ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും പൂജ്യം, 7 വർഷമായി സെഞ്ചറിയില്ലാത്തതിന്റെ നിരാശ, ട്വന്റി20 ടീമിൽ നിന്നു പുറത്തായതിന്റെ സങ്കടം... തെംബ ബവുമ എല്ലാം ഒരു സെഞ്ചറിയിൽ മറന്നു. ഉജ്വലമായ ഇന്നിങ്സോടെ ക്യാപ്റ്റൻ ബവുമ ടീമിന്റെ നെടുംതൂണായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 284 റൺസ് ജയം. മൂന്നാം ദിനം തന്നെ സെഞ്ചറി കടന്ന ബവുമയ്ക്ക് ഇന്നലെ ഒരു റൺ മാത്രമേ വ്യക്തിഗത സ്കോറിലേക്ക് കൂട്ടിച്ചേർക്കാനായുള്ളൂ എങ്കിലും അപ്പോഴേക്കും ദക്ഷിണാഫ്രിക്ക വിജയിക്കാവുന്ന സ്കോറിലെത്തിയിരുന്നു. ദക്ഷിണാഫ്രിക്ക കുറിച്ചു നൽകിയ 391 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വിൻഡീസ് 35.1 ഓവറിൽ 

106 റൺസിനു പുറത്തായി. 3 വിക്കറ്റ് വീതം നേടിയ ജെറാൾ‍ഡ് കുട്സീ, സൈമൺ ഹാർമർ, 2 വിക്കറ്റ് നേടിയ കഗീസോ റബാദ എന്നിവരാണ് വിൻഡീസിനെ തകർത്തത്. സ്കോർ: ദക്ഷിണാഫ്രിക്ക– 320, 321. വെസ്റ്റിൻഡീസ്–251,106. കരിയറിലെ രണ്ടാം സെഞ്ചറി നേടിയ ബവുമയാണ് (172) പ്ലെയർ ഓഫ് ദ് മാച്ച്. 2016 ജനുവരിയിലാണ് ബവുമ ആദ്യ ടെസ്റ്റ് സെഞ്ചറി നേടിയത്. പരമ്പര ദക്ഷിണാഫ്രിക്ക 2–0നു സ്വന്തമാക്കി. എയ്ഡൻ മാർക്രം പരമ്പരയുടെ താരമായി. 

താൻ ക്യാപ്റ്റനായി അരങ്ങേറിയ ഒന്നാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക 87 റൺസിനു ജയിച്ചിരുന്നെങ്കിലും ബവുമ 2 ഇന്നിങ്സിലും പൂജ്യത്തിനു പുറത്തായിരുന്നു. എന്നാൽ കളിച്ചു വളർന്ന വാണ്ടറേഴ്സ് സ്റ്റേഡിയത്തിലെ രണ്ടാം ടെസ്റ്റിൽ ബവുമ ഉയിർത്തെഴുന്നേറ്റു. രണ്ടാം ഇന്നിങ്സിൽ ആതിഥേയർ 2 വിക്കറ്റ് നഷ്ടത്തിൽ 8 റൺസ് എന്ന നിലയിലായിരിക്കേ ക്രീസിലെത്തിയ ബവുമ ടീമിനെ 293ൽ എത്തിച്ച ശേഷം എട്ടാമനായാണ് ഇന്നലെ പുറത്തായത്. 280 പന്തിൽ 20 ഫോറുകൾ ഉൾപ്പെടുന്നതാണ് ബവുമയുടെ ഇന്നിങ്സ്. വിയാൻ മുൾഡർ (42) ബവുമയുടെ സെഞ്ചറിക്കു കൂട്ടായി. ബവുമയുടെ കുടുംബാംഗങ്ങൾ ഗാലറിയിലുണ്ടായിരുന്നു. 

Englih Summary : South Africa defeats Westindies by 284 runs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com