പ്ലെയർ ഓഫ് ദ് ടൂർണമെന്റായതിൽ അമ്പരപ്പ്, ട്രോഫി പൃഥ്വി ഷായ്ക്ക്; 4 പരമ്പരനേട്ടവുമായി ക്യാപ്റ്റൻ ഹാർദിക്

hardik-pandya-0202
ഹാർദിക് പാണ്ഡ്യ (ഇടത്), പരമ്പര വിജയികൾക്കുള്ള ട്രോഫി പൃഥ്വി ഷായ്ക്ക് ഹാർദിക് പാണ്ഡ്യ നൽകിയപ്പോൾ (വലത്). ചിത്രങ്ങൾ: Twiiter/BCCI
SHARE

അഹമ്മദാബാദ്∙ ന്യൂസീലൻഡിനെതിരായ മൂന്നാമത്തെ ട്വന്റി20 മത്സരവും പരമ്പരയും വിജയിച്ചതിന് ശേഷം പ്ലെയർ ഓഫ് ദ് ടൂർണമെന്റായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു. ഇന്ത്യ 2-1 ന് വിജയിച്ച പരമ്പരയിൽ ഹാർദിക്കിന്റെ ശ്രദ്ധേയ പ്രകടനമെന്നത് ഇന്നലത്തെ നാലു വിക്കറ്റ് നേട്ടം മാത്രമാണ്.

എന്നാൽ പരമ്പരയിലെ എല്ലാ മത്സരങ്ങളിലും ഹാർദിക്കിന്റെ വിലപ്പെട്ട സംഭാവനകൾ ടീമിനു കരുത്തായി എന്നതാണ് വസ്തുത. പ്രത്യേകിച്ച് ക്യാപ്റ്റനെന്ന നിലയിലും പവർപ്ലേയിൽ ബോളറായും. ആദ്യ മത്സരത്തിൽ തോറ്റതോടെ പരമ്പരയിൽ പിന്നിലായി പോയ ടീമിനെ അടുത്ത രണ്ടു മത്സരങ്ങളും വിജയിപ്പിച്ചതിൽ ക്യാപ്റ്റനെന്ന നിലയിൽ ഹാർദിക്കിന്റെ അസാമാന്യ മിടുക്കുണ്ട്. ഇതുവരെ നാല് ട്വന്റി20 പരമ്പരകളിൽ ഇന്ത്യയെ നയിച്ച ഹാർദിക്, എല്ലാ പരമ്പരയും സ്വന്തമാക്കി.

കളിക്കാരുടെ ക്യാപ്റ്റനാണ് താൻ എന്നതിൽ സംശയം വേണ്ട എന്നതാണ് ഇതുവരെയുള്ള മത്സരങ്ങളിലൂടെ ഹാർദിക് പാണ്ഡ്യ തെളിയിച്ചത്. തന്റെ നേതൃത്വത്തിൽ ടീം തോൽക്കുകയാണെങ്കിൽ, അത് തന്റെ തീരുമാനങ്ങൾ കൊണ്ടാണെന്നും വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ താൻ തയാറാണെന്നും ഹാർദിക് പ്രഖ്യാപിക്കുന്നു.

‘‘എന്റെ ജീവിതത്തെക്കുറിച്ചും ക്യാപ്റ്റൻസിയെക്കുറിച്ചും എനിക്ക് വളരെ ലളിതമായ ഒരു നിയമമുണ്ട്: ഞാൻ നിരാശപ്പെട്ടാൽ, എന്റെ തീരുമാനങ്ങളിലും അതു പ്രതിഫലിക്കും. അതിനാൽ ഒടുവിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഞാൻ ഇഷ്ടപ്പെടുന്നതിനാൽ ഞാൻ സ്വന്തമായി തീരുമാനമെടുക്കുന്നു എടുക്കുന്നു. ഐ‌പി‌എൽ ഫൈനൽ കളിച്ചപ്പോൾ, രണ്ടാം ഇന്നിങ്സ് കൂടുതൽ ആസ്വദിച്ചതായി തോന്നി. സമ്മർദമുള്ള മത്സരങ്ങൾ സാധാരണ നിലയിലാക്കാൻ ആഗ്രഹിക്കുന്നു. ഈ ഘട്ടങ്ങളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.’’ – ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി20 വിജയിച്ചതിനുശേഷം ഹാർദിക്കിന്റെ വാക്കുകൾ. ട്വന്റി20 ഫോർമാറ്റിൽ മുഴുവൻ സമയ അംഗങ്ങൾ തമ്മിലുള്ള മത്സരങ്ങളിൽ റൺസ് അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയമാണ് കിവീസിനെതിരെ അഹമ്മദാബാദിൽ ഇന്ത്യ നേടിയ 168 റൺസ് ജയം.

പരമ്പര വിജയികൾക്കുള്ള ട്രോഫി ഏറ്റുവാങ്ങിയശേഷം, ഹാർദിക് പാണ്ഡ്യ ട്രോഫി കൈമാറിയത് പരമ്പരയിൽ ഒരു മത്സരത്തിൽ അവസരം ലഭിക്കാതിരുന്ന പൃഥി ഷായ്ക്ക് എന്നതും ഹാർദിക്കിലെ ക്യാപ്റ്റന്റെ ‘ഉയരം’ വ്യക്തമാക്കുന്നതായി. ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും ഏറ്റവും ആവേശഭരിതനായി പൃഥി ഷായെ കാണാൻ സാധിച്ചതും ഒരുപക്ഷേ ഹാർദിക്കിന്റെ നയപരമായ ഇടപെടലായിരിക്കു‌ം. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടശേഷവും ശുഭ്മാൻ ഗില്ലിനെയും ഇഷാൻ‌ കിഷാനെയും ഓപ്പണർമാരായി നിലനിർത്തിയതിന് ഹാർദിക്കിന് ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ഇഷാൻ ഇന്നലെയും പരാജയപ്പെട്ടെങ്കിലും, ട്വന്റി20 ഫോർമാറ്റിനുള്ള താരമല്ലെന്നു വിമർശിച്ചവരുടെ വായ് അടപ്പിക്കുന്നതായിരുന്നു ശുഭ്മാൻ ഗില്ലിന്റെ സെഞ്ചറി നേട്ടം. ക്യാപ്റ്റനെന്ന നിലയിൽ ഗില്ലിന് ഹാർദിക് നൽകിയ പിന്തുണയും പ്രോത്സാഹനവും ഇന്നലെ ക്രീസിൽ ഉൾപ്പെടെ കാണാനായി. നാലാം വിക്കറ്റിൽ ഇരുവരും ഒന്നിച്ചപ്പോൾ, ഗില്ലിന്റെ ഓരോ ഷോട്ടിനും ആഹ്ലാദം പ്രകടിപ്പിക്കുന്ന ക്യാപ്റ്റനെയാണ് ആരാധകർക്ക് കാണാനായത്. കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറിക്കൊപ്പം ട്വന്റി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും (126*) സ്വന്തമാക്കിയ ശുഭ്മൻ ഗിൽ അപരാജിതനായാണ് ക്രീസിൽനിന്നു മടങ്ങിയത്.

English Summary: Hardik Pandya takes trophy and hands it over to 'shocked' Prithvi Shaw in unexpected move after India beat NZ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചുംബിക്കുന്നതു കണ്ടാൽ പോലും പ്രശ്നമാണ്

MORE VIDEOS
FROM ONMANORAMA