ADVERTISEMENT

കേപ്ടൗൺ∙ മുന്നിൽനിന്നു നയിച്ച ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെയും ജെമീമ റോഡ്രിഗസിന്റെയും പോരാട്ടവീര്യത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല. വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ജൈത്രയാത്ര സെമിഫൈനലിൽ അവസാനിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ സെമിഫൈനൽ മത്സരത്തിൽ അഞ്ച് റൺസിനാണ് ഇന്ത്യൻ വനിതകളുടെ തോൽവി. ഓസ്ട്രേലിയ ഉയർത്തിയ 173 റൺസ് വിജലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസിൽ അവസാനിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ, നാല് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസെടുത്തത്.

മറുപടി ബാറ്റിങ്ങിൽ, അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (34 പന്തിൽ 52 റൺസ്), ജെമീമ റോഡ്രിഗസ് (24 പന്തിൽ 43), ദീപ്തി ശർമ (17 പന്തിൽ 20*) എന്നിവർ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല. നാല് ഓവറിനുള്ളിൽ തന്നെ ആദ്യ മൂന്നു വിക്കറ്റുകൾ വീണതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.

ഓപ്പണർ സ്മൃതി മന്ഥന (5 പന്തിൽ 2), ഷെഫാലി വർമ (6 പന്തിൽ 9), യാസ്തിക ഭാട്ടിയ (7 പന്തിൽ 4) എന്നിവർ കാര്യമായ സംഭാവന നൽകാതെ പുറത്തായി. നാലാം വിക്കറ്റിൽ ഹർമൻപ്രീതും ജെമീമയും ചേർന്നു നേടിയ 69 റൺസാണ് ഇന്ത്യയ്ക്ക് കരുത്തായത്. 11ാം ഓവറിൽ ജെമീമ പുറത്തായതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. 15–ാം ഓവറിൽ ഹർമൻപ്രീത് കൗർ റണ്ണൗട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഓസ്ട്രേലിയയ്ക്കായി ആഷ്‌ലി ഗാർഡനർ, ഡാർസി ബ്രൗൺ എന്നിവർ രണ്ടു വിക്കറ്റ് വീതവും മേഗൻ ഷട്ട്, ജെസ് ജോനാസെൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്തെ, അർധസെഞ്ചറി നേടിയ ഓപ്പണർ ബേത്ത് മൂണി (37 പന്തിൽ 54), ക്യാപ്റ്റൻ മെഗ് ലാനിങ് (34 പന്തിൽ 49), ആഷ്‌ലി ഗാർഡനർ (18 പന്തിൽ 31) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ നേടിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണർമാരായ അലീസ ഹീലിയും (25 പന്തിൽ 25) മൂണിയും ചേർന്ന് 52 റൺസാണ് കൂട്ടിച്ചേർത്ത്. രണ്ടാം വിക്കറ്റിൽ മൂണിയും ലാനിങ്ങും ചേർന്ന് 89 റൺസും കൂട്ടിച്ചേർത്തു. ഇന്ത്യയ്ക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റും ദീപ്തി ശർമയും രാധ യാദവും ഓരോ വിക്കറ്റ വീതവും നേടി.

English Summary: Australia Women vs India Women, Semi-Final 1

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com