ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനെതിരെ അപകീർത്തിപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽനിന്ന് താരത്തിന്റെ മുൻ ഭാര്യയെ വിലക്കി കോടതി. ധവാന്റെ ഹർജി പരിഗണിച്ച് ഡൽഹി പട്യാല ഹൗസ് കോടതിയാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ ധവാനെതിരെ പരാമർശങ്ങൾ നടത്തുന്നത് വിലക്കിയത്. അതേസമയം, ആവശ്യമെങ്കിൽ പരാതിയുമായി ഔദ്യോഗിക സംവിധാനങ്ങളെ സമീപിക്കാമെന്നും കോടതി ധവാന്റെ മുൻ ഭാര്യ അയേഷ മുഖർജിക്ക് നിർദ്ദേശം നൽകി.

ഓസ്ട്രേലിയൻ ‍പൗരത്വമുള്ള നാൽപ്പത്തേഴുകാരിയായ അയേഷ മുഖർജിയും മുപ്പത്തേഴുകാരനായ ധവാനും ഒൻപതു വർഷത്തോളം നീണ്ട ദാമ്പത്യത്തിനു ശേഷം 2021ൽ ബന്ധം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ ഇരുവർക്കും ഒരു മകനുണ്ട്. മകൻ നിലവിൽ അയേഷ മുഖർജിയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ്.

തന്റെ കരിയർ നശിപ്പിക്കുമെന്ന് മുൻ ഭാര്യ ഭീഷണിപ്പെടുത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ധവാൻ കോടതിയെ സമീപിച്ചത്. തനിക്കെതിരായ അപകീർത്തികരമായ പരാമർശങ്ങൾ ഉൾപ്പെടുന്ന സന്ദേശങ്ങൾ, ഐപിഎൽ ടീമായ ഡൽഹി ക്യാപിറ്റൽസിന്റെ സിഇഒ ധീരജ് മൽഹോത്രയ്ക്ക് അയേഷ മുഖർജി അയച്ചതായി ധവാൻ ഹർജിയിൽ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ധവാനെതിരെ അപവാദ പ്രചാരണം നടത്തുന്നതിൽനിന്ന് ജസ്റ്റിസ് ഹരീഷ് കുമാർ അയേഷ മുഖർജിയെ തടഞ്ഞത്. ധവാനെതിരെ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ, അത് ഉചിതമായ വേദിയിൽ ഔദ്യോഗികമായിത്തന്നെ ഉന്നയിക്കാനും ജഡ്ജി നിർദ്ദേശിച്ചു.

‘‘ധവാനെതിരായ അവരുടെ പരാതികളും ആവലാതികളും സുഹൃത്തുക്കളുമായോ ബന്ധുക്കളുമായോ സഹപ്രവർത്തകരുമായോ മറ്റാരെങ്കിലുമായോ പങ്കുവച്ച് പരസ്യമാക്കുന്നതിൽനിന്ന് അയേഷ മുഖർജിയെ വിലക്കുന്നു. പകരം, ഔദ്യോഗിക സംവിധാനങ്ങൾ വഴി അവർക്ക് ധവാനെതിരായ പരാതികൾ കൈമാറാം’ – ജഡ്ജി പറഞ്ഞു. സമൂഹമാധ്യമങ്ങൾ, മാധ്യമങ്ങൾ എന്നിവ വഴിയും ധവാനെതിരായ വിമർശനങ്ങൾ പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്.

∙ 2012ൽ വിവാഹം, 2021ൽ വിവാഹമോചനം

ഒൻപതു വർഷത്തോളം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചതായി 2021ൽ അയേഷയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഓസ്ട്രേലിയയിലെ മെൽബണിൽ നിന്നുള്ള അയേഷയുമായി 2012ലായിരുന്നു ധവാന്റെ വിവാഹം. ധവാനേക്കാൾ 10 വയസ് കൂടുതലുള്ളയാളാണ് അയേഷ. ഇവരുടെ രണ്ടാം വിവാഹമായിരുന്നു ഇത്. അയേഷയ്ക്ക് ആദ്യ ബന്ധത്തിൽ രണ്ടു പെൺമക്കളുണ്ട്. ധവാൻ – അയേഷ ദമ്പതികൾക്ക് സൊരാവർ എന്ന മകനുണ്ട്.

ധവാന്റെ പേരു ചേർത്തുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ‘അയേഷ മുഖർജി’ എന്ന പേരിൽ പുതിയ അക്കൗണ്ട് സൃഷ്ടിച്ചാണ് അയേഷ വിവാഹമോചന വാർത്ത പുറത്തുവിട്ടത്. വിവാഹമോചനം പരസ്യമാക്കി ദീർഘമായ കുറിപ്പും അയേഷ പങ്കുവച്ചിരുന്നു.

English Summary: Delhi Court Restrains Shikhar Dhawan's Estranged Wife From Defaming Him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com