‘ബോളറെന്ന നിലയിൽ കഴിഞ്ഞ വർഷം ഞാൻ 10 ശതമാനമെങ്കിലും വളർന്നെങ്കിൽ കാരണക്കാരൻ സഞ്ജു’

Mail This Article
ജയ്പുർ∙ കഴിഞ്ഞ ഒരു വർഷത്തിനിടെ ബോളറെന്ന നിലയിൽ താൻ 10 ശതമാനമെങ്കിലും വളർന്നിട്ടുണ്ടെങ്കിൽ അതിന്റെ കാരണക്കാരൻ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസണാണെന്ന് യുസ‌്‌വേന്ദ്ര ചെഹൽ. ഐപിഎലിൽ തനിക്കേറ്റവും പ്രിയപ്പെട്ട നായകൻ സഞ്ജുവാണെന്നും ഒരു അഭിമുഖത്തിൽ ചെഹൽ വ്യക്തമാക്കി. എട്ടു വർഷത്തോളം റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ കളിക്കുമ്പോൾ നായകനായിരുന്ന വിരാട് കോലിയെ തഴഞ്ഞാണ്, ചെഹൽ സഞ്ജുവിനെ തന്റെ പ്രിയപ്പെട്ട നായകനായി തിരഞ്ഞെടുത്തത്.
‘‘ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) എന്റെ പ്രിയപ്പെട്ട ക്യാപ്റ്റൻ സഞ്ജു സാംസണാണ്. മഹി ഭായിയുടെ രീതികളുമായി വളരെയധികം സമാനതകളുള്ള ക്യാപ്റ്റനാണ് സഞ്ജു. മഹി ഭായിയേപ്പോലെ വളരെ ശാന്തനാണ് അദ്ദേഹം. കഴിഞ്ഞ വർഷം ബോളറെന്ന നിലയിൽ 10 ശതമാനമെങ്കിലും ഞാൻ വളർന്നിട്ടുണ്ടെങ്കിൽ, അതിന്റെ കാരണക്കാരൻ സഞ്ജുവാണ്. ‘താങ്കൾക്ക് നാല് ഓവറുകളുണ്ട്. എന്തു വേണമെങ്കിലും ചെയ്യാം. എന്റെ ഭാഗത്തുനിന്ന് ഒരു ഇടപെടലുമുണ്ടാകില്ല’ എന്ന് സഞ്ജു എന്നോട് പറയും.’ – ചെഹൽ വിവരിച്ചു.
സഞ്ജു ക്യാപ്റ്റനായിരിക്കെ രാജസ്ഥാൻ റോയൽസിലെത്തിയ ചെഹൽ ആദ്യ സീസണിൽ 27 വിക്കറ്റുകൾ വീഴ്ത്തി പർപ്പിൾ ക്യാപ് സ്വന്തമാക്കിയിരുന്നു. ഈ സീസണിൽ ഏഴ് ഇന്നിങ്സുകളിൽനിന്ന് 12 വിക്കറ്റുകളുമായി രണ്ടാം സ്ഥാനത്താണ് ചെഹൽ. 8.07 ഇക്കോണമിയിലാണ് ചെഹലിന്റെ പ്രകടനം.
‘‘രാജ്യാന്തര ക്രിക്കറ്റിൽ ഞാൻ കളിക്കാനാരംഭിച്ചശേഷം ടീമിനെ നയിച്ച മൂന്നു ക്യാപ്റ്റൻമാരും, ബോളറെന്ന നിലയിൽ ആവശ്യമായ സ്വാതന്ത്ര്യം എനിക്കു തന്നിട്ടുണ്ട്. അക്കാര്യത്തിൽ മഹി ഭായിയും വിരാട് കോലിയും രോഹിത് ശർമയും ഒരുപോലെ തന്നെ. അക്കാര്യത്തിൽ ഞാൻ ഭാഗ്യവാനാണ്’ – ചെഹൽ വിവരിച്ചു.
English Summary: 'Whatever growth I have had...all because of Sanju': Chahal snubs MS Dhoni to name Samson as 'favourite' IPL captain