കഴിഞ്ഞ സീസണിൽ ആഞ്ഞടിച്ച കോവിഡ് ചൂടിൽ വാടിക്കൊഴിഞ്ഞ പ്രതാപം വീണ്ടെടുക്കണം. ഇത്തവണ ‘പെരിയ വിസിൽ’ തന്നെ അടിക്കണം ! ചെപ്പോക്ക് സ്റ്റേഡിയത്തിൽ വീണ്ടും ഐപിഎൽ കാഹളമുയരുമ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ പ്രതീക്ഷയിലാണ്. 4 തവണ ഐപിഎൽ ചാംപ്യന്മാരായ ചെന്നൈയുടെ ഏറ്റവും മോശം പ്രകടനത്തിനാണ് കഴിഞ്ഞ സീസൺ സാക്ഷിയായത്. 14 മത്സരങ്ങളിൽ ജയിച്ചത് വെറും 4 കളികളിൽ മാത്രം. 8 പോയിന്റുമായി 9–ാം സ്ഥാനത്തായിരുന്നു സീസൺ അവസാനിപ്പിച്ചത്. എന്നാൽ കൊച്ചിയിൽ നടന്ന താരലേലത്തിൽ അത്യാവശ്യം മിനുക്കു പണികൾ നടത്തിയാണ് പുതിയ സീസണിനായി ചെന്നൈ ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ സീസണിലെ താരം സാം കറനെ നഷ്ടമായപ്പോൾ ഇംഗ്ലിഷ് സൂപ്പർതാരം ബെൻ സ്റ്റോക്സിനെ ടീമിലെത്തിച്ചു. എം.എസ്.ധോണി തന്നെ ടീമിനെ നയിക്കും.
ശക്തി
രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്സ്, മൊയീൻ അലി, മിച്ചൽ സാന്റ്നർ എന്നിവരടങ്ങുന്ന ഓൾറൗണ്ടർമാരുടെ വൻനിരയാണ് ചെന്നൈയുടെ ശക്തി. ജഡേജ, സാന്റ്നർ എന്നീ ഇടംകയ്യൻ സ്പിന്നർമാർക്കൊപ്പം ശ്രീലങ്കൻ താരം മഹേഷ് തീക്ഷണ കൂടി ചേരുന്നതോടെ ടൂർണമെന്റിലെ തന്നെ ഏറ്റവും ശക്തമായ സ്പിൻ നിരയും തയാർ. ഋതുരാജ് ഗെയ്ക്‌വാദും ന്യൂസീലൻഡിന്റെ ഡെവൻ കോൺവേയുമാണ് ഓപ്പണർമാർ.
ദൗർബല്യം
പേസ് നിരയിൽ വമ്പൻ പേരുകളില്ല. ദീപക് ചാഹർ മാത്രമാണ് രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുള്ള പേസർ. കൈൽ ജയ്മിസൻ പരുക്കേറ്റു പുറത്തായതും തിരിച്ചടിയായി. ബാറ്റിങ് മധ്യനിരയിൽ ധോണി, മൊയീൻ, റായുഡു എന്നിവർ 35നു മുകളിൽ പ്രായമുള്ളവരാണ്. പരുക്കേറ്റു താരങ്ങൾ പുറത്തായാൽ പകരം കളിപ്പിക്കാവുന്ന രാജ്യാന്തര താരങ്ങൾ കുറവ്.
TEAM OVERVIEW
മുഖ്യ പരിശീലകൻ: സ്റ്റീഫൻ ഫ്ലെമിങ്
ബാറ്റിങ് കോച്ച്: മൈക്ക് ഹസി
ബോളിങ് കോച്ച്: ഡ്വെയ്ൻ ബ്രാവോ
ക്യാപ്റ്റൻ: എം.എസ്.ധോണി
പ്രധാന താരങ്ങൾ: ബെൻ സ്റ്റോക്സ് (16.25 കോടി രൂപ), രവീന്ദ്ര ജഡേജ (16 കോടി), ദീപക് ചാഹർ (14 കോടി), എം.എസ്.ധോണി (12 കോടി), മൊയീൻ അലി (8 കോടി), ഋതുരാജ് ഗെയ്ക്‌വാദ് (6 കോടി)
ടീമിന്റെ ശരാശരി പ്രായം: 28
പ്രായം കൂടിയ താരം: എം.എസ്.ധോണി (41 വർഷം 261 ദിവസം)
പ്രായം കുറഞ്ഞ താരം: ഷെയ്ഖ് റഷീദ് (18 വർഷം 184 ദിവസം)
ഹോം ഗ്രൗണ്ട്: എം.എ.ചിദംബരം സ്റ്റേഡിയം, ചെന്നൈ
ആദ്യ മത്സരം: ചെന്നൈ–ഗുജറാത്ത്, മാർച്ച് 31, അഹമ്മദാബാദ്)
English Summary: Chennai Super Kings, IPL 2023