ADVERTISEMENT

മുംബൈ ∙ വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ പരാജയപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായിക ഹർമൻപ്രീത് കൗറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ താരം ഡയാന എഡുൽജി രംഗത്ത്. പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്നത് ഇന്ത്യൻ ടീം പതിവാക്കിയിരിക്കുകയാണെന്ന് എഡുൽജി വിമർശിച്ചു. വനിതാ താരങ്ങൾ കായികക്ഷമതയ്ക്ക് പ്രാധാന്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ എഡുൽജി, മിക്ക സീനിയർ താരങ്ങളും യോ–യോ ടെസ്റ്റിൽ പരാജയപ്പെടുമെന്നും കുറ്റപ്പെടുത്തി. സീനിയർ ടീമിനേക്കാൾ ഭേദം അണ്ടർ 19 ടീമാണെന്നും എഡുൽജി പറഞ്ഞു.

‘‘ഈ ടീമിലെ മിക്ക താരങ്ങളും യോ–യോ ടെസ്റ്റിൽ പരാജയപ്പെടുകയേയുള്ളൂ. ഈ സീനിയർ ടീമിനേക്കാൾ ഭേദം അണ്ടർ 19 ടീമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. അവർ ഇതുപോലെ ഫൈനലിൽ പോയി ഇടറി വീഴില്ല. സീനിയർ ടീമിന്റെ കാര്യത്തിൽ 2017 മുതൽ 2023 വരെ ഇതു തന്നെയാണ് അവസ്ഥ. താരങ്ങളുടെ കായികക്ഷമതയുടെ കാര്യത്തിൽ ബിസിസിഐ കൃത്യമായ പരിശോധന നടത്തണം. സ്ത്രീകൾക്ക് യോ–യോ ടെസ്റ്റ് അൽപം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എനിക്കറിയാം. 15 പേരിൽ 12 പേരും ഈ ടെസ്റ്റിൽ പരാജയപ്പെടാനാണ് സാധ്യത. എങ്കിലും വനിതകൾക്കായി വ്യത്യസ്തമായ മാനദണ്ഡങ്ങൾ ലഭ്യമാണ്’ – എഡുൽജി പറഞ്ഞു.

ഇന്ത്യൻ വനിതാ ടീമിൽ അഴിച്ചുപണിക്ക് സമയമായെന്നും എഡുൽജി അഭിപ്രായപ്പെട്ടു. വനിതാ ടീമിൽ സൂപ്പർതാര സംസ്കാരം വളരുന്നതായും അവർ കുറ്റപ്പെടുത്തി.

‘‘ഇന്ത്യൻ വനിതാ ടീമിൽ അഴിച്ചുപണിക്ക് സയമായി. അവർ ആദ്യമേ കായികക്ഷമതയുടെ കാര്യം ശ്രദ്ധിക്കണം. ഫീൽഡിങ്ങും വിക്കറ്റുകൾക്കിടയിലെ ഓട്ടവും ക്യാച്ചുകളെടുക്കുന്നതിലെ മികവുമെല്ലാം മെച്ചപ്പെടുത്തിയേ തീരൂ. ടീം മൊത്തത്തിൽ അഴിച്ചു പണിതെങ്കിൽ മാത്രമേ എന്തെങ്കിലും മെച്ചമുണ്ടാകൂ. ജയിക്കാവുന്ന മത്സരം തോൽക്കുന്നത് ഈ ടീം ഒരു ശീലമാക്കിയിരിക്കുന്നു. ടീമിലെ സൂപ്പർതാര സംസ്കാരം മതി. ഈ രീതിയിൽ പോയാൽ ഒരു ഗുണവും ലഭിക്കില്ല’ – എ‍ഡുൽജി പറഞ്ഞു.

ഓസ്ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യയുടെ തോൽവിക്ക് കാരണമായ റണ്ണൗട്ടുമായി ബന്ധപ്പെട്ട് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയും എഡുൽജി രൂക്ഷമായി വിമർശിച്ചു.

‘‘രണ്ടാമത്തെ റണ്ണിനായി ശ്രമിക്കുന്ന സമയത്ത് കൗർ തീരെ പതുക്കെയാണ് ഓടിയതെന്ന് കാണാം. ഈ മത്സരത്തിൽ സ്വന്തം വിക്കറ്റ് ഏറ്റവും നിർണായകമാണെന്ന് അറിഞ്ഞിട്ടും ഇത്ര ഉത്തരവാദിത്തമില്ലാതെ ഓടാൻ ഇവർക്കെങ്ങനെയാണ് കഴിയുന്നത്? മത്സരം ജയിക്കാൻ പ്രഫഷനലായി കളിച്ചേ തീരൂ. ആ രണ്ടു റൺസ് രക്ഷപ്പെടുത്താനായി പെറി നടത്തിയ ഡൈവിങ് നോക്കൂ. അതാണ് പ്രഫഷണലിസം. അവർ അവസാനം വരെ വിട്ടുകൊടുക്കാൻ തയാറാകാതെ പൊരുതുന്നവരാണ്. നമ്മളാകട്ടെ ഒന്നു പൊരുതി നോക്കാൻ പോലും മിനക്കെടാറുമില്ല. എക്കാലവും പടിക്കൽ കൊണ്ടുപോയി കലമുടയ്ക്കുന്നതു ശരിയാണോ?’ – എഡുൽജി ചോദിച്ചു.

English Summary: Former India captain Diana Edulji slams Harmanpreet Kaur: You can't be falling at the last hurdle all the time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com