സഞ്ജു അധികം മത്സരങ്ങൾ കളിക്കാത്തത് വിശ്വസിക്കാനാകുന്നില്ല: ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ

Mail This Article
മുംബൈ∙ മികവു നോക്കിയാൽ സഞ്ജു സാംസൺ ഇന്ത്യയ്ക്കായി കൂടുതൽ മത്സരങ്ങള്‍ കളിക്കേണ്ട താരമാണെന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ഒയിൻ മോർഗൻ. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ സഞ്ജു സാംസന്റെ തകർപ്പൻ ബാറ്റിങ്ങിനു ശേഷമാണ് ഒരു സ്പോർട്സ് മാധ്യമത്തില്‍ സംസാരിക്കവേ മോർഗൻ ഇക്കാര്യം പറഞ്ഞത്. ‘‘സഞ്ജു സാംസൺ രാജ്യാന്തര ക്രിക്കറ്റിൽ കൂടുതൽ കളിക്കാത്തതു വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. ബാക്ക്ഫൂട്ടിൽ സഞ്ജുവിന്റെ ഷോട്ടുകൾ അവിശ്വസനീയമാണ്.’’– മോർഗൻ പറഞ്ഞു.
സൺറൈസേഴ്സ് സ്പിന്നർ ആദിൽ റാഷിദിനെ സഞ്ജു കൈകാര്യം ചെയ്ത രീതിയെയും മോർഗൻ പ്രശംസിച്ചു. ‘‘ആദിൽ റാഷിദിനെതിരെ അത്തരം ഷോട്ടുകൾ കളിക്കുന്ന അധികം താരങ്ങൾ ഇവിടെയില്ല. കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള ബൗളറാണ് ആദിൽ റാഷിദ്. മികച്ച രീതിയിലാണ് സഞ്ജു ഐപിഎൽ സീസണ്‍ തുടങ്ങിയിരിക്കുന്നത്. അതു നമ്മൾ മുന്‍പും കണ്ടിട്ടുണ്ട്. സഞ്ജുവിന് ഇതേ പ്രകടനം തുടരാനാകുമോ?’’– ഒയിൻ മോർഗൻ പ്രതികരിച്ചു.
ആദ്യ മത്സരത്തില്‍ 32 പന്തുകളിൽനിന്ന് 55 റൺസാണു സഞ്ജു സാംസൺ നേടിയത്. 19–ാം ഓവറിൽ സിക്സിനു ശ്രമിച്ച സഞ്ജുവിനെ ബൗണ്ടറിക്ക് സമീപത്തുവച്ച് അഭിഷേക് ശർമ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 72 റൺസിനാണു രാജസ്ഥാൻ റോയല്‍സ് വിജയിച്ചത്. ബുധനാഴ്ച നടക്കുന്ന രണ്ടാം മത്സരത്തിൽ പഞ്ചാബ് കിങ്സാണ് രാജസ്ഥാന്റെ എതിരാളികൾ. ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽവച്ചാണു മത്സരം.
English Summary: Hard to believe Sanju Samson doesn’t play more for India, says Eoin Morgan