ബെംഗളൂരു∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പോരാട്ടങ്ങളിൽ ഒന്നായ ഓസ്ട്രേലിയയ്ക്കെതിരായ ബോർഡർ–ഗവാസ്കർ ട്രോഫിക്ക് കളമൊരുങ്ങി കഴിഞ്ഞു. ഈ മാസം 9നാണ് നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഇരു ടീമുകൾക്കും അഭിമാന പോരാട്ടമായ പരമ്പരയ്ക്കു വേണ്ടിയുള്ള കഠിന പരിശീലനത്തിലാണ് താരങ്ങൾ. ആദ്യ രണ്ടു ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. രോഹിത് ശർമ നയിക്കുന്ന ടീമിൽ വിരാട് കോലി, ചേതേശ്വർ പൂജാര, ആർ. അശ്വിൻ ഉൾപ്പെടെയുള്ള സീനിയർ താരങ്ങളുമുണ്ട്.
ഇന്ത്യയിലെത്തിയ ഓസ്ട്രേലിയൻ താരങ്ങളും ബെംഗളൂരുവിൽ പരിശീലനത്തിലാണ്. ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയാണ് ഓസ്ട്രേലിയ ഏറ്റവും വെല്ലുവിളിയായി കാണുന്നതെന്നാണ് ഇപ്പോഴത്തെ അവരുടെ നീക്കങ്ങൾ വ്യക്തമാക്കുന്നത്. അശ്വിന്റെ തന്ത്രങ്ങളെ നേരിടാൻ ‘ഡ്യൂപ്ലിക്ലേറ്റ്’ അശ്വിനെ ഉപയോഗിച്ച് പരിശീലനം നടത്താനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയൻ ടീം. നെറ്റ്സിൽ പന്തെറിയുന്നതിനായി മഹേഷ് പിഥിയ എന്ന താരത്തെ ഓസ്ട്രേലിയൻ ബോർഡ് ബെംഗളൂരുവിൽ എത്തിച്ചതായാണ് റിപ്പോർട്ട്.
അശ്വിന്റെ ബോളിങ് ആക്‌ഷനുമായി സാമ്യമുള്ളയാളാണ് മഹേഷ് പിഥിയ. മഹേഷ് ബോൾ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഓസ്ട്രേലിയൻ സപ്പോർട്ടിങ് സ്റ്റാഫ്, ബെംഗളൂരു കെഎസ്‌സിഎ ഗ്രൗണ്ടിൽ നടക്കുന്ന നാല് ദിവസത്തെ പരിശീലന ക്യാംപിലേക്ക് താരത്തെ വിളിപ്പിച്ചതെന്നാണ് വിവരം. പരമ്പരയിൽ, ഇന്ത്യൻ ടീമിലെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നായാണ് അശ്വിനെ ഓസ്ട്രേലിയൻ ടീം കാണുന്നതെന്ന് ഇതോടെ വ്യക്തമായി.
ടെസ്റ്റ് പരമ്പരയിൽ യഥാർഥത്തിൽ തയാറാക്കാൻ സാധ്യതയുള്ള വിക്കറ്റുകളോട് സാമ്യമുള്ള ചില പിച്ചുകൾ ഇതിനകം ഓസ്‌ട്രേലിയൻ ടീം പരിശീലന ക്യാംപിൽ തയാറാക്കിയെന്നും റിപ്പോർട്ടുണ്ട്. ഈ പിച്ചുകളിൽ അശ്വിൻ സൃഷ്ടിച്ചേക്കാവുന്ന വെല്ലുവിളി തരണം ചെയ്യുന്നതിനാണ് ഒരു ഇന്ത്യൻ താരത്തെ തന്നെ ഓസ്ട്രേലിയ ഇറക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയ്ക്കു വേണ്ടി കഴിഞ്ഞ ഡിസംബറിലാണ് 21 വയസ്സുകാരനായ മഹേഷ് പിഥിയ അരങ്ങേറ്റം കുറിച്ചത്. അശ്വിന്റെ കടുത്ത ആരാധകനായ മഹേഷിന്റെ ഫോൺ ഗാലറി, അശ്വിന്റെ ചിത്രങ്ങൾക്കൊണ്ട് നിറഞ്ഞിരിക്കുകയാണ് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ആരാധനാപാത്രമായ അശ്വിനെപ്പോലെ ഒരിക്കൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ സാധിക്കുമെന്നും മഹേഷ് പ്രതീക്ഷിക്കുന്നു. എന്നാൽ നിലവിൽ ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ ഓസ്ട്രേലിയ തയാറാക്കുന്ന ‘മാസ്റ്റർ പ്ലാനിലെ’ പ്രധാനഘടകമാണ് മഹേഷ് പിഥിയ.
∙ ഓസീസിനെതിരായ ആദ്യ രണ്ടു ടെസ്റ്റുകൾക്കുള്ള ഇന്ത്യൻ ടീം:
രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ.രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ, ചേതേശ്വർ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എസ്.ഭരത് (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ആർ.അശ്വിൻ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്, സൂര്യകുമാർ യാദവ്
English Summary: To Counter R Ashwin Threat, Australia Fly In His 'Duplicate' Ahead Of Border-Gavaskar Trophy