ന്യൂഡൽഹി ∙ കരിയറിലെ ഏറ്റവും മോശം കാലത്തിലൂടെ കടന്നുപോകുന്ന സമയത്ത് പിന്തുണയുമായി തന്റെ അടുത്തെത്തിയ ഒരേയൊരാൾ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയാണെന്നു വെളിപ്പെടുത്തി വിരാട് കോലി. ധോണിയുമായുള്ള അടുത്ത ബന്ധത്തെക്കുറിച്ച് പരാമർശിക്കുമ്പോഴാണ്, മോശം കാലത്ത് അദ്ദേഹം നൽകിയ പിന്തുണ കോലി ഓർത്തെടുത്തത്. രാജ്യാന്തര ക്രിക്കറ്റിൽ സെഞ്ചറികൾ നേടാനാകാതെ ഫോം ഔട്ടായിരുന്ന കോലി, അടുത്തിടെയാണ് ഫോമിലേക്കു തിരിച്ചെത്തിയത്. തുടർന്ന് നാല് ഏകദിനങ്ങൾക്കിടെ മൂന്നു സെഞ്ചറികൾ നേടുകയും ചെയ്തു. മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പിനു ശേഷമായിരുന്നു കോലിയുടെ സെഞ്ചറി പിറന്നത്.
‘എന്റെ മോശം കാലത്ത് ഏറ്റവും പിന്തുണ നൽകിയത് അനുഷ്കയാണ്. വെല്ലുവിളികൾ നേരിടാൻ എന്നെ കരുത്തനാക്കിയതും അനുഷ്കയാണ്. ഞാൻ കടന്നുപോയ ബുദ്ധിമുട്ടികളും തരണം ചെയ്ത വെല്ലുവിളികളും അടുത്തുനിന്ന് അനുഷ്ക കണ്ടതാണ്. എനിക്ക് സംഭവിച്ചതിനെല്ലാം അവൾ സാക്ഷിയാണ്’ – കോലി പറഞ്ഞു.
‘‘എന്റെ കുടുംബത്തെയും ബാല്യകാല പരിശീലകനെയും മാറ്റിനിർത്തിയാൽ പിന്തുണയുമായി ഒപ്പമെത്തിയ ഒരാൾ മഹേന്ദ്രസിങ് ധോണിയാണ്. അദ്ദേഹത്തെ ഒന്നു ബന്ധപ്പെടാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. സാധാരണ ഗതിയിൽ ഞാൻ അദ്ദേഹത്തെ വിളിച്ചാൽ 99 ശതമാനവും ഫോണെടുക്കില്ല. കാരണം അദ്ദേഹം ഫോൺ നോക്കാറു പോലുമില്ല. പക്ഷേ, ആ ഘട്ടത്തിൽ അദ്ദേഹം എന്നെ തേടിവന്നു’ – കോലി വിവരിച്ചു.
‘‘രണ്ടു തവണ അദ്ദേഹം എന്നെ വിളിച്ചു. ഒരിക്കൽ അയച്ച സന്ദേശം ഇങ്ങനെയായിരുന്നു. നിങ്ങൾ കരുത്തനായിരിക്കുമ്പോഴും കരുത്തനെന്ന് തോന്നിക്കുമ്പോഴും ക്ഷേമാന്വേഷണം നടത്താൻ ആളുകൾ മറക്കും.’
‘‘ധോണിയുടെ ഈ വാക്കുകൾ എനിക്കു കരുത്തായി. പൂർണ ആത്മവിശ്വാസവും മാനസികമായി കരുത്തുമുള്ള, ഏതു സാഹചര്യവും നേരിടാനും കൃത്യമായ വഴി കണ്ടെത്താനും ആ വഴി നമുക്കു കാണിച്ചു തരാനും സാധിക്കുന്ന ഒരാളെ ശ്രവിക്കാൻ എനിക്കും സന്തോഷമായിരുന്നു. ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ മനുഷ്യരെന്ന നിലയിൽ രണ്ടു ചുവടു പിന്നോട്ടു വയ്ക്കാനും, നമ്മുടെ യാത്ര എങ്ങനെയെന്ന് വിലയിരുത്താനും, നാം എത്ര സന്തോഷവാൻമാരാണെന്നു തിരിച്ചറിയാനും നമുക്കു സാധിക്കണം’ – കോലി ചൂണ്ടിക്കാട്ടി. 2022ൽ അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രാജിവച്ച സമയത്ത് തനിക്ക് മെസേജ് അയച്ച ഒരേയൊരാൾ ധോണിയായിരുന്നുവെന്നും കോലി വെളിപ്പെടുത്തി.
English Summary: Dhoni was the only one who reached out to me: Kohli recalls his lean patch