ADVERTISEMENT

ഇസ്‍ലാമബാദ്∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ ആഞ്ഞടിച്ച് പാക്കിസ്ഥാൻ പേസർ ജുനൈദ് ഖാൻ. ഏഷ്യാ കപ്പ് കളിക്കാൻ പാക്കിസ്ഥാനിലേക്കു പോകില്ലെന്ന ഇന്ത്യയുടെ നിലപാടാണ് ജുനൈദ് ഖാനെ ചൊടിപ്പിച്ചത്. മറ്റു ടീമുകൾക്കൊന്നും ഇല്ലാത്ത ആശങ്കയാണ് ഇന്ത്യയ്ക്കെന്ന് ജുനൈദ് ഖാൻ വിമർശിച്ചു. ഇന്ത്യൻ താരങ്ങൾ മറ്റൊരു ലോകത്തുനിന്നുള്ള അന്യഗ്രഹ ജീവികളാണോയെന്നും ജുനൈദ് ഖാൻ ചോദിച്ചു.

‘‘പാക്കിസ്ഥാനിലെ സാഹചര്യങ്ങൾ വളരെ മികച്ചതാണ്. മറ്റു ടീമുകളെല്ലാം പാക്കിസ്ഥാനിലേക്കു വരുന്നുണ്ട്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് എന്നീ ടീമുകൾക്കൊന്നും ഒരു സുരക്ഷാ പ്രശ്നവുമില്ല. പിന്നെന്താണു ഇന്ത്യയ്ക്കു മാത്രം പ്രശ്നം. അതിനുള്ള കാരണമെന്താണ്? സുരക്ഷാ ആശങ്കയുണ്ടാകാൻ ഇന്ത്യൻ താരങ്ങൾ മറ്റൊരു ലോകത്തുനിന്നുള്ള അന്യഗ്രഹ ജീവികളൊന്നുമല്ലല്ലോ?’’– ക്രിക്കറ്റ് പാക്കിസ്ഥാനോട് സംസാരിക്കവേ ജുനൈദ് ഖാൻ ചോദിച്ചു.

‘‘ഐസിസി ഈ വിഷയത്തിൽ ഇടപെടുകയാണു വേണ്ടത്. പാക്കിസ്ഥാൻ ചെറിയ ടീമൊന്നുമല്ല. കുറച്ചു ദിവസം മുൻപുവരെ ലോക ഒന്നാം നമ്പർ ടീമായിരുന്നു. ഇപ്പോഴും മികച്ച മൂന്നു ടീമുകളിലൊന്നു പാക്കിസ്ഥാനാണ്.’’– ജുനൈദ് ഖാൻ അവകാശപ്പെട്ടു. ഇന്ത്യയുടെ എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ ഏഷ്യാ കപ്പ് പാക്കിസ്ഥാനിൽനിന്നു മാറ്റാനാണ് ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്റെ നീക്കം.

നേരത്തേ ഏഷ്യാ കപ്പിന്റെ ആതിഥേയത്വം വഹിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്ത്യയിൽ ഏകദിന ലോകകപ്പ് കളിക്കാൻ‌ ടീമിനെ അയക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യ നിലപാടിൽ ഉറച്ചുനിന്നതോടെ ഇന്ത്യയുടെ മത്സരങ്ങൾ യുഎഇയിൽ നടത്താമെന്നും വേണമെങ്കിൽ ടൂർണമെന്റ് തന്നെ യുഎഇയിൽ നടത്താമെന്നും പാക്കിസ്ഥാൻ നിലപാടു മാറ്റി. ഏഷ്യാ കപ്പ് ശ്രീലങ്കയിൽ നടത്താനാണ് ആലോചിക്കുന്നത്.

English Summary: Junaid Khan slams India for refusing to tour Pakistan for Asia Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com