ബെംഗളൂരു ∙ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ സ്പിന്നർ ആർ.അശ്വിനെ നേരിടാൻ ഓസ്ട്രേലിയയ്ക്ക് അപരൻ അശ്വിന്റെ ‘കൈസഹായം’. അശ്വിന്റെ ബോളിങ് ശൈലിയോടു സാമ്യമുള്ള ബറോഡ സ്പിന്നർ മഹേഷ് പിഥിയയാണ് ബെംഗളൂരുവിൽ പരിശീലനത്തിലുള്ള ഓസ്ട്രേലിയൻ ടീമിനായി നെറ്റ്‌സിൽ പന്തെറിയുന്നത്. സ്പിന്നർമാരെ പിന്തുണയ്ക്കുന്ന ഇന്ത്യൻ പിച്ചുകളിൽ അശ്വിനെ നേരിടാനുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയൻ നീക്കം.
സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, ട്രാവിസ് ഹെഡ് എന്നിവരാണ് ഇന്നലെ പിഥിയയെ കൂടുതൽ സമയം നേരിട്ടത്. ത്രോ ഡൗൺ ബോളർ പ്രതേഷ് ജോഷിയിലൂടെയാണ് ഓസ്ട്രേലിയയുടെ സഹപരിശീലകൻ ആന്ദ്രെ ബൊറോവെക് മഹേഷ് പിഥിയയെപ്പറ്റി അറിയുന്നത്. പിഥിയയുടെ ബോളിങ് വിഡിയോകൾ പരിശോധിച്ചതിനുശേഷം നെറ്റ് ബോളറായി ക്ഷണിച്ചു.
ഗുജറാത്തിലെ ജുനഗഢിൽ ജനിച്ച പിഥിയ വീട്ടിൽ ടിവി ഇല്ലാത്തതിനാൽ തന്റെ 11–ാം വയസ്സുവരെ അശ്വിൻ ബോൾ ചെയ്യുന്നത് കണ്ടിട്ടേയില്ലായിരുന്നു. 2013ൽ വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് അശ്വിന്റെ ബോളിങ് ആദ്യമായി കാണുന്നത്. പിന്നീട് അത് അനുകരിക്കാനുള്ള ശ്രമമായി.
അശ്വിന്റെ കടുത്ത ആരാധകനാണ് ഇരുപത്തിയൊന്നുകാരനായ പിഥിയ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയ്ക്കു വേണ്ടി കഴിഞ്ഞ ഡിസംബറിലാണ് അരങ്ങേറ്റം കുറിച്ചത്. അശ്വിൻ ഉയർത്തുന്ന വെല്ലുവിളി പൂർണമായി അനുകരിക്കാൻ കഴിയില്ലെങ്കിലും ഇന്ത്യൻ ടീമിനെ പരാജയപ്പെടുത്താൻ ഓസ്ട്രേലിയ തയാറാക്കുന്ന മാസ്റ്റർ പ്ലാനിലെ പ്രധാന ഘടകമാണ് പിഥിയ.
English Summary: dupe Ashwin to 'teach' Australia