വിശാഖപട്ടണം∙ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് വമ്പൻ വിജയം. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഓസീസ് താരങ്ങള്‍ സമ്പൂർണ ആധിപത്യം പുലർത്തിയ മത്സരത്തിൽ പത്തു വിക്കറ്റിനാണ് ഓസ്ട്രേലിയയുടെ വിജയം. ഇന്ത്യ ഉയർത്തിയ 118 റൺസ് വിജയലക്ഷ്യത്തിൽ 11 ഓവറിൽ വിക്കറ്റുപോകാതെ ഓസ്ട്രേലിയ എത്തി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1–1 എന്ന നിലയിലായി. 23ന് ചെന്നൈയിൽ നടക്കുന്ന മൂന്നാം ഏകദിനത്തില്‍ വിജയിക്കുന്നവർക്കു പരമ്പര സ്വന്തമാക്കാം.
ഇന്ത്യൻ ബാറ്റർമാർ തകർന്നടിഞ്ഞ വിശാഖപട്ടണത്തെ ഗ്രൗണ്ടിൽ അനായാസമായിരുന്നു ഓസ്ട്രേലിയയുടെ മറുപടി ബാറ്റിങ്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും മിച്ചല്‍ മാർഷും അർധ സെഞ്ചറി നേടി. ഹെഡ് 30 പന്തിൽ 51 റൺസെടുത്തപ്പോൾ മിച്ചൽ മാർഷ് 36 പന്തിൽ 66 റൺസ് നേടി. ആറ് സിക്സുകളാണ് ഗാലറിയിലേക്കു മിച്ചൽ മാർഷ് അടിച്ചുവിട്ടത്. ഇന്ത്യ ആകെ അടിച്ചത് രണ്ടു സിക്സുകൾ മാത്രം, ഓൾ റൗണ്ടര്‍ അക്ഷർ പട്ടേലിന്റെ വകയായിരുന്നു അത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 117 റൺസാണു നേടിയത്. ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യ സ്വന്തം നാട്ടിൽ നേടുന്ന ഏറ്റവും കുറഞ്ഞ സ്കോറാണിത്. 35 പന്തിൽ 31 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. പേസർമാരായ മിച്ചല്‍ സ്റ്റാര്‍ക്കും സീൻ ആബട്ടും തകർത്തെറിഞ്ഞപ്പോൾ കഷ്ടിച്ചാണ് ഇന്ത്യ 100 പിന്നിട്ടത്. സ്റ്റാർക്ക് അഞ്ചും സീൻ ആബട്ട് മൂന്നു വിക്കറ്റുകളും വീഴ്ത്തി.
മൂന്ന് റൺസെടുത്തു നിൽക്കെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ മാർനസ് ലബുഷെയ്ന്‍ ക്യാച്ചെടുത്താണ് ശുഭ്മൻ ഗില്ലിനെ പുറത്താക്കിയത്. രണ്ടു പന്തുകൾ നേരിട്ട ഗിൽ പൂജ്യത്തിനു പുറത്താകുകയായിരുന്നു. രോഹിത് ശർമയെ കൂട്ടുപിടിച്ച് വിരാട് കോലി സ്കോറുയർത്താൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ പ്രതിരോധം 32 റൺസ് വരെ മാത്രമേ നീണ്ടുള്ളൂ. 15 പന്തിൽ 13 റൺസെടുത്ത ഇന്ത്യൻ ക്യാപ്റ്റനെ സ്റ്റാർക് പുറത്താക്കി. ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ചിലായിരുന്നു രോഹിത്തിന്റെ പുറത്താകൽ.
നേരിട്ട ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് എല്‍ബിയിൽ കുടുങ്ങി മടങ്ങി. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചറി നേടിയ കെ.എൽ. രാഹുലിനും തിളങ്ങാനായില്ല. 12 പന്തിൽ 9 റൺസെടുത്ത രാഹുലിനെ പുറത്താക്കിയതും മിച്ചൽ സ്റ്റാർക്കാണ്. സീൻ ആബട്ടിന്റെ പന്തിൽ സ്മിത്തിന്റെ ക്യാച്ചിലാണു പാണ്ഡ്യയുടെ മടക്കം.
രവീന്ദ്ര ജഡേജയെ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുത്തു പുറത്താക്കി. കുൽദീപ് യാദവിന്റെയും മുഹമ്മദ് ഷമിയുടേയും വിക്കറ്റ് സീൻ ആബട്ടിനാണ്. മുഹമ്മദ് സിറാജിനെ ബോൾഡാക്കി സ്റ്റാർക്ക് വിക്കറ്റ് നേട്ടം അഞ്ചാക്കി ഉയർത്തി. മിച്ചൽ സ്റ്റാർക്കിനെ തുടർച്ചയായി രണ്ടു തവണ സിക്സ് പറത്തിയ അക്സർ പട്ടേൽ 29 പന്തിൽ 29 റണ്‍സുമായി പുറത്താകാതെനിന്നു. ടോസ് നേടിയ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു.
English Summary : India vs Australia second ODI Cricket match update