ADVERTISEMENT

നാഗ്പുർ ∙ ഓസ്ട്രേലിയ പേടിച്ചതു തന്നെ സംഭവിച്ചു! പിച്ചിൽ ഒളിച്ചിരിക്കുന്ന സ്പിൻ ഭൂതം നാഗ്പുരിൽ ആദ്യ ദിവസം തന്നെ പുറത്തുചാടി. കറക്കി വീഴ്ത്തുന്ന സ്പിന്നുമായി പിച്ചിന്റെ മർമം നോക്കി പ്രഹരിച്ച ജഡേജയുടെയും (5 വിക്കറ്റ്) അശ്വിന്റെയും (3 വിക്കറ്റ്) മികവിൽ ഒന്നാം ടെസ്റ്റിന്റെ ആദ്യദിനം കടിഞ്ഞാൺ ഇന്ത്യയുടെ കയ്യിൽ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയയെ 177 റൺസിൽ ഓൾഔട്ടാക്കിയ ഇന്ത്യ മറുപടി ബാറ്റിങ്ങിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 77 എന്ന നിലയിലാണ്. ഓസീസ് ബോളർമാരെ കടന്നാക്രമിച്ച ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം (56) നൈറ്റ്‌ വാച്ച്മാൻ ആർ.അശ്വിനാണ് (0) ക്രീസിൽ. ഇന്നലെ കളിയവസാനിക്കുന്നതിന് തൊട്ടുമുൻപ് കെ.എൽ.രാഹുലിന്റെ  (20) വിക്കറ്റ് നഷ്ടപ്പെട്ടില്ലായിരുന്നെങ്കിൽ ഒന്നാംദിനം പൂർണമായും ഇന്ത്യൻ നിയന്ത്രണത്തിലാകുമായിരുന്നു. സ്കോർ: ഓസ്ട്രേലിയ– 177ന് ഓൾഔട്ട്. ഇന്ത്യ– ഒരു വിക്കറ്റ് നഷ്ടത്തിൽ 77

ബോർഡർ– ഗാവസ്കർ ട്രോഫി പരമ്പരയിലെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ടീമിനെ വിക്കറ്റുകളുടെ താലപ്പൊലിയുമായി സ്വീകരിച്ചത് 5 മാസത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യൻ ടീമിലേക്കു മടങ്ങിയെത്തിയ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. 47 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജ‍ഡേജയുടെ കരിയറിലെ 11–ാം 5 വിക്കറ്റ് നേട്ടമാണിത്. ജഡേജയ്ക്കു മുൻപിൽ വീണത് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റർ മാർനസ് ലബുഷെയ്നും (49) രണ്ടാം റാങ്ക് താരം സ്റ്റീവ് സ്മിത്തും (37) ഉൾപ്പെടെയുള്ളവർ. ലബുഷെയ്നും സ്മിത്തും ചേർന്നുള്ള 82 റൺസിന്റെ നിർണായക 3–ാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച ജഡേജ അതേ ഓവറിൽ മാറ്റ് റെൻഷോയെ ഗോൾഡൻ ഡക്കാക്കി വീണ്ടും ആഞ്ഞടിച്ചു. 42 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത അശ്വിനാണ് ഓസീസ് വാലറ്റത്തെ ചുരുട്ടിക്കെട്ടിയത്. നേരത്തേ നാഗ്പുരിലെ പിച്ചിൽ ഓസീസിന്റെ തകർച്ചയ്ക്കു കുഴി തോണ്ടിയത് ഇന്ത്യൻ പേസർമാരായ മുഹമ്മദ് ഷമിയും സിറാജും ചേർന്നാണ്. ഉസ്മാ‍ൻ ഖവാജയെ (1) രണ്ടാം ഓവറിൽ സിറാജും ഡേവി‍ഡ് വാർണറെ (10) ഷമിയും പുറത്താക്കിയതോടെ ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 2 റൺസ് എന്ന നിലയിൽ തകർന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കെതിരെ നാലാം ഓവറിൽ തന്നെ ഓസ്ട്രേലിയ സ്പിന്നർമാരെ പരീക്ഷിച്ചു. പക്ഷേ പേസർമാരെയും സ്പിന്നർമാരെയും ഒരുപോലെ കടന്നാക്രമിച്ച രോഹിത് ശർമയുടെ ബാറ്റിങ് അവരുടെ പദ്ധതികൾ പൊളിച്ചു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമിൻസിനെതിരെ 6 ഫോറുകൾ നേടിയ രോഹിത് സ്പിന്നർ നേഥൻ ലയണിനെതിരെ ഒരു സിക്സും 3 ഫോറും നേടി. 

