌നർ (5 പന്തിൽ 1), ബെൻ ലിസ്റ്റർ (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ഇന്ത്യയ്ക്കായി അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക്ക്, ശിവം മാവി എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.

∙ വീണ്ടും ‘ഗില്ലാട്ടം’

നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തലവിലങ്ങും സിക്സറുകൾ പാഞ്ഞു. ബാറ്റിങ് വെട്ടിക്കെട്ടിന്റെ ദൃശ്യവിരുന്നിനു കൂടുതൽ തിളക്കമേകി ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറി. മൂന്നാം ട്വന്റി20യിൽ ബാറ്റർമാരുടെ കിടിലൻ പ്രകടനത്തിന്റെ മികവിലാണ് ന്യൂസീലൻഡിനു മുൻപിൽ ഇന്ത്യ കൂറ്റൻ വിജയലക്ഷ്യമുയർത്തിത്. 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 234 റൺസാണ് ഇന്ത്യ നേടിയത്.

സെഞ്ചറി നേടി പുറത്താകാതെ നിന്ന ഓപ്പണർ ശുഭ്മാൻ ഗിൽ (63 പന്തിൽ 126*), രാഹുൽ ത്രിപാഠി (22 പന്തിൽ 44), സൂര്യകുമാർ യാദവ് (13 പന്തിൽ 24), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) എന്നിവരാണ് ഇന്ത്യയ്ക്കായി തിളങ്ങിയത്. ശുഭ്മാൻ ഗില്ലിന്റെ ആദ്യ ട്വന്റി20 സെഞ്ചറിയാണ് കിവീസിനെതിരെ നേടിയത്. രാജ്യാന്തര കരിയറിലെ ആറാം സെഞ്ചറിയും. ഇതോടെ മൂന്നു ഫോർമാറ്റിലും സെഞ്ചറി നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യൻ താരമായി ഗിൽ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേർ.

shubman-gill-nz-0102
ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ്(ബിസിസിഐ ട്വീറ്റ് ചെയ്ത ചിത്രം)

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഫോം കണ്ടെത്താൻ വിഷമിച്ച ഓപ്പണർ ഇഷാൻ കിഷൻ (2 പന്തിൽ 3) രണ്ടാം ഓവറിൽ തന്നെ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒരുമിച്ച ഗില്ലും രാഹുൽ ത്രിപാഠിയുമാണ് ഇന്ത്യൻ ഇന്നിങ്സിന് ജീവവായു പകർന്നത്. ഇരുവരും ചേർന്ന് 80 റണ്‍സാണ് കൂട്ടിച്ചേർത്തത്.

ഒൻപതാം ഓവറിൽ, ത്രിപാഠിയെ പുറത്താക്കി ഇഷ് സോധിയാണ് കൂട്ടുകെട്ട് പൊളിച്ചത്. 22 പന്തിൽ 3 സിക്സും 4 ഫോറും അടങ്ങുതായിരുന്നു രാഹുൽ ത്രിപാഠിയുടെ ഇന്നിങ്സ്. പിന്നീടെത്തിയ സൂര്യകുമാർ യാദവും വെടിക്കെട്ട് തുടർന്നു. 13–ാം ഓവറിൽ ടിക്നർ സൂര്യയെ പുറത്താക്കി. അഞ്ചാമനതായി ഇറങ്ങിയ ക്യാപ്റ്റൻ ഹാർദിക്കും ‘വെടിക്കെട്ട് നയം’ തുടർന്നതോടെ ഇന്ത്യൻ സ്കോർ ബോർഡ് കുതിച്ചു. അവസാനം ഓവറിലാണ് ഹാർദിക് പുറത്തായത്. ദീപക് ഹൂഡ (2 പന്തിൽ 2*) പുറത്താകാതെ നിന്നു.

∙ ടോസ് ഇന്ത്യയ്ക്ക്

ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചെഹലിനു പകരം പേസർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തി. അഹമ്മദാബാദിലേത് സ്പിൻ പിച്ചല്ലാത്തതിനാലാണ് ഇത്. അതേസമയം നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ ഓപ്പണർ പൃഥ്വി ഷായ്ക്ക് ഇന്നും പ്ലേയിങ് ഇലവനിൽ സ്ഥാനം ലഭിച്ചില്ല. ന്യൂസീലൻഡ് ടീമിൽ ജേക്കബ് ഡഫിക്കു പകരം ബെൻ‌ ലിസ്റ്റർ ടീമിലിടം പിടിച്ചു.

∙ പ്ലേയിങ് ഇലവൻ

ഇന്ത്യ: ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), രാഹുൽ ത്രിപാഠി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ദീപക് ഹൂഡ, വാഷിങ്ടൻ സുന്ദർ, ശിവം മാവി, കുൽദീപ് യാദവ്, ഉമ്രാൻ മാലിക്ക്, അർഷ്ദീപ് സിങ്

ന്യൂസീലൻഡ്: ഫിൻ അലൻ, ഡിവോൺ കോൺവെ (വിക്കറ്റ് കീപ്പർ), മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്നർ (ക്യാപ്റ്റൻ), ഇഷ് സോധി, ബെൻ ലിസ്റ്റർ, ലോക്കി ഫെർഗൂസൻ, ബ്ലെയർ ടിക്‌നർ

English Summary: India vs New Zealand, 3rd T20I - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com