അഹമ്മദാബാദ്∙ ടെസ്റ്റ് കരിയറിലെ തന്റെ രണ്ടാം സെഞ്ചുറിയാണ് ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗിൽ അഹമ്മദാബാദിൽ ഓസ്ട്രേലിയക്കെതിരെ കുറിച്ചത്. മൂന്ന് ഫോർമാറ്റിലും ഒരു വർഷം സെഞ്ചുറി നേടുന്ന പത്താമത്തെ മാത്രം താരം എന്ന നേട്ടവും ഇവിടെ ഗിൽ സ്വന്തമാക്കി. ഇന്ത്യൻ മണ്ണിലെ ആദ്യ ടെസ്റ്റ് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് ഗിൽ എത്തിയ ഇന്നിങ്സിൽ ഇന്ത്യൻ ഓപ്പണറെ തുണച്ച് ഡിആർഎസും എത്തി. മൂന്ന് മീറ്റർ വ്യത്യാസത്തിലാണ് ഗിൽ രക്ഷപെട്ടത്.
നേഥൻ ലയണിന്റെ പന്തിൽ ഗിൽ വിക്കറ്റിന് മുൻപിൽ കുടുങ്ങി. ഓസീസ് താരങ്ങളുടെ അപ്പീലിൽ ഓൺ ഫീൽഡ് അമ്പയർ നോട്ട്ഔട്ട് വിളിച്ചു. ഇതോടെ ഓസീസ് ക്യാപ്റ്റൻ സ്മിത്തിൽ നിന്ന് ഡിആർഎസ് അപ്പീൽ വന്നു. റിപ്ലേകളിൽ പന്ത് സ്റ്റംപ് ഇളക്കുമെന്ന് വ്യക്തമായെങ്കിലും തേർഡ് അമ്പയർ നോട്ട്ഔട്ട് വിളിച്ചു.
തേർഡ് അമ്പയറുടെ തീരുമാനം ഓസീസ് താരങ്ങളെ അമ്പരപ്പിച്ചു. ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്ത് എത്തിയ പന്തിൽ ഇംപാക്റ്റ് മൂന്ന് മീറ്റർ അകലെയായതാണ് ഇവിടെ ഗില്ലിനെ തുണച്ചത്. പന്ത് സ്റ്റംപ് ഇളക്കുമ്പോഴും ഇംപാക്റ്റ് വന്നത് സ്റ്റംപ് ലൈനിന് പുറത്തായതിനാൽ ഗില്ലിന് ജീവൻ തിരികെ കിട്ടി.
235 പന്തിൽ നിന്ന് 128 റൺസ് സ്കോർ ചെയ്താണ് ഗിൽ മടങ്ങിയത്. 12 ഫോറും ഒരു സിക്സും താരത്തിൽ നിന്ന് വന്നു. ഒടുവിൽ ഗില്ലിനെ വിക്കറ്റിന് മുൻപിൽ കുടുക്കി മടക്കിയതും ലയൺ തന്നെ.
English Summary: Shubman Gill's '3-metre' DRS luck infuriates Nathan Lyon