മൂന്ന് പന്തിൽ അടിച്ചത് 12 റൺസ്, വിജയമാർജിനും 12 റൺസ്; ഇത് മാജിക്കൽ ധോണിയിസം
Mail This Article
ചിലർ ചില സ്ഥലങ്ങളിൽ എത്തിയാൽ മതി, മാജിക് സംഭവിക്കും! മഹേന്ദ്ര സിങ് ധോണിക്കു ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയവുമായി അങ്ങനെയൊരു ബന്ധമുണ്ട്. കോവിഡ് പ്രതിസന്ധിക്കു ശേഷം ചെപ്പോക്കിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ ഹോം മത്സരം തന്നെ അത്തരമൊരു മാജിക്കിനു വേദിയായി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ 20-ാം ഓവറിൽ വെറും 3 പന്താണ് ധോണി നേരിട്ടത്. പക്ഷേ, രണ്ടു കൂറ്റൻ സിക്സർ പറത്തി 12 റൺസ് നേടി നായകൻ മടങ്ങുമ്പോൾ, ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ ചെന്നൈയുടെ വിജയമാർജിൻ വിധി കാത്തുവച്ച മാജിക് പോലെ 12 റൺസായിരിക്കുമെന്ന് ആരും ഓർത്തിട്ടുണ്ടാകില്ല!
4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് നേടിയ മൊയീൻ അലിയാണ് ചെന്നൈയുടെ പ്ലെയർ ഓഫ് ദ് മാച്ചെങ്കിലും യഥാർഥ വിജയശിൽപി ക്യാപ്റ്റൻ ധോണി തന്നെയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറിൽ 7ന് 217 റൺസ് നേടിയപ്പോൾ ലക്നൗവിന്റെ മറുപടി 20 ഓവറിൽ 7ന് 205 റൺസിൽ അവസാനിച്ചു.
ഇംഗ്ലിഷ് ബോളർ മാർക്ക് വുഡിന്റെ തീയുണ്ടകളെ സിക്സറാക്കി തിരിച്ചുപറത്തിയായിരുന്നു മഹേന്ദ്രജാലത്തിന്റെ തുടക്കം. ഓഫ് സ്റ്റംപിനു പുറത്ത് പിച്ച് ചെയ്ത 149 കിലോമീറ്റർ വേഗമുള്ള പന്ത്, കൈക്കുഴ ഒന്നു കറക്കി സ്ക്വയർകട്ടിലൂടെ ധോണി പറത്തിവിട്ടപ്പോൾ, ലാൻഡ് ചെയ്തത് ഡീപ് പോയിന്റ് ബൗണ്ടറിക്കുമപ്പുറം. അടുത്ത പന്ത് മാരകമായൊരു ഹുക്ക് ഷോട്ടിലൂടെ സ്ക്വയർലെഗ് ബൗണ്ടറിക്കു പിന്നിൽ.
മറുപടി ബാറ്റിങ്ങിൽ, കൈൽ മെയേഴ്സിന്റെ വെടിക്കെട്ടിന്റെ കരുത്തിൽ പവർപ്ലേയിൽ ലക്നൗ വിക്കറ്റ് നഷ്ടമില്ലാതെ 79 റൺസ് നേടിയപ്പോൾ ധോണി സിഎസ്കെയുടെ അസ്സൽ തലപതിയായി. ഓഫ് സ്പിന്നർ മൊയീൻ അലിയെയും ഇടംകൈ സ്പിന്നർ മിച്ചൽ സാന്റ്നറെയും ഉപയോഗിച്ച് റണ്ണൊഴുക്ക് നിയന്ത്രിക്കാൻ ‘തല’യ്ക്കു സാധിച്ചു. അതോടെ, ലക്നൗ 5 വിക്കറ്റിന് 130 എന്ന നിലയിലേക്കു കൂപ്പുകുത്തി.
നിക്കൊളാസ് പുരാന്റെ രക്ഷാപ്രവർത്തനത്തിനു പിന്നാലെ ലക്നൗ വീണ്ടും തലപൊക്കി. യുവപേസർമാരായ തുഷാർ ദേശ്പാണ്ഡെ, രാജ്‌വർധൻ ഹംഗരേക്കർ എന്നിവരെ ഡെത്ത് ഓവർ ബോളിങ്ങിന്റെ ചുമതലയേൽപിച്ച ധോണി മറ്റൊന്നു കൂടി ചെയ്തു. ചെന്നൈയുടെ ഏറ്റവും മികച്ച ഫീൽഡർമാരായ രവീന്ദ്ര ജഡേജ, ബെൻ സ്റ്റോക്സ്, മിച്ചൽ സാന്റ്നർ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവരെ ഓഫ് സൈഡ് ബൗണ്ടറിയിൽ അണിനിരത്തി വൈഡ് യോർക്കർ ലൈനിൽ പന്തെറിയാൻ ധോണി നിർദേശിച്ചു. ബൗണ്ടറികളുടെ എണ്ണം കുറഞ്ഞതോടെ ലക്നൗവിന്റെ സ്കോറിങ് ഇഴഞ്ഞു. ചെപ്പോക്ക് എന്ന ശക്തിദുർഗം സംരക്ഷിക്കാൻ വേണ്ടത് ക്യാപ്റ്റൻ ധോണി അപ്പോഴേക്കും ചെയ്തു കഴിഞ്ഞിരുന്നു.
തമാശ കലർത്തി ധോണിയുടെ മുന്നറിയിപ്പ്
‘ഇങ്ങനെ പോയാൽ പുതിയ ക്യാപ്റ്റനു കീഴിൽ കളിക്കേണ്ടി വരും’
പേസ് ബോളർമാർ വൈഡും നോബോളും തുടർച്ചയായി എറിയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇത് തുടർന്നാൽ പുതിയ ക്യാപ്റ്റനു കീഴിൽ കളിക്കേണ്ട സാഹചര്യം വരുമെന്നും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ‘‘നോ ബോളുകൾ എറിയാതിരിക്കാനും വൈഡുകളുടെ എണ്ണം കുറയ്ക്കാനും ബോളർമാർ ശ്രദ്ധിക്കണം.കുറഞ്ഞ ഓവർ നിരക്കിന് രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ചു. ’’– ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരശേഷം ധോണി പറഞ്ഞു.
ഒരു ടീം 3 മത്സരങ്ങൾ കുറഞ്ഞ ഓവർ നിരക്കിൽ കളിച്ചാൽ ക്യാപ്റ്റന് ഒരു മത്സരത്തിൽ വിലക്കു വരുമെന്നതാണ് പുതിയ നിയമം. ഇതു പരാമർശിച്ചായിരുന്നു ധോണിയുടെ പ്രസ്താവന.
English Summary : Mahendra Singh Dhoni's magical touch in IPL 2023