ADVERTISEMENT

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വാർഷിക കരാർ പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഈ വർഷം ഇന്ത്യയിൽവച്ചു തന്നെ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ കരാറിൽ പുതുതായി ഉൾപ്പെടുന്ന താരങ്ങൾ ആരൊക്കെയാണെന്നതിൽ ആകാംക്ഷ നിലനിന്നിരുന്നു. മലയാളി താരം സഞ്ജു സാംസൺ കരാറിൽ ഉൾപ്പെട്ടതോടെ കേരളത്തിലെ ക്രിക്കറ്റ് ആരാധകരും പ്രതീക്ഷയിലാണ്. എന്നാൽ പട്ടിക സംബന്ധിച്ച് ബിസിസിഐക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. ജസ്പ്രീത് ബുമ്ര, ശിഖർ ധവാൻ, ഉമ്രാൻ മാലിക്ക് എന്നിവരുടെ പേരുകളാണ് പ്രധാനമായും ചർച്ചയായത്.

ഏഴു കോടി രൂപ വാർഷിക പ്രതിഫലമുള്ള എ പ്ലസ് കരാറിൽ വിരാട് കോലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ എന്നിവർക്കൊപ്പം ജസ്പ്രീത് ബുമ്രയുടെ പേരും ഉൾപ്പെടുത്തിയതിനാണ് വിമർശനം. 2022 സെപ്റ്റംബറിൽ അവസാനമായി കളിച്ച ബുമ്രയെ എന്തടിസ്ഥാനത്തിലാണ് എ പ്ലസ് ഗ്രേഡിൽ നിലനിർത്തിയതെന്നാണ് പലരുടെയും ചോദ്യം. ലോകകപ്പിൽ ബുമ്ര കളിക്കാനുള്ള സാധ്യതകളെക്കുറിച്ചും ചിലർ ചോദ്യമുയർത്തുന്നു. കൃത്യമായ ഇടവേളകളിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് ‘ട്രിപ്പ്’ പോകുന്നതിനും വിശ്രമിക്കുന്നതിനുമാണോ കോടികൾ കൊടുക്കുന്നതെന്നും പരിഹാസം.

മൂന്നു ഫോർമാറ്റുകളിൽനിന്നും പുറത്തായ ശിഖർ ധവാനുമായുള്ള കരാർ നിലനിർത്തിയതിലെ യുക്തിയും ആരാധകർ ചോദ്യം ചെയ്യുന്നു. കഴിഞ്ഞ വർഷം ഡിസംബറിലാണ് ശിഖർ ധവാൻ ഇന്ത്യക്കു വേണ്ടി അവസാനമായി ഏകദിനം കളിച്ചത്. പിന്നീട് ശുഭ്മാൻ ഗിൽ ഓപ്പണർ സ്ഥാനമുറപ്പിച്ചതോടെ ശിഖർ ധവാൻ ടീമിൽനിന്നു പുറത്തായി. ഇനി ധവാനെ പരിഗണിക്കാനുള്ള സാധ്യതയും വിരളമാണ്. ഒരേ സമയം രണ്ടു പരമ്പരകൾ വന്നാൽ മാത്രമേ ശിഖർ ധവാന് ഇനി ഇന്ത്യൻ ജഴ്സി അണിയാൻ നേരിയ സാധ്യതയെങ്കിലും ഉള്ളൂ. അതുകൊണ്ടു തന്നെ ലോകകപ്പ് വർഷത്തിൽ ശിഖർ ധവാനുമായുള്ള കരാർ എന്തിനു പുതുക്കിയെന്നാണ് ബിസിസിഐക്കു നേരേയുള്ള ചോദ്യം.

പേസ് ബോളർ ഉമ്രാൻ മാലിക്കിനെ കരാറിൽ ഉൾപ്പെടുത്താത്തതിലും ചിലർ അമർഷ്യം രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ഉമ്രാൻ മാലിക്ക്, 16 വൈറ്റ് ബോൾ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും 24 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. ഈ വർഷം ജനുവരിയിൽ സ്വന്തം തട്ടകത്തിൽ നടന്ന ന്യൂസീലൻഡ് പരമ്പരയിലാണ് ഉമ്രാൻ അവസാനമായി കളിച്ചത്. ഉമ്രാൻ മാലിക്ക് ഇന്ത്യയുടെ ലോകകപ്പ് പ്ലാനിൽ ഇല്ലേയെന്നാണ് ആരാധാകർക്ക് അറിയേണ്ടത്.

കരാറിൽ ഹാർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ എന്നിവർക്ക് എ ഗ്രേഡിലേക്ക് (5 കോടി രൂപ) പ്രമോഷൻ ലഭിച്ചപ്പോൾ കെ.എൽ.രാഹുലിനെ എയിൽ നിന്ന് ബി ഗ്രേഡിലേക്ക് (3 കോടി) താഴ്ത്തി. ആർ.അശ്വിനും മുഹമ്മദ് ഷമിയും കാറടപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തും എ ഗ്രേഡ് കരാറിൽ തുടരും. നേരത്തേ സി കരാറിലായിരുന്ന ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ് എന്നീ ബാറ്റർമാർക്ക് ബി ഗ്രേഡിലേക്ക് പ്രമോഷൻ ലഭിച്ചു. അജിൻ‌ക്യ രഹാനെ, ഭുവനേശ്വർ കുമാര്‍, ഇഷാന്ത് ശർമ, മയാങ്ക് അഗർവാൾ, ഹനുമാ വിഹാരി, വൃദ്ധിമാൻ സാഹ, ദീപക് ചാഹര്‍ തുടങ്ങിയവരെ വാർഷിക കരാറിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ബിസിസിഐ കരാർ പട്ടിക

എ പ്ലസ്– രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ

എ– ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്ഷർ പട്ടേൽ

ബി– ചേതേശ്വർ പൂജാര, കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ.

സി– ഉമേഷ് യാദവ്, ശിഖർ ധവാൻ, ഷാർദൂൽ ഠാക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്‍വേന്ദ്ര ചെ‌ഹൽ, കുൽദീപ് യാദവ്, വാഷിങ്ടന്‍ സുന്ദർ, സഞ്ജു സാംസൺ, അർഷ്ദീപ് സിങ്, കെ.എസ്. ഭരത്.

English Summary: 'Umran not in WC plans, Dhawan still there? Bumrah getting crores...': BCCI blasted after player contract revelation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com