ADVERTISEMENT

കേപ്ടൗൺ ∙ വനിതാ ട്വന്റി20 ലോകകപ്പ് സെമിയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ ഇന്ത്യയുടെ തോൽവിയിൽ നിർണായകമായ റണ്ണൗട്ടിനു പിന്നാലെ, ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ കുറ്റപ്പെടുത്തി ഓസീസ് ടീമംഗം അലീസ ഹീലി രംഗത്ത്. ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ ഹർമൻപ്രീത് കൗറിന് ആ റണ്ണൗട്ട് ഒഴിവാക്കാമായിരുന്നുവെന്ന് ഹീലി അഭിപ്രായപ്പെട്ടു. ജീവിതകാലം മുഴുവൻ നിർഭാഗ്യത്തെ പഴിക്കുന്നതിനു പകരം, അത്യാവശ്യ ഘട്ടങ്ങളിൽ കുറച്ചുകൂടി പരിശ്രമിക്കുകയാണ് വേണ്ടതെന്നും ഹീലി ‘ഉപദേശിച്ചു’. സെമിയിൽ ഹീലിയാണ് കൗറിനെ റണ്ണൗട്ടാക്കിയത്.

ഓസ്ട്രേലിയയ്‌ക്കെതിരായ സെമി പോരാട്ടത്തിൽ 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ വിജയം പ്രതീക്ഷിച്ചിരുന്നു. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത്, ജമീമ റോഡ്രിഗസ് എന്നിവരുടെ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാൽ, നിർണായക ഘട്ടത്തിൽ ഹർമൻപ്രീത് റണ്ണൗട്ടായത് മത്സരത്തിന്റെ ഗതി മാറ്റി. ഒടുവിൽ വെറും അഞ്ച് റൺസിനാണ് ഇന്ത്യ ഓസീസിനോടു തോറ്റത്.

മത്സരശേഷം നിർഭാഗ്യത്തെ പഴിച്ച് ഹർമൻപ്രീത് കൗർ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്, ഒന്നുകൂടി പരിശ്രമിച്ചിരുന്നെങ്കിൽ കൗറിന് റണ്ണൗട്ട് ഒഴിവാക്കാമായിരുന്നുവെന്ന ഹീലിയുടെ പരാമർശം.

‘‘ആ ഔട്ട് നിർഭാഗ്യമാണെന്നൊക്കെ ഹർമൻപ്രീത് കൗറിന് പറയാം. പക്ഷേ, ഒന്നുകൂടി ശ്രമിച്ചിരുന്നെങ്കിൽ അവർക്ക് ക്രീസിൽ കടക്കാമായിരുന്നു. വേണമെങ്കിൽ ജീവിതകാലം മുഴുവൻ അവർക്കു നിർഭാഗ്യത്തെ പഴിച്ചിരിക്കാം. പക്ഷേ അതിലും പ്രധാനപ്പെട്ടത് ആ സമയത്തെ നമ്മുടെ ഊർജവും പരിശ്രമവും തന്നെയാണ്. വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിലും ഇതു സുപ്രധാനമാണ്. ഇത്തരം അടിസ്ഥാനപരമായ കാര്യങ്ങളിൽ എതിരാളികളേക്കാൾ ശ്രദ്ധ പതിപ്പിക്കാൻ നമുക്കാകണം. അങ്ങനെയാണ് നമ്മൾ വലിയ ടൂർണമെന്റുകൾ ജയിക്കുക. ഇക്കാര്യത്തിൽ ഞങ്ങൾ കുറച്ചുകൂടി മെച്ചമാണെന്ന് തോന്നുന്നു’ – ഹീലി പറഞ്ഞു.

‘‘സത്യത്തിൽ ആ ഔട്ട് രസകരമാണ്. കൗറിനെ റണ്ണൗട്ടാക്കിയതിൽ എന്നെ അഭിനന്ദിച്ച് ബെലിൻഡ ക്ലാർക്ക് മെസേജ് അയച്ചിരുന്നു. സാധാരണ ഗതിയിൽ ഇത്തരം അവസരങ്ങളിൽ ഞാൻ ബെയിൽസ് തെറിപ്പിക്കാറില്ല. ഒന്നാമത്തെ കാര്യം വെറുതെ ബെയിൽസിളക്കിയിട്ട് അത് നമ്മൾ തന്നെ തിരികെ വയ്ക്കണം. പക്ഷേ, ആ സമയത്ത് ബെയിൽസ് തെറിപ്പിക്കുകയാണ് വേണ്ടതെന്ന് എനിക്കു തോന്നി. ഞാൻ ബെയിൽസിളക്കിയതും ഔട്ടിനായി അംപയറോട് വാദിച്ചതുമെല്ലാം അൽപം വിചിത്രമായിരുന്നു’ – ഹീലി പറഞ്ഞു.

English Summary: 'You could say you're unlucky all your life, but it's generally about effort': Alyssa Healy slams Harmanpreet Kaur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com