സൂനാമി തിരമാലകൾക്ക് ഒരു പ്രത്യേകതയുണ്ട്. തീരത്തിനു തൊട്ടടുത്ത് എത്തുന്നതു വരെ അവ വളരെ ശാന്തവും സാധാരണ തിരമാലകൾക്ക് സമാനവുമായിരിക്കും. പക്ഷേ, തീരത്തണയുന്നതിനു തൊട്ടുമുൻപ് ഉഗ്രരൂപം പ്രാപിക്കും. മിച്ചൽ സ്റ്റാർക് എന്ന ഓസ്ട്രേലിയയുടെ ഇടംകയ്യൻ പേസറുടെ ബോളിങ് ആക്‌ഷനും ഇപ്രകാരമാണ്. ഇന്ത്യ– ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇപ്രകാരം ആഞ്ഞടിച്ച സ്റ്റാർക് തിരമാലയിലാണ് ഇന്ത്യൻ ബാറ്റിങ് ദയനീയമായി തകർന്നടിഞ്ഞത്. റണ്ണപ് തുടങ്ങി ബോളിങ് ക്രീസിൽ എത്തുന്നതുവരെ സ്റ്റാർക് തികച്ചും ഒരു സാധാരണ ബോളറാണ്. എന്നാൽ ബോളിങ് ക്രീസിനും പോപ്പിങ് ക്രീസിനുമിടയിലെ ജംപും ലാൻഡിങ്ങും ഓരോ പന്തിനും നൽകുന്ന എക്സ്ട്രാ എഫർട്ടുമാണ് സ്റ്റാർക്കിനെ ലോകത്തിലെ ഏറ്റവും അപകടകാരിയായ ബോളർമാരിൽ ഒരാളാക്കിമാറ്റുന്നത്.
പുൾ ദ് ചെയിൻ
ആറടി ആറിഞ്ചാണ് ഈ മുപ്പത്തിമൂന്നുകാരൻ ഓസീസ് പേസറുടെ ഉയരം. ഈ ഉയരം പരമാവധി ഉപയോഗപ്പെടുത്തി ‘പുൾ ദ് ചെയിൻ’ ആക്‌ഷനിലാണ് (ട്രെയ്നിന്റെ ബ്രേക്ക് ചെയിൻ താഴേക്കു വലിക്കുന്നതിനു സമാനമായ രീതി. ബ്രെറ്റ് ലീ, മിച്ചൽ ജോൺസൺ തുടങ്ങിയവരുടെ ആക്‌ഷനും ഈ രീതിയിലായിരുന്നു) സ്റ്റാർക് ബോൾ ചെയ്യുന്നത്. അതുകൊണ്ടുതന്നെ റണ്ണപ്പിലെ സ്വാഭാവിക താളത്തിലൂടെയല്ല, മറിച്ച് ആക്‌ഷൻ സമയത്ത് ഷോൾഡറും ശരീരവും ഉപയോഗിച്ചാണ് സ്റ്റാർക് വേഗം കണ്ടെത്തുന്നത്. സ്റ്റാർക്കിന്റെ ഫോളോത്രൂവും ഉയരവും ഇതിൽ പ്രധാന ഘടകങ്ങളാണ്.
