ADVERTISEMENT

നാഗ്പുർ ∙ ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയായ ബോർഡർ–ഗാവസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് നാളെ മുതൽ. നാഗ്പുരിലെ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ടിൽ രാവിലെ 9.30 മുതലാണ് മത്സരം. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ഹോട്സ്റ്റാറിലും തൽസമയം. പരമ്പരയിൽ ആകെ നാല് മത്സരങ്ങളാണുള്ളത്.

അവസാന മൂന്ന് ബോർഡർ–ഗാവസ്കർ ട്രോഫിയും സ്വന്തമാക്കിയ ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പര ഓസ്ട്രേലിയൻ ക്യാപ്റ്റനായതിനു ശേഷം പാറ്റ് കമിൻസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. ബെംഗളൂരുവിൽ 4 ദിവസത്തെ പരിശീലനത്തിനു ശേഷം ഓസ്ട്രേലിയൻ ടീം തിങ്കളാഴ്ച നാഗ്പുരിലെത്തി. ഇന്ത്യൻ ടീം കഴിഞ്ഞയാഴ്ച തന്നെ നാഗ്പുരിൽ പരിശീലനം ആരംഭിച്ചിരുന്നു. ഇന്നലെ മുതൽ മത്സരവേദിയായ വിദർഭ സ്റ്റേഡിയത്തിലാണ് പരിശീലനം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ ഇടംപിടിക്കാൻ ഇരുടീമിനും നിർണായകമാണ് ഈ പരമ്പര. ടെസ്റ്റ് ചാംപ്യൻഷിപ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ് ഓസ്ട്രേലിയ. ഇന്ത്യ രണ്ടാമതും.

ടീം ന്യൂസ്:  ഓസ്ട്രേലിയ

2005നു ശേഷം ഇന്ത്യയിൽ ആദ്യ ടെസ്റ്റ് പരമ്പര വിജയം ലക്ഷ്യമിടുന്ന ഓസ്ട്രേലിയയെ അലട്ടുന്ന പ്രധാന പ്രശ്നം പരുക്കാണ്. പേസർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹെയ്സൽവുഡും പരുക്കേറ്റതിനാൽ ആദ്യ മത്സരം കളിക്കില്ല. ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമിൻസാണ് നിലവിൽ ടീമിലുള്ള ഏക സീനിയർ പേസ് ബോളർ. മൂന്ന് പേസർമാരെ ഉപയോഗിക്കുന്ന പതിവ് രീതി ഓസീസ് തുടർന്നാൽ 6 മത്സരങ്ങൾ മാത്രം കളിച്ച മുപ്പത്തിമൂന്നുകാരൻ സ്കോട് ബോളണ്ടും ആദ്യ രാജ്യാന്തര മത്സരത്തിന് ഒരുങ്ങുന്ന ലാൻസ് മോറിസും കളിക്കും. പരുക്കേറ്റ ഓൾറൗണ്ടർ കാമറൂൺ ഗ്രീൻ ആദ്യ ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണ്. കൈവിരലിലെ പരുക്ക് ഭേദമാകാത്തതിനാൽ ആദ്യ ടെസ്റ്റിൽ ഗ്രീൻ കളിച്ചാലും ബോൾ ചെയ്യില്ലെന്ന് ഓസ്ട്രേലിയൻ ടീം അറിയിച്ചു.

ടീം ന്യൂസ്:  ഇന്ത്യ

പരുക്കേറ്റ പേസർ ജസ്പ്രീത് ബുമ്രയും ബാറ്റർ ശ്രേയസ് അയ്യരും ആദ്യ രണ്ട് ടെസ്റ്റുകൾ കളിക്കില്ലെന്ന് ഉറപ്പായി. ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് ഷമിക്കൊപ്പം മുഹമ്മദ് സിറാജ് ആദ്യ ഇലവനിൽ ഇടംപിടിക്കാനുള്ള സാധ്യത ഏറെയാണ്. ഉമേഷ് യാദവാണ് ടീമിലുള്ള മറ്റൊരു പേസർ. കെ.എൽ.രാഹുൽ വിക്കറ്റ് കീപ്പറാവില്ലെന്ന് ടീം അറിയിച്ചു. അതിനാൽ കെ.എസ്.ഭരത് കീപ്പറാകാനാണ് സാധ്യത. ഇഷാൻ കിഷനാണ് ടീമിലുള്ള മറ്റൊരു കീപ്പർ. കെ.എൽ.രാഹുൽ രോഹിത് ശർമയ്ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്താൽ ശ്രേയസ് അയ്യർക്കു പകരം സൂര്യകുമാർ യാദവോ ശുഭ്മൻ ഗില്ലോ കളിക്കും. പരുക്കിൽ നിന്നു മോചിതനായെങ്കിലും 6 മാസത്തിനു ശേഷമാണ് രവീന്ദ്ര ജഡേജ ഇന്ത്യൻ ടീമിൽ ഇടംപിടിക്കുന്നത്.

മൂന്ന് സ്പിന്നർമാർ കളിച്ചേക്കും: രാഹുൽ

നാഗ്പുർ∙ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ മൂന്ന് സ്പിന്നർമാർ കളിച്ചേക്കുമെന്നും എന്നാൽ ആ 3 പേർ ആരൊക്കെയെന്നു തീരുമാനിച്ചിട്ടില്ലെന്നും ഇന്ത്യൻ ടീം വൈസ് ക്യാപ്റ്റൻ കെ.എൽ.രാഹുൽ. ‘ഇന്ത്യയിൽ കളിക്കുന്നതിനാൽ 3 സ്പിന്നർമാരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയേക്കും. പക്ഷേ നാഗ്പുരിലെ പിച്ച് മനസ്സിലാക്കിയതിനു ശേഷം മാത്രമേ അന്തിമ ടീം പ്രഖ്യാപിക്കൂ. ഇന്നോ നാളെ രാവിലെയോ മാത്രമേ ടീം തീരുമാനിക്കാൻ കഴിയൂ.  ’– രാഹുൽ പറഞ്ഞു.

കാമറൂൺ ഗ്രീൻ ബാറ്റ് ചെയ്യട്ടെ: ഗിൽക്രിസ്റ്റ്

സിഡ്നി∙ കൈവിരലിനേറ്റ പരുക്ക് ഭേദമാകാത്തതിനാൽ ബോൾ ചെയ്യാൻ കഴിയാത്ത ഓസ്ട്രേലിയൻ ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനെ ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്ററായി ഇറക്കണമെന്നു മുൻ ഓസ്ട്രേലിയൻ താരം ആദം ഗിൽക്രിസ്റ്റ്. ആദ്യ ടെസ്റ്റിൽ കളിച്ചാലും കാമറൂൺ ഗ്രീനിന് ബോൾ ചെയ്യാൻ കഴിയില്ലെന്ന് ഓസീസ് പരിശീലകൻ ആൻഡ്രൂ മക്ഡൊണാൾഡ് നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, ബാറ്റിങ്ങിൽ ആറാമനായി ഗ്രീനിനെ ഇറക്കണമെന്നും ശ്രീലങ്കയിലെ മികച്ച പ്രകടനം ഗ്രീൻ ഇന്ത്യയിലും ആവർത്തിക്കുമെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു. 18 ടെസ്റ്റുകളിലായി 806 റൺസ് നേടിയ ഗ്രീനിന്റെ ബാറ്റിങ് ശരാശരി 35 റൺസാണ്.

English Summary : India vs Australia first test match updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com