ADVERTISEMENT

കരാട്ടെക്കാർക്ക് എന്താ ഇന്ത്യൻ പ്രിമിയർ ലീഗിൽ കാര്യമെന്നു ചോദിച്ചാൽ പലരുടെയും മറുപടിയൊരു മറുചോദ്യമായിരിക്കും! അതെ, അവർക്ക് ഇവിടെയെന്തു കാര്യം? പക്ഷേ, ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി വിസ്മയം കാട്ടുന്ന മൂന്നാം നമ്പർ ബാറ്റർ അജിൻക്യ രഹാനെ കരാട്ടെക്കാരനും അതിൽ ബ്ലാക്ക് ബെൽറ്റുമാണെന്നറിയുന്നതു വരെ മാത്രമേ ഈ ചോദ്യത്തിന് ആയുസ്സുള്ളൂ. തഴക്കം വന്ന കരാട്ടെ മാസ്റ്ററുടെ മെയ്‌വഴക്കത്തോടെ രഹാനെയുടെ പുതിയ അവതാരപ്പിറവിയാണ് ഇപ്പോൾ ഐപിഎലിലെ ട്രെൻഡിങ് ചർച്ചകളിലൊന്ന്.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഈഡൻ ഗാർഡൻസിൽ രഹാനെ 29 പന്തിൽ 71 റൺസ് അടിച്ചെടുത്തതു കണ്ടപ്പോൾ എവിടെയായിരുന്നു ഇതൊക്കെ ഇത്രയും കാലമെന്നു വിസ്മയിച്ചവർ അനേകം. രഹാനെ വേർഷൻ 2.0 എന്നാണ് വിദഗ്ധർ പോലും അജിൻക്യയുടെ പ്രകടനത്തെ വിശേഷിപ്പിക്കുന്നത്. ഈ സീസണിൽ ഇതുവരെ 5 മത്സരങ്ങളിൽ അടിച്ചെടുത്തത് 209 റൺസ്. സ്‌ട്രൈക്ക് റേറ്റ് 199.04, ശരാശരി 52.25!

ടെസ്റ്റ് ബാറ്ററെന്ന നിലയിൽ മികവു കാട്ടിയിട്ടുള്ള രഹാനെ ട്വന്റി20 ബാറ്റിങ്ങിൽ ഇത്രയും മികവു കാട്ടിയത് അപ്രതീക്ഷിതമായി. 2020–21 സീസണിൽ ഓസ്ട്രേലിയയെ ഇന്ത്യ അവരുടെ നാട്ടിൽവച്ച് തോൽപിച്ചപ്പോൾ ബോർഡർ– ഗാവസ്കർ ട്രോഫി ഏറ്റുവാങ്ങിയ രഹാനെ തന്നെയോ ഇത് എന്നാണ് പലരുടെയും സംശയം. അതേസമയം, പവർ ഹിറ്റിങ്ങിലൂടെയല്ല രഹാനെ അചിന്ത്യമെന്നു തോന്നിക്കുന്ന ഇന്നിങ്സുകൾ പടുത്തുയർത്തുന്നത് എന്നതാണ് അതിശയകരം. കരാട്ടെ മാസ്റ്റർ പഞ്ചുകളും കിക്കുകളുമായി മുന്നേറുന്നതു പോലെ രഹാനെ കത്തിക്കയറിയത് ക്ലാസിക് മുദ്രയുള്ള ഷോട്ടുകളായ ഡ്രൈവ്, കട്ട്, പുൾ എന്നിവയെയൊക്കെ കൂട്ടുപിടിച്ചാണ്.

ഇതിനിടെ, ഉമേഷ് യാദവിന്റെ പന്തിൽ റാംപ് ഷോട്ടിലൂടെ ഫൈൻ ലെഗിൽ സിക്സും കുൽവന്ത് ഖെജ്റോളിയയുടെ പന്തിൽ റിവേഴ്സ് റാംപ് ഷോട്ടിലൂടെ തേഡ്മാനിൽ ഫോറും നേടിയപ്പോൾ തന്റെ ആവനാഴിയിൽ മോഡേൺ ഷോട്ടുകളുമുണ്ടെന്ന് രഹാനെ എല്ലാവരെയും ബോധ്യപ്പെടുത്തി.

കഴിഞ്ഞ സീസണിൽ കൊൽക്കത്തയ്ക്കായി 7 മത്സരങ്ങളിൽ 133 റൺസ് മാത്രമായിരുന്നു രഹാനെയുടെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് വെറും 103.91. ഏകദിന ലോകകപ്പ് ടീമിലേക്ക് 4–ാം നമ്പർ ബാറ്ററെ തേടുന്ന ഇന്ത്യൻ സിലക്ടർമാരോട് രഹാനെയുടെ പ്രകടനങ്ങൾ ചോദിക്കുന്നു: ഇങ്ങനെ ഒരാളെയാണോ നിങ്ങൾ അന്വേഷിക്കുന്നത്?

English Summary: Ajinkya Rahane's comeback in IPL 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com