ഋഷഭ് പന്തിനെ സന്ദർശിച്ച് ശ്രീശാന്ത്, ഒപ്പം ഹർഭജൻ സിങ്ങും റെയ്നയും; ചിത്രം വൈറൽ

Mail This Article
മുംബൈ∙ വാഹനാപകടത്തിൽ പരുക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിനെ സന്ദർശിച്ച് മുൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. ഇന്ത്യൻ ടീമിൽ സഹതാരങ്ങളായിരുന്ന ഹർഭജന്‍ സിങ്, സുരേഷ് റെയ്ന എന്നിവർക്കൊപ്പമാണ് ശ്രീശാന്ത് ഋഷഭ് പന്തിനെ കാണാനെത്തിയത്. പരുക്കു മാറി ഋഷഭ് പന്ത് ഫീനിക്സിനെപ്പോലെ കുതിച്ചുയരുമെന്ന് സുരേഷ് റെയ്ന സമൂഹമാധ്യമത്തിൽ കുറിച്ചു.
‘‘ഞങ്ങളുടെ സഹോദരന് എല്ലാ ആശംസകളും, അദ്ദേഹത്തിന്റെ പരുക്ക് വേഗത്തില്‍ മാറട്ടെ. ഞങ്ങൾ നിന്റെ കൂടെ എപ്പോഴും ഉണ്ടാകും. നിങ്ങൾ ഫീനിക്സ് പക്ഷിയെപ്പോലെ ഉയരെ പറക്കട്ടെ.’’– ഋഷഭ് പന്തിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് സുരേഷ് റെയ്ന സമൂഹമാധ്യമത്തിൽ കുറിച്ചു. കഴിഞ്ഞ വർഷം ഡിസംബറിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ ഋഷഭ് പന്തിനു ക്രിക്കറ്റിലേക്കു തിരിച്ചെത്താൻ ഒരു വർഷത്തോളം സമയം വേണ്ടിവരുമെന്നാണു വിവരം.
മാർച്ച് 31 ന് തുടങ്ങുന്ന ഇന്ത്യൻ പ്രീമിയർ ലീഗും ഏഷ്യാ കപ്പ്, ഏകദിന ലോകകപ്പ് മത്സരങ്ങളും പന്തിനു നഷ്ടമാകും. കാർ ഓടിച്ചു വീട്ടിലേക്കു പോകുംവഴി ഡെറാഡൂൺ– ഡൽഹി ദേശീയപാതയിൽവച്ചാണ് വാഹനാപകടമുണ്ടായത്. ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയതാണു അപകടത്തിനു കാരണമെന്നു ഋഷഭ് പന്ത് നേരത്തേ വെളിപ്പെടുത്തിയിരുന്നു.
English Summary: Suresh Raina, Harbhajan Singh, Sreesanth meet Rishabh Pant