ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലണ്ട്, സിംബാബ്‍വെ ടീമുകൾക്കായി കളിച്ചിട്ടുള്ള ഗാരി ബാലൻസ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിച്ചു. കരിയറിൽ ഏറിയ പങ്കും ഇംഗ്ലണ്ടിനായി കളിച്ച മുപ്പത്തിമൂന്നുകാരനായ ഗാരി ബാലൻസ് പിന്നീട് തന്റെ ജൻമനാടായ സിംബാബ്‍വെയിലേക്ക് മടങ്ങിയിരുന്നു. സിംബാബ്‍വെയ്ക്കായും ഏതാനും മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. ടെസ്റ്റിൽ രണ്ടു രാജ്യങ്ങൾക്കായി സെഞ്ചറി നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന റെക്കോർഡ് ഗാരി ബാലൻസിന്റെ പേരിലാണ്. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകൾക്കായി സെഞ്ചറി നേടിയിട്ടുള്ള കെപ്ലർ വെസ്സൽസാണ് ഒന്നാമൻ.

2014–2017 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനായി 23 ടെസ്റ്റുകൾ കളിച്ചിട്ടുള്ള താരം, നാലു സെഞ്ചറികൾ നേടി. ഇടക്കാലത്ത് വംശീയ പരാമർശത്തിന്റെ പേരിൽ വിവാദങ്ങളിൽ ഇടംപിടിച്ചതോടെയാണ് ബാലൻസ് ഇംഗ്ലിഷ് ക്രിക്കറ്റിൽനിന്ന് പതുക്കെ അപ്രത്യക്ഷനായത്. പിന്നീട് തന്റെ ജൻമനാടു കൂടിയായ പഴയ തട്ടകത്തിലേ‍ക്ക് മടങ്ങിയ ഗാരി ബാലൻസ്, അവിടെ കരിയർ കെട്ടിപ്പടുക്കാൻ ശ്രമം നടത്തിയിരുന്നു. സിംബാബ്‍വെ ക്രിക്കറ്റുമായി രണ്ടു വർഷത്തെ കരാറിൽ ഒപ്പിട്ട താരം, ജനുവരി മുതൽ മാർച്ച് വരെയുള്ള കാലഘട്ടത്തിൽ എട്ട് രാജ്യാന്തര മത്സരങ്ങളും കളിച്ചു. ഇക്കൂട്ടത്തിൽ കളിച്ച വിൻഡീസിനെതിരായ ഏക ടെസ്റ്റിലായിരുന്നു സിംബാബ്‍വെയ്ക്കായുള്ള സെഞ്ചറി. 

കഴിഞ്ഞ മാസം നടന്ന നെതർലൻഡ്സിനെതിരായ ഏകദിന പരമ്പരയിലെ അവസാന ഇന്നിങ്സിൽ പുറത്താകരാതെ 64 റൺസ് നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കാനുള്ള തീരുമാനം. കരിയറിലാകെ കളിച്ച 24 ടെസ്റ്റുകളിൽനിന്ന് 40.31 ശരാശരിയിൽ 1653 റൺസാണ് സമ്പാദ്യം. 21 ഏകദിനങ്ങളിൽനിന്ന് 25.22 ശരാശരിയിൽ 454 റണ്‍സും (നാല് അർധസെഞ്ചറികൾ സഹിതം), ഒരേയൊരു ട്വന്റി20 മത്സരത്തിൽനിന്ന് 30 റൺസുമാണ് സമ്പാദ്യം. 

English Summary: Gary Ballance retires from all cricket after brief Zimbabwe comeback

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com