ADVERTISEMENT

മുംബൈ ∙ പ്രഥമ  വനിതാ പ്രിമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ താരലേലത്തിൽ കേരളത്തിന്റെ അഭിമാനമായി വയനാട്ടുകാരി മിന്നു മണി. ആവേശകരമായ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസാണ് മിന്നു മണിയെ സ്വന്തമാക്കിയത്. വനിതാ ഐപിഎലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി താരമാണ് മിന്നു. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, മുംബൈ ഇന്ത്യൻസ് എന്നീ ടീമുകളും മിന്നുവിനായി രംഗത്തുണ്ടായിരുന്നു. ഒടുവിൽ 30 ലക്ഷം രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് താരത്തെ സ്വന്തമാക്കി.

കേരളത്തിൽനിന്ന് ഇന്ത്യൻ വനിതാ എ ടീമിലെത്തുന്ന ആദ്യ ആദിവാസി പെൺകുട്ടിയെന്ന നേട്ടം സ്വന്തമാക്കിയിട്ടുള്ള മിന്നു മണി, കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) ജൂനിയർ ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം, യൂത്ത് പ്ലെയർ ഓഫ് ദി ഇയർ പുരസ്കാരം, പ്രോമിസിങ് പ്ലെയർ പുരസ്കാരം തുടങ്ങിയവ നേടിയിട്ടുണ്ട്. ഓഫ് സ്പിന്നർ കൂടിയായ ഈ ഇരുപത്തിമൂന്നുകാരി കേരളത്തിനായി അണ്ടർ 16 മുതലുള്ള എല്ലാ വിഭാഗത്തിലും കളിച്ചു. 

ചരിത്രത്തിലാദ്യമായി കേരളം അണ്ടർ 23 ചാംപ്യൻമാരായപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറർ ആയി. ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനം ചാലഞ്ചർ ട്രോഫിയിൽ ഇന്ത്യ ബ്ലൂ ടീമിലും ബോർഡ് പ്രസിഡന്റ്സ് ഇലവനിലും ഇന്ത്യ എ ടീമിലുമെത്തിച്ചു.

മാനന്തവാടി  ജിവിഎച്ച്എസ്എസിൽ എട്ടിൽ പഠിക്കുമ്പോൾ കായിക അധ്യാപിക എത്സമ്മയാണ് മിന്നുവിലെ കായിക താരത്തെ കണ്ടെത്തിയത്. അനുമോൾ ബേബി, ഷാനവാസ് എന്നിവരായിരുന്നു ആദ്യ പരിശീലകർ. തൊടുപുഴയിലെ ജൂനിയർ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം ആരംഭിച്ചതോടെയാണ് അവസരങ്ങൾ തേടി എത്തിയത്. മാനന്തവാടി ഒണ്ടയങ്ങാടി മണി–വസന്ത ദമ്പതികളുടെ മകളാണ് മിന്നു മണി. പിതാവ് കൈപ്പാട്ട് മാവുംകണ്ട മണി കൂലിപ്പണിക്കാരനാണ്. അമ്മ വസന്ത. സഹോദരി നിമിത.

English Summary: Minnu Mani sold to DC for 30 Lakh in IPL 2023 auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com