അഹമ്മദാബാദ്∙ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ മത്സരത്തിനൊരുങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് തുടക്കത്തിലേ തിരിച്ചടി. ക്യാപ്റ്റൻ എം.എസ്. ധോണിക്കു പരുക്കേറ്റെന്നാണു പുറത്തുവരുന്ന വിവരം. ധോണിക്കു പരിശീലനത്തിന് ഇടയിൽ കാൽമുട്ടിന് പരുക്കേറ്റെന്ന് ഇൻസൈഡ് സ്പോർട് റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ ധോണി കളിക്കുമോയെന്ന കാര്യം സംശയത്തിലായി. സംഭവത്തിൽ പ്രതികരിക്കാൻ ചെന്നൈ സൂപ്പർ കിങ്സ് ടീം തയാറായിട്ടുമില്ല.
ധോണി കളിച്ചില്ലെങ്കിൽ ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്സ് ആയിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. ഉദ്ഘാടന മത്സരത്തിനായി ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമും ബുധനാഴ്ച തന്നെ അഹമ്മദാബാദിലെത്തിയിരുന്നു. ബെൻ സ്റ്റോക്സ് ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ ബോൾ ചെയ്യില്ലെന്ന് ടീം അറിയിച്ചിട്ടുണ്ട്. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇടംകാലിനേറ്റ പരുക്ക് പൂർണമായും ഭേദമാകാത്തതിനാലാണിത്.
എന്നാൽ ബാറ്ററുടെ റോളിൽ സ്റ്റോക്സ് ടീമിൽ കാണുമെന്ന് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു. താരലേലത്തിൽ 16.25 കോടി രൂപയ്ക്കാണ് ചെന്നൈ സ്റ്റോക്സിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ രാജസ്ഥാന്റെ താരമായിരുന്നു ബെൻ സ്റ്റോക്സ്. കഴിഞ്ഞ ഐപിഎല്ലില്‍ ഒൻപതാം സ്ഥാനത്താണ് ചെന്നൈ കളി അവസാനിപ്പിച്ചത്.
English Summary: Chennai Super Kings captain limps during practice session