വിക്കറ്റ് ടു വിക്കറ്റ്
തന്റെ കരിയറിൽ സ്റ്റാർക് നേടിയ വിക്കറ്റുകളിൽ 45 ശതമാനവും ബോൾഡോ എൽബിഡബ്ല്യുവോ ആണ്. ക്രിക്കറ്റിലെ അടിസ്ഥാന തത്വമായ വിക്കറ്റ് ടു വിക്കറ്റ് ബോളിങ് രീതിയാണ് സ്റ്റാർക് പിന്തുടരുന്നത്. വിക്കറ്റിലേക്കു തന്നെ തുടരെ പന്തെറിയുക, ബാറ്റർ പന്ത് മിസ് ചെയ്താൽ വിക്കറ്റ് നേടുക– അതാണ് സ്റ്റാർക്കിന്റെ സക്സസ് മന്ത്ര. ഈ കൃത്യതയാണ് സ്റ്റാർക്കിനെ അപകടകാരിയാക്കുന്നത്. രണ്ടാം ഏകദിനത്തിൽ സ്റ്റാർക് നേടിയ അഞ്ചിൽ 3 വിക്കറ്റും എൽബിഡബ്ല്യുവോ ബോൾഡോ ആയിരുന്നു. 2015, 2019 ഏകദിന ലോകകപ്പുകളിൽ വിക്കറ്റ് വേട്ടക്കാരുടെ ലിസ്റ്റിൽ സ്റ്റാർക്കിനെ ഒന്നാമനാകാൻ സഹായിച്ചതും ഈ ‘യൂ മിസ് ഐ ഹിറ്റ്’ തിയറിയായിരുന്നു.
ബോളിങ് ആംഗിൾ
ഇടംകയ്യൻ പേസ് ബോളർമാർക്ക് സവിശേഷമായി ലഭിക്കുന്ന ഇൻസ്വിങ്ങിങ് കഴിവ് സ്റ്റാർക്കിനുമുണ്ട്. ഈ സ്വിങ്ങിനൊപ്പം എറൗണ്ട് ദ് വിക്കറ്റ് (ഇടംകയ്യൻ ബോളർമാർ വിക്കറ്റിന്റെ ഇടതു വശത്തു നിന്ന് പന്തെറിയുന്ന രീതി) ബോൾ ചെയ്യുമ്പോൾ ഉണ്ടാവുന്ന ബോളിങ് ആംഗിളും സ്റ്റാർക്കിന്റെ ഇൻസ്വിങ്ങിന് ആക്കം കൂട്ടുന്നു. അതുകൊണ്ടാണ് വലംകയ്യൻ ബാറ്റർമാരുടെ ഫോർത്ത് സ്റ്റംപ് ലക്ഷ്യമാക്കി വരുന്ന ‘സ്റ്റാർക് ഡെലിവറി’ വായുവിലും പിന്നീട് പിച്ച് ചെയ്ത ശേഷവും സ്വിങ് ചെയ്ത് മിഡിൽ ആൻഡ് ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി വരുന്നത്. പിച്ചിൽ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കിൽ പോലും ഈ ബോളിങ് ആംഗിൾ വഴി പന്തിനെ അകത്തേക്കു കൊണ്ടുവരാൻ സ്റ്റാർക്കിന് സാധിക്കും.
സ്റ്റാർക് സ്പെഷൽ
ബാറ്റർമാരുടെ കാൽപാദം തുളച്ച് വിക്കറ്റിനകത്തേക്ക് കയറുന്ന തന്റെ വജ്രായുധമായ സ്പെഷൽ യോർക്കർ ബോളിങ്ങിൽ സ്റ്റാർക് കാത്തുസൂക്ഷിക്കുന്ന അച്ചടക്കത്തിന്റെയും കൃത്യതയുടെയും ഫലമാണ്. ന്യൂ ബോളിങ്ങിൽ ഇൻസ്വിങ്ങിങ് യോർക്കറുകളും ബോൾ പഴകുമ്പോൾ റിവേഴ്സ് സ്വിങ്ങിങ് യോർക്കറുകളും എറിയാൻ സ്റ്റാർക്കിനു സാധിക്കുന്നു. ഇതിനൊപ്പം മണിക്കൂറിൽ ശരാശരി 145 കിലോമീറ്റർ വേഗത്തിൽ സ്ഥിരതയോടെ പന്തെറിയാനുള്ള കഴിവും സ്റ്റാർക്കിനെ നിലവിൽ ലോകക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബോളറാക്കി മാറ്റുന്നു.
English Summary: How Mitchell Starc thrashed Indian batters