തഴഞ്ഞിട്ടിട്ടും ഇന്ന് ഒന്നാം നമ്പർ ട്വന്റി20 ബാറ്ററായില്ലേ? സൂര്യയാണെന്റെ മാതൃക: സർഫറാസ്

sarfaraz-suryakumar
ഇറാനി ട്രോഫിയിൽ സർഫറാസ് ഖാന്റെ സെഞ്ചറി നേട്ടത്തെ അഭിനന്ദിച്ച് സൂര്യകുമാർ യാദവ് ട്വീറ്റ് ചെയ്ത ചിത്രം
SHARE

മുംബൈ ∙ ദീർഘകാലം രാജ്യാന്തര ക്രിക്കറ്റിൽ അവസരം കിട്ടാതെ കാത്തിരുന്ന്, ഒടുവിൽ കിട്ടിയ അവസരം മുതലെടുത്ത് ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായി മാറിയ സൂര്യകുമാർ യാദവാണ് തന്റെ മാതൃകയെന്ന് യുവതാരം സർഫറാസ് ഖാൻ. ഇന്ത്യൻ ടീമിൽനിന്ന് തുടർച്ചയായി തഴയപ്പെടുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് സർഫറാസ് ഖാന്റെ പ്രതികരണം. രഞ്ജി ട്രോഫിയിൽ കുറച്ചുകാലമായി മിന്നുന്ന ഫോമിൽ കളിക്കുന്ന സർഫറാസ് ഖാനെ, ഇത്തവണ ഓസ്ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലും പരിഗണിച്ചിരുന്നില്ല. ഇത് വിവാദമായതിനു പിന്നാലെയാണ് സൂര്യകുമാർ യാദവാണ് തന്റെ മാതൃകയെന്ന സർഫറാസിന്റെ തുറന്നുപറച്ചിൽ.

‘‘വിധിയുണ്ടെങ്കിൽ എന്റെ സമയവും വരുമെന്നാണ് വിശ്വാസം. സൂര്യയാണ് ഇപ്പോൾ എന്റെ വഴികാട്ടി. അദ്ദേഹത്തിന്റെ വാക്കുകൾ ഞാൻ വിശ്വസിക്കുന്നു. ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് എന്റെ കൈകളിലല്ല. ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ കളിക്കുന്നത്. അത് അങ്ങനെ തന്നെ തുടരും. ഇപ്പോൾ ഞാൻ മുന്നിൽ ലക്ഷ്യങ്ങൾ വയ്ക്കാറില്ല. പ്രതീക്ഷകളാണ് നിരാശ നൽകുന്നതെന്നതിനാൽ, ഇപ്പോൾ പ്രതീക്ഷകളുമില്ല. ഞാൻ കഠിനാധ്വാനം ചെയ്യുന്നു, വിധിയിൽ വിശ്വസിക്കുന്നു’ – സർഫറാസ് ഖാൻ ‘ടെലഗ്രാഫി’നോടു പറഞ്ഞു.

‘സൂര്യയിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ട്. മുപ്പതാം വയസ്സു വരെ ദേശീയ ടീമിൽ അവസരം ലഭിക്കാതെ അദ്ദേഹം കാത്തിരുന്നില്ലേ? ഇപ്പോൾ ട്വന്റി20യിൽ ലോക ഒന്നാം നമ്പർ ബാറ്ററായി. സിലക്ടർമാർ അവഗണിച്ചപ്പോൾ സൂര്യ പ്രതീക്ഷ കൈവിടാതെ കഠിനാധ്വാനം ചെയ്തു. ഞാൻ സൂര്യയുമായി സ്ഥിരമായി സംസാരിക്കാരുണ്ട്. കാത്തിരിക്കാനാണ് അദ്ദേഹം പറയുന്നത്. സ്വപ്നങ്ങൾ കൈവിടാതിരിക്കാനുള്ള എന്റെ പ്രചോദനം സൂര്യയാണ്. മുംബൈ ടീമിന്റെ പരിശീലകനായ അമോൽ സാറും വലിയ പ്രോത്സാഹനമാണ് നൽകുന്നത്’ – സർഫറാസ് ഖാൻ പറഞ്ഞു.

∙ രഞ്ജി ട്രോഫിയിൽ സർഫറാസ് ഖാന്റെ പ്രകടനം ഇങ്ങനെ:

ഫസ്റ്റ് ക്ലാസ് റൺസ്: 37 കളികളിൽനിന്ന് 3505 റൺസ്

ശരാശരി: 79.65

ഉയർന്ന വ്യക്തിഗത സ്കോർ: 301*

50/100: 9/13

രഞ്ജി ട്രോഫി 2022-23: 92.66 ശരാശരിയിൽ 556 റൺസ്

രഞ്ജി ട്രോഫി 2021-22: 154.66 ശരാശരിയിൽ 928 റൺസ്

രഞ്ജി ട്രോഫി 2020-21: 122.75 ശരാശരിയിൽ 982 റൺസ്

English Summary: Sarfaraz Khan takes learning from Suryakumar Yadav

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരൂഹം ആ വരവ്, ആരാണ് അമൃത്പാൽ സിങ്?

MORE VIDEOS