ADVERTISEMENT

ധരംശാല∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) നിർണായക മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണും ഓപ്പണർ ജോസ് ബട്‍ലറും നിരാശപ്പെടുത്തിയെങ്കിലും, അന്തിമ ഫലത്തിൽ രാജസ്ഥാൻ ‘റോയൽ’ തന്നെ! ആവേശം വാനോളമുയർന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെ വീഴ്ത്തി സഞ്ജു സാംസണിന്റെ രാജസ്ഥാൻ പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി. പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ നാലു വിക്കറ്റിനാണ് രാജസ്ഥാൻ പഞ്ചാബിനെ വീഴ്ത്തിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 187 റൺസ്. മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ രണ്ടു പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

രാജസ്ഥാന്റെ മത്സരങ്ങൾ പൂർത്തിയായെങ്കിലും, ഇനി മറ്റു ടീമുകളുടെ പ്രകടനത്തെക്കൂടി ആശ്രയിച്ചാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യതകൾ. രാജസ്ഥാനെതിരായ തോൽവിയോടെ പഞ്ചാബ് പ്ലേ ഓഫ് കാണാതെ പുറത്തായി. അവസാന മത്സരത്തിൽ നാലു വിക്കറ്റ് വിജയം നേടിയെങ്കിലും, രാജസ്ഥാൻ ഇപ്പോഴും നെറ്റ് റൺറേറ്റിൽ ആർസിബിക്കു പിന്നിൽ അഞ്ചാമതാണ്. ആർസിബിക്കു മുന്നിൽ കയറാൻ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറിൽ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തിൽ ആർസിബി കുറഞ്ഞത് ആറു റൺസിനെങ്കിലും തോറ്റാൽ രാജസ്ഥാന് മുന്നിൽ കയറാം. അതേസമയം, പ്ലേ ഓഫിൽ കയറണമെങ്കിൽ മുംബൈ ഇന്ത്യൻസ് ഉൾപ്പെടെയുള്ള ടീമുകളുടെ പ്രകടനവും നിർണായകമാകും.

വിജയത്തിലേക്ക് ഒൻപതു റൺസ് വേണ്ടിയിരിക്കെ രാഹുൽ ചാഹറിനെതിരെ നാലാം പന്തിൽ സിക്സർ നേടിയ ധ്രുവ് ജുറലാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. ജുറൽ നാലു പന്തിൽ 10 റൺസുമായി പുറത്താകാതെ നിന്നു. അർധസെഞ്ചറിയുമായി പടനയിച്ച ഓപ്പണർ യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ഇന്നിങ്സുകളാണ് രാജസഥാൻ വിജയത്തിൽ നിർണായകമായത്. പടിക്കൽ 30 പന്തിൽ അഞ്ച് ഫോറും മൂന്നു സിക്സും സഹിതം 51 റൺസെടുത്തും ജയ്സ്വാൾ 36 പന്തിൽ എട്ടു ഫോറുകൾ സഹിതം 50 റൺസെടുത്തും പുറത്തായി.

സ്കോർ ബോർഡിൽ 12 റൺസ് മാത്രമുള്ളപ്പോൾ ബട്‍ലറിനെ നഷ്ടമായ രാജസ്ഥാന്, രണ്ടാം വിക്കറ്റിൽ ജയ്സ്വാൾ – പടിക്കൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചറി കൂട്ടുകെട്ടാണ് കരുത്തായത്. 49 പന്തിൽ ഇരുവരും രാജസ്ഥാൻ സ്കോർ ബോർഡിലെത്തിച്ചത് 73 റൺസ്. ജയ്സ്വാൾ – പരാഗ് സഖ്യം നാലാം വിക്കറ്റിൽ അടിച്ചുകൂട്ടിയ 47 റൺസും രാജസ്ഥാന് തുണയായി. 22 പന്തിലാണ് ഇരുവരും 47 റൺസടിച്ചത്.

ഇവർക്കു പുറമെ വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മെയർ (28 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 46 റൺസ്), റയാൻ പരാഗ് എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. പരാഗ് 12 പന്തിൽ ഒരു ഫോറും രണ്ടു പടുകൂറ്റൻ സിക്സറുകളും സഹിതം 20 റൺസെടുത്ത് പുറത്തായി. അതേസമയം, രാജസ്ഥാൻ നിരയിൽ ഓപ്പണർ ജോസ് ബട്‍ലർ (0), ക്യാപ്റ്റൻ സഞ്ജു (മൂന്നു പന്തിൽ രണ്ട്) എന്നിവർ നിരാശപ്പെടുത്തി.

പഞ്ചാബിനായി കഗീസോ റബാദ നാല് ഓവറിൽ 40 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. അർഷ്ദീപ് സിങ് നാല് ഓവറിൽ 40 റൺസ് വഴങ്ങിയും നേഥൻ എല്ലിസ് നാല് ഓവറിൽ 34 റൺസ് വഴങ്ങിയും സാം കറൻ നാല് ഓവറിൽ 46 റൺസ് വഴങ്ങിയും രാഹുൽ ചാഹർ 3.4 ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.

∙ തകർത്തടിച്ച് കറൻ, ഷാരൂഖ്, ജിതേഷ്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 187 റൺസെടുത്തത് 31 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 49 റൺസുമായി പുറത്താകാതെ നിന്ന സാം കറനാണ് പഞ്ചാബിന്റെ ടോപ് സ്കോറർ. രാജസ്ഥാനായി നവ്ദീപ് സെയ്നി നാല് ഓവറിൽ 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി.

പിരിയാത്ത ആറാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത് സാം കറൻ – ഷാരൂഖ് ഖാൻ സഖ്യമാണ് പഞ്ചാബ് സ്കോർ 180 കടത്തിയത്. യുസ്‌വേന്ദ്ര ചെഹൽ എറിഞ്ഞ 19–ാം ഓവറിൽ മൂന്നു സിക്സും രണ്ടു ഫോറും സഹിതം ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 28 റൺസാണ്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 20–ാം ഓവറിൽ ഒരു സിക്സും രണ്ടു ഫോറും സഹിതം 18 റൺസും അടിച്ചുകൂട്ടി. പിരിയാത്ത ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചെടുത്തത് 37 പന്തിൽ 73 റൺസാണ്! ഷാരൂഖ് 23 പന്തിൽ നാലു ഫോറും രണ്ടു സിക്സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു.

ഒരു ഘട്ടത്തിൽ നാലിന് 50 റൺസ് എന്ന നിലയിൽ തