ADVERTISEMENT

ഇസ്‍‌ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റ് പാക്കിസ്ഥാനിൽനിന്നു മാറ്റുന്നതാണു നല്ലതെന്ന് പാക്കിസ്ഥാൻ മുൻ താരം അബ്ദുൽ റസാഖ്. പാക്കിസ്ഥാനു പുറത്തു മറ്റൊരു വേദിയിലേക്ക് ഏഷ്യാ കപ്പ് മാറ്റുകയാണെങ്കില്‍ അതാണു ക്രിക്കറ്റിനു നല്ലതെന്ന് അബ്ദുൽ റസാഖ് പ്രതികരിച്ചു. ‘‘ക്രിക്കറ്റിനു നല്ലത് അതാണ്. നിലവിൽ ഐസിസി നടത്തുന്ന ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരങ്ങൾ നടക്കുന്നത്. ഏഷ്യാ കപ്പ് ദുബായിലേക്കു മാറ്റുകയാണെങ്കിൽ അതാണ് ഏറ്റവും മികച്ച ഓപ്ഷൻ. ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങൾക്കും അതാണു നല്ലത്.’’– അബ്ദുൽ റസാഖ് ഒരു രാജ്യാന്തര മാധ്യമത്തോടു പ്രതികരിച്ചു.

‘‘ ഇന്ത്യ, പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡുകൾ വിഷയം ചര്‍ച്ച ചെയ്യുകയാണെങ്കിൽ അതാണു വലിയ കാര്യം. ഈ പ്രശ്നം രണ്ട് ബോർ‍ഡുകളും ചേർന്നു പരിഹരിക്കട്ടെ.’’– അബ്ദുൽ റസാഖ് പ്രതികരിച്ചു. അതേസമയം പാക്കിസ്ഥാനിലേക്ക് ഏഷ്യാ കപ്പ് കളിക്കാനായി പോകില്ലെന്ന ബിസിസിഐയുടെ നിലപാട് ആശങ്കയുണ്ടാക്കുന്നതാണെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയർമാൻ ഖാലിദ് മഹമൂദ് പ്രതികരിച്ചു.

‘‘വിഷയത്തിൽ ഐസിസി ഇടപെട്ട് അവരുടെ കരുത്ത് കാണിക്കണം. പാക്കിസ്ഥാനിലേക്കു പോകില്ലെന്നും ഏഷ്യാ കപ്പ് കളിക്കില്ലെന്നും പറയാൻ നിങ്ങളാരാണെന്ന് ഇന്ത്യയോടു ചോദിക്കണം. എന്നാൽ ഇന്ത്യയ്ക്ക് ഐസിസിയിൽ നല്ല സ്വാധീനമുണ്ട്. ഇന്ത്യയും അവരുടെ താരങ്ങളുമില്ലെങ്കിൽ കോർപറേറ്റ് സ്പോൺസർഷിപ്പ് അതോടെ നിൽക്കും. ടൂര്‍ണമെന്റിനു ലഭിക്കുന്ന പണം ഇല്ലാതാകും. ഇന്ത്യയില്ലെങ്കിൽ ഏഷ്യാ കപ്പിന്റെ പ്രാധാന്യം കുറയും. പാക്കിസ്ഥാനും പണം നഷ്ടമാകും.’’– ഖാലിദ് മഹമൂദ് പറഞ്ഞു. ഐസിസിയിലെ മറ്റ് അംഗങ്ങളുമായി ചേർന്നു പ്രശ്നം പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ശ്രമിക്കണമെന്നും ഖാലിദ് മഹമൂദ് വ്യക്തമാക്കി.

English Summary: ‘It’s good for cricket if Asia Cup is shifted out of Pakistan’: Abdul Razzaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com