ADVERTISEMENT

ഇസ്‍ലാമബാദ്∙ ഏഷ്യാ കപ്പ് ക്രിക്കറ്റിനായി പാക്കിസ്ഥാൻ സന്ദർശിക്കേണ്ടതില്ലെന്ന നിലപാട് ഇന്ത്യ തുടരുന്നതിനിടെ ആരോപണവുമായി പാക്കിസ്ഥാൻ മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. സുരക്ഷ നോക്കുകയാണെങ്കിൽ മുൻപ് ഇന്ത്യയിൽ വന്നപ്പോൾ പാക്കിസ്ഥാൻ ടീമിനു നേരെ ഭീഷണിയുണ്ടായെന്ന് അഫ്രീദി ആരോപിച്ചു. ഒരു ഇന്ത്യക്കാരന്‍ ഭീഷണിപ്പെടുത്തിയെന്ന് അഫ്രീദി പറയുമ്പോഴും ആളുടെ പേരു വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. ഭീഷണിയുണ്ടായിട്ടും പാക്കിസ്ഥാൻ ടീം അന്ന് ഇന്ത്യയിൽ കളിച്ചിരുന്നെന്നും അഫ്രീദി അവകാശപ്പെട്ടു.

‘‘ഇന്ത്യയാണ് ഏഷ്യാ കപ്പ് കളിക്കില്ലെന്നു പറയുന്നത്. ഇന്ത്യൻ ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചാൽ ഞങ്ങള്‍ സന്തോഷത്തോടെ സ്വീകരിക്കും. പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് മുംബൈയിലെ ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ അതൊരു ഉത്തരവാദിത്തമായി എടുത്ത് പാക്കിസ്ഥാൻ ടീമിനെ ഇന്ത്യയിലെത്തിക്കുകയാണ് പാക്ക് സർക്കാർ അന്നു ചെയ്തത്.’’– ലെജൻഡ്സ് ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി മാധ്യമങ്ങളോടു സംസാരിക്കുന്നതിനിടെ അഫ്രീദി പറഞ്ഞു.

‘‘അന്നത്തെ ആ സംഭവത്തിൽ ഭീഷണികൾ നമ്മുടെ ബന്ധത്തെ ബാധിച്ചില്ല. ഭീഷണികള്‍ അവിടെ ബാക്കിയായി.’’– അഫ്രീദി പ്രതികരിച്ചു. 2005ൽ പാക്കിസ്ഥാൻ ടീം ഇന്ത്യയിൽ കളിക്കാനെത്തിയ സമയത്തെ ഓര്‍മകളും അഫ്രീദി മാധ്യമങ്ങളോടു പങ്കുവച്ചു. ‘‘ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കു വന്നാൽ അതു വളരെ നല്ലൊരു കാര്യമായിരിക്കും. ഇതു യുദ്ധങ്ങളുടെയും പോരാട്ടങ്ങളുടേയും തലമുറയല്ല. നല്ല ബന്ധങ്ങളാണു നമുക്ക് ആവശ്യം. ഞങ്ങൾ ഇന്ത്യയിൽ കളിക്കാനെത്തിയപ്പോൾ വളരെ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.’’– അഫ്രീദി പറഞ്ഞു.

ഇന്ത്യ ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിൽ വന്നില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കുമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ കളിക്കില്ലെന്നായിരുന്നു അവരുടെ ഭീഷണി. അതേസമയം ഏഷ്യാ കപ്പ് വേദിയെച്ചൊല്ലിയുള്ള ആശയക്കുഴപ്പം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ യോഗത്തോടെ അവസാനിക്കുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യയുടെ മത്സരങ്ങൾ മാത്രം പാക്കിസ്ഥാനിൽനിന്നു മാറ്റുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

English Summary: An Indian Threatened Pakistan Team: Shahid Afridi's Big Claim

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com