‘ഭക്ഷണം കളയരുത്, സദ്യയുടെ ബാക്കി രാത്രിയും വിളമ്പാൻ കോലി ആവശ്യപ്പെട്ടു’

Mail This Article
കൊച്ചി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ വിരാട് കോലിയോടൊപ്പമുള്ള ഓർമകള്‍ പങ്കുവച്ച് ഷെഫ് സുരേഷ് പിള്ള. വിരാട് കോലിക്കു ഭക്ഷണം വിളമ്പിയപ്പോഴുള്ള അനുഭവമാണ് സമൂഹമാധ്യമത്തിൽ ഷെഫ് പിള്ള കുറിച്ചത്. 2018ൽ ഇന്ത്യ– വെസ്റ്റിൻഡീസ് പരമ്പരയ്ക്കായി ഇന്ത്യൻ ക്രിക്കറ്റ് ടീം തിരുവനന്തപുരത്തെത്തിയപ്പോൾ താരങ്ങൾക്കു ഭക്ഷണം ഒരുക്കിനൽകിയതു സുരേഷ് പിള്ളയായിരുന്നു. കോലിക്ക് 24 കൂട്ടം വിഭവങ്ങളുള്ള സദ്യയാണ് ഒരുക്കി നൽകിയതെന്നും മറ്റു താരങ്ങൾക്ക് വിവിധ മത്സ്യവിഭവങ്ങളാണു തയാറാക്കിയതെന്നും ഷെഫ് പിള്ള പ്രതികരിച്ചു.
‘‘കടലിലെയും അഷ്ടമുടിക്കായലിലെയും മീനുകള്‍ ഉപയോഗിച്ചുള്ള ഭക്ഷണങ്ങൾ ഇന്ത്യൻ താരങ്ങൾക്കായി ഞങ്ങൾ ഒരുക്കിയിരുന്നു. കോലി വെജിറ്റേറിയൻ ആണ്. അതുകൊണ്ടു സദ്യ നൽകാമെന്നു ഞാൻ പറഞ്ഞു. അദ്ദേഹം ശരിയെന്നു പറഞ്ഞത് എന്റെ കാതിൽ സംഗീതം പോലെയാണു കേട്ടത്. കോലിക്കു മാത്രമായി 24 വിഭവങ്ങളുള്ള സദ്യയൊരുക്കി. അത് അത്ര എളുപ്പമായിരുന്നില്ല. എങ്കിലും വിരാട് കോലിക്കു വേണ്ടി ഞങ്ങൾ അതു ചെയ്തു.’’
‘‘ഭക്ഷണം വിളമ്പിക്കൊടുത്തതിനു ശേഷമുണ്ടായ കാര്യങ്ങൾ എന്നെ ശരിക്കും അദ്ഭുതപ്പെടുത്തി. ബാക്കി വരുന്ന ഭക്ഷണം എന്താണു ചെയ്യുകയെന്നാണു കോലി ചോദിച്ചത്. അതു കളയുമെന്നു സങ്കടത്തോടെ പറഞ്ഞപ്പോൾ രാത്രിയും കോലി തന്നെ കഴിച്ചോട്ടെ എന്നായിരുന്നു ചോദ്യം. അതിഥികളുടെ ഭക്ഷണം സൂക്ഷിച്ചുവയ്ക്കരുതെന്നാണു ഹോട്ടൽ നിയമം.’’
‘‘എന്നാൽ കോലിയുടെ നിർബന്ധത്തിനു വഴങ്ങി രാത്രിയും അദ്ദേഹത്തിന് അതേ സദ്യ നൽകേണ്ടിവന്നു. ജീവിതത്തിൽ അത്രയും വിജയിച്ച ഒരാൾ, ബാക്കി വന്ന ഭക്ഷണം വീണ്ടും വിളമ്പാൻ ആവശ്യപ്പെടുന്നു. പണത്തിന് കിട്ടുന്നതെന്നും അദ്ദേഹത്തിനു വാങ്ങാൻ സാധിക്കും. ഭക്ഷണം പാഴാക്കാതിരിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അതാണ് പച്ചയായ വിരാട് കോലി എന്നയാൾ.’’– ഷെഫ് സുരേഷ് പിള്ള പ്രതികരിച്ചു.
English Summary: Chef Suresh Pillai about Virat Kohli