ADVERTISEMENT

അഹമ്മദാബാദ് ∙ ഏകദിന തീരം വിട്ട് ട്വന്റി20യിലേക്കെത്തിയ ഗിൽ കൊടുങ്കാറ്റിനൊപ്പം ഇന്ത്യൻ പേസർമാരും ആഞ്ഞുവീശിയപ്പോൾ ന്യൂസീലൻ‌ഡ് തവിടുപൊടി. 63 പന്തിൽ പുറത്താകാതെ 126 റൺസുമായി ശുഭ്മൻ ഗിൽ തിളങ്ങിയ മൂന്നാം ട്വന്റി20യിൽ ഇന്ത്യയ്ക്ക് 168 റൺസിന്റെ കൂറ്റൻ ജയം. 235 റൺ‌സ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ ഇന്ത്യൻ പേസർമാർ 66 റൺസിനു പുറത്താക്കി. 3 മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2–1ന് സ്വന്തമാക്കി. സ്കോർ: ഇന്ത്യ–20 ഓവറിൽ 4ന് 234. ന്യൂസീലൻഡ്– 12.1 ഓവറിൽ 66.

കരിയറിലെ ആദ്യ ട്വന്റി20 സെഞ്ചറിക്കൊപ്പം ട്വന്റി20യിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും ഉയർന്ന സ്കോറും സ്വന്തമാക്കിയ ശുഭ്മൻ ഗിൽ ഇന്നലെ അപരാജിതനായാണ് ക്രീസിൽനിന്നു മടങ്ങിയത്. ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരവും അഞ്ചാമത്തെ ഇന്ത്യക്കാരനുമായി ഈ ഇരുപത്തിമൂന്നുകാരൻ. സുരേഷ് റെയ്ന, രോഹിത് ശർമ, കെ.എൽ.രാഹുൽ, വിരാട് കോലി എന്നിവരാണ് മറ്റു നാല് പേർ.

ഹൈദരാബാദിൽ നടന്ന ഒന്നാം ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ചറി നേടിയ ഇന്നിങ്സിന്റെ തനിയാവർത്തനം പോലെയായിരുന്നു അഹമ്മദാബാദില്‍ ഗില്ലിന്റെ ബാറ്റിങ്. 35 പന്തിൽ കരിയറിലെ ആദ്യ ട്വന്റി20 അർധ സെഞ്ചറി പിന്നിട്ട താരം തുടർന്ന് സെഞ്ചറി നേടാനെടുത്തത് വെറും 19 പന്തുകൾ. 12 ഫോറും 7 സിക്സും ആ ബാറ്റിൽ നിന്നു പറന്നു. സ്പിന്നർമാർക്കെതിരെ 22 പന്തുകളിൽ 29 റൺസ് മാത്രം നേടിയ ഗില്ലിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞത് കിവീസ് പേസർമാരാണ്; 38 പന്തിൽ 94 റൺസ്!

മത്സരത്തിന്റെ രണ്ടാം ഓവറിൽ ഓപ്പണർ ഇഷാൻ കിഷനെ നഷ്ടമായെങ്കിലും രാഹുൽ ത്രിപാഠിയുടെ വെടിക്കെട്ടിലൂടെ (22 പന്തിൽ 44) ഇന്ത്യ തുടക്കം ഗംഭീരമാക്കി. ഒൻപതാം ഓവറിൽ‌ ത്രിപാഠി പുറത്തായശേഷമാണ് ഗിൽ അടി തുടങ്ങിയത്. ആദ്യ 30 പന്തിൽ 46 റൺസ് മാത്രം നേടിയ താരം തുടർന്നുള്ള 33 പന്തുകളിൽ അടിച്ചുകൂട്ടിയത് 80 റൺസ്. സൂര്യകുമാർ യാദവ് (13 പന്തിൽ 24) വേഗം മടങ്ങിയെങ്കിലും നാലാം വിക്കറ്റിൽ ഗിൽ– ഹാർദിക് പാണ്ഡ്യ (17 പന്തിൽ 30) സഖ്യം 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

കൂറ്റൻ വിജയലക്ഷ്യം കീഴടക്കാനിറങ്ങിയ കിവീസിന്റെ തകർച്ച ഹാർദിക് പാണ്ഡ്യയെറിഞ്ഞ ആദ്യ ഓവറിൽ തുടങ്ങി. സൂര്യകുമാർ യാദവിന്റെ ഉജ്വല ക്യാച്ചിൽ ഫിൻ അലൻ (3) പുറത്ത്. അർഷ്‌ദീപ് സിങ്ങിന്റെ അടുത്ത ഓവറിൽ ഡെവൻ കോൺവേ (0), മാർക് ചാപ്മാൻ (0) എന്നിവരും ഔട്ടായി. ഗ്ലെൻ ഫിലിപ്സ് (2), മൈക്കൽ ബ്രേസ്‌വെൽ (8) എന്നിവരും വേഗത്തിൽ മടങ്ങിയതോടെ 5ന് 21 എന്ന നിലയിൽ കിവീസ് തകർന്നു. ഡാരിൽ മിച്ചലിന്റെ ഒറ്റയാൻ പോരാട്ടമാണ് (35) അവരെ വലിയ നാണക്കേടിൽ നിന്നു രക്ഷിച്ചത്. മിച്ചലും സാന്റ്നറുമൊഴികെ (13) ന്യൂസീലൻഡ് നിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഗില്ലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ഇന്ത്യൻ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയാണ് പരമ്പരയിലെ താരം.

ഗിൽ ഇന്നലെ സ്വന്തമാക്കിയ റെക്കോർഡുകൾ

∙ ട്വന്റി20യിൽ ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോർ: 126 നോട്ടൗട്ട് (വിരാട് കോലിയെ മറികടന്നു– 122 നോട്ടൗട്ട്)

∙ ട്വന്റി20യിൽ സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരം: 23 വയസ്സ്, 146 ദിവസം (സുരേഷ് റെയ്നയെ മറികടന്നു– 23 വയസ്സ്, 156 ദിവസം)

∙ ക്രിക്കറ്റിലെ 3 ഫോർമാറ്റുകളിലും സെഞ്ചറി നേടുന്ന പ്രായം കുറഞ്ഞ താരം

ഗെയിം കാർഡ്

ടോസ്: ഇന്ത്യ
പ്ലെയർ ഓഫ് ദ് മാച്ച്: ശുഭ്മൻ ഗിൽ

ഇന്ത്യ: 4–234 (20)
ഗിൽ 126* (63)
ത്രിപാഠി 44 (22)
മിച്ചൽ 1–6 (1)
ബ്രേസ്‌വെൽ 1–8 (1)

ന്യൂസീലൻഡ് 66 (12.1)
മിച്ചൽ 35 (25)
സാന്റ്നർ 13 (13)
ഹാർദിക് 4–16 (4)
ഉമ്രാൻ 2–9 (2.1)

English Summary: Shubman Gill Slams Maiden T20I Century, Smashes Virat Kohli's Record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com