ADVERTISEMENT

ധരംശാല ∙ നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവന്റെ ധൈര്യവുമായി ഡൽഹിയും പ്ലേഓഫ് പ്രതീക്ഷ നിലനിർത്താനുള്ള വീര്യവുമായി പഞ്ചാബും പരസ്പരം ഏറ്റുമുട്ടിയപ്പോൾ 10 വർഷത്തെ ഇടവേളയ്ക്കു ശേഷം ഐപിഎൽ മത്സരത്തിനു വേദിയായ ധരംശാലയിലെ മൈതാനത്ത് റൺമഴ പെയ്തു. ഇരു ടീമിലെ ബാറ്റർമാർ ആടിത്തിമിർത്ത മത്സരത്തിൽ പക്ഷേ, അവസാന ചിരി ഡൽഹിയുടേത്. അവസാന ഓവർ വരെ തകർത്തടിച്ച്, പഞ്ചാബിന് ജയം സമ്മാനിക്കുമെന്നു തോന്നിച്ച ലിയാം ലിവിങ്സ്റ്റന്റെ (48 പന്തിൽ 94) പോരാട്ടം 15 റൺസ് അകലെ അവസാനിച്ചു. സ്കോർ: ഡൽഹി 2ന് 213, പഞ്ചാബ് 8ന് 198.

ഡൽഹിയെ ചെറിയ സ്കോറിനു പുറത്താക്കി, ഒരു വമ്പൻ ജയത്തിലൂടെ തങ്ങളുടെ നെറ്റ് റൺറേറ്റ് ഉയർത്താമെന്ന തോന്നലായിരിക്കാം ടോസ് ജയിച്ചപ്പോൾ ബോളിങ് തിരഞ്ഞെടുക്കാൻ പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനെ പ്രേരിപ്പിച്ചത്. എന്നാൽ ഒന്നാം വിക്കറ്റിൽ 10.1 ഓവറിൽ 94 റൺസ് അടിച്ചുകൂട്ടിയ ഡേവിഡ് വാർണർ (31 പന്തിൽ 46), പൃഥ്വി ഷാ (38 പന്തിൽ 54) സഖ്യം ഡൽഹിക്ക് മികച്ച അടിത്തറ നൽകി. പിന്നാലെയെത്തിയ റൈലീ റൂസോ (37 പന്തിൽ 82 നോട്ടൗട്ട്) കത്തിക്കയറിയതോടെ ഡൽഹി സ്കോർ 200 കടന്നു. 6 വീതം സിക്സും ഫോറും അടങ്ങിയതാണ് റൂസോയുടെ ഇന്നിങ്സ്. റൂസോ തന്നെയാണ് കളിയിലെ താരവും.

ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങും അക്ഷർ പട്ടേലും മത്സരത്തിനു ശേഷം. Photo: FB@IPL2023
ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങും അക്ഷർ പട്ടേലും മത്സരത്തിനു ശേഷം. Photo: FB@IPL2023
പഞ്ചാബ് കിങ്സ് താരം ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ്. Photo: FB@IPL2023
പഞ്ചാബ് കിങ്സ് താരം ലിയാം ലിവിങ്സ്റ്റണിന്റെ ബാറ്റിങ്. Photo: FB@IPL2023

മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവർ മെയ്ഡൻ ആവുകയും രണ്ടാം ഓവറിലെ ആദ്യ പന്തിൽ ക്യാപ്റ്റൻ ശിഖർ ധവാനെ (0) നഷ്ടപ്പെടുകയും ചെയ്തതോടെ പഞ്ചാബ് ആരാധകരുടെ നെഞ്ചിടിപ്പു കൂടി. എന്നാൽ മൂന്നാമനായി എത്തിയ അഥർവ ടെയ്ഡെയും (42 പന്തിൽ 55) നാലാമൻ ലിവിങ്സ്റ്റനും ചേർന്നു നടത്തിയ പ്രത്യാക്രമണം പഞ്ചാബിന് വീണ്ടും പ്രതീക്ഷ നൽകി. അവസാന 2 ഓവറിൽ 37 റൺസായിരുന്നു പഞ്ചാബിന് ആവശ്യം. എന്നാൽ ആൻറിച്ച് നോർട്യ എറിഞ്ഞ 19–ാം ഓവറിൽ 5 റൺസ് മാത്രമേ നേടാനായുള്ളൂ. ഇഷാന്ത് ശർമയെറിഞ്ഞ അവസാന ഓവറിൽ 2 സിക്സും ഒരു ഫോറുമടക്കം 17 റൺസാണ് ലിവിങ്സ്റ്റന് നേടാനായത്.

ലിയാം ലിവിങ്സ്റ്റണും സാം കറനും മത്സരത്തിനിടെ. Photo: FB@IPL2023
ലിയാം ലിവിങ്സ്റ്റണും സാം കറനും മത്സരത്തിനിടെ. Photo: FB@IPL2023
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ‍ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ. Photo: FB@IPL2023
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ‍ഡൽഹി ക്യാപിറ്റൽസ് താരങ്ങൾ. Photo: FB@IPL2023

പ്ലേ ‘ഓഫ് ’ പഞ്ചാബ്

തോൽവിയോടെ പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറക്കുറെ അസ്തമിച്ചു. അവസാന മത്സരത്തിൽ രാജസ്ഥാനെ തോൽപിച്ചാലും അവർക്ക് 14 പോയിന്റ് മാത്രമേ ആകൂ. ബാംഗ്ലൂർ, കൊൽക്കത്ത, രാജസ്ഥാൻ, മുംബൈ എന്നിവർ ഇനിയുള്ള എല്ലാ മത്സരങ്ങളും തോൽക്കുകയും നെറ്റ് റൺ റേറ്റിൽ ഇവരെ മറികടക്കുകയും ചെയ്താൽ മാത്രമേ പഞ്ചാബിന് ഇനി സാധ്യതയുള്ളൂ.

ഡൽഹി ബാറ്റർ ഡേവിഡ് വാർണറും പൃഥ്വി ഷായും ബാറ്റിങ്ങിനിടെ. Photo: FB@IPL2023
ഡൽഹി ബാറ്റർ ഡേവിഡ് വാർണറും പൃഥ്വി ഷായും ബാറ്റിങ്ങിനിടെ. Photo: FB@IPL2023
ലിയാം ലിവിങ്സ്റ്റൻ ബാറ്റിങ്ങിനിടെ. Photo: FB@PunjabKings
ലിയാം ലിവിങ്സ്റ്റൻ ബാറ്റിങ്ങിനിടെ. Photo: FB@PunjabKings
പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനും ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണറും. Photo: FB@PunjabKings
പഞ്ചാബ് ക്യാപ്റ്റൻ ശിഖർ ധവാനും ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണറും. Photo: FB@PunjabKings

English Summary: IPL 2023, Delhi Capitals beat Punjab Kings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com