ഡേവിഡ് വാർണറെ ബോൾഡാക്കിയ മുഹമ്മദ് ഷമിയുടെ ആഹ്ലാദം. Photo: Twitter@BCCI
ഡേവിഡ് വാർണറെ ബോൾഡാക്കിയ മുഹമ്മദ് ഷമിയുടെ ആഹ്ലാദം. Photo: Twitter@BCCI

5 സ്റ്റാർ റിട്ടേൺ 

നാഗ്പുർ ∙ നാഗ്പുർ ടെസ്റ്റിൽ പന്തെറിയാനെത്തും മുൻപേ ആരാധകരുടെ ശ്രദ്ധ പതിഞ്ഞത് രവീന്ദ്ര ജഡേജയുടെ ഹെയർ സ്റ്റൈലിലേക്കാണ്. മുടി പിന്നിലേക്കു നീട്ടിവളർത്തി, പുതിയ ‘ലുക്കി’ലാണ് ജ‍ഡേജ. എതിരാളികളെ വട്ടംകറക്കുന്ന സ്പിൻ ബോളിങ് മികവിന് മാറ്റൊട്ടും കുറഞ്ഞിട്ടില്ലെന്നു പിന്നാലെ പന്തുകൊണ്ടും ജഡേജ വ്യക്തമാക്കി. ഇന്നലെ 22 ഓവർ എറിഞ്ഞ ജ‍ഡേജ 8 ഓവറുകൾ മെയ്ഡനാക്കി. 2022 ജൂലൈയ്ക്കുശേഷം ജഡേജ കളിക്കുന്ന ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്. സെപ്റ്റംബറിൽ ഏഷ്യാ കപ്പ് ട്വന്റി20യ്ക്കിടെ വലതുകാൽമുട്ടിനേറ്റ പരുക്കാണ് ജഡേജയുടെ ക്രിക്കറ്റ് കരിയറിനു താൽക്കാലിക ഇടവേള നൽകിയത്. തുടർന്ന് ശസ്ത്രക്രിയയ്ക്കു വിധേയനായി. വിശ്രമകാലത്തു ദിവസവും 12 മണിക്കൂറോളം നെറ്റ്സിൽ പന്തെറിഞ്ഞിരുന്നതായി ഇന്നലെ മത്സരശേഷം ജഡേജ പറഞ്ഞു. പരുക്കിനുശേഷം കഴിഞ്ഞ മാസം സൗരാഷ്ട്രയ്ക്കായി ര​ഞ്ജി ട്രോഫി ക്രിക്കറ്റിലും 7 വിക്കറ്റ് നേടി തിളങ്ങിയിരുന്നു. 

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ. Photo: Twitter@BCCI
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന രവീന്ദ്ര ജഡേജ. Photo: Twitter@BCCI

ഗിൽ പുറത്ത്, സൂര്യ അകത്ത്

നാഗ്പുർ ടെസ്റ്റിലെ ഇന്ത്യൻ പ്ലേയിങ് ഇലവനെച്ചൊല്ലിയുള്ള അനിശ്ചിതത്വം ടീം മാനേജ്മെന്റ് ഇന്നലെ അവസാനിപ്പിച്ചത് മധ്യനിര ബാറ്റർ സൂര്യകുമാർ യാദവിനും വിക്കറ്റ് കീപ്പർ കെ.എസ്.ഭരത്തിനും ടെസ്റ്റ് ക്യാപ് നൽകിയാണ്. സൂര്യകുമാറിന് അരങ്ങേറ്റത്തിന് അവസരം നൽകിയപ്പോൾ ശുഭ്മൻ ഗില്ലിനെ പുറത്തിരുത്തി. രോഹിത് ശർമയ്ക്കൊപ്പം കെ.എൽ.രാഹുൽ ഓപ്പണറാകുകയും ചെയ്തു.  2 വർഷത്തിനുശേഷമാണ് ടെസ്റ്റിൽ രാഹുലും രോഹിത്തും ഓപ്പണിങ്ങിൽ ഒന്നിക്കുന്നത്. ഇഷൻ കിഷനെ പിന്തള്ളിയാണ് കെ.എസ്.ഭരത് വിക്കറ്റ് കീപ്പറായത്. 

450

ടെസ്റ്റ് ക്രിക്കറ്റിൽ 450 വിക്കറ്റുകളെന്ന നാഴികക്കല്ല് പിന്നിട്ട ഇന്ത്യൻ ഓഫ് സ്പിന്നർ ആർ.അശ്വിൻ ഈ നേട്ടം വേഗത്തിൽ സ്വന്തമാക്കുന്ന രണ്ടാമത്തെ ബോളറായി. 89–ാം ടെസ്റ്റിലാണ് അശ്വിന്റെ നേട്ടം. 80 ടെസ്റ്റുകളിൽ നിന്ന് 450 വിക്കറ്റെടുത്ത ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരനാണ് ഒന്നാമത്.

English Summary: India- Australia First Test, Nagpur, Day 1 Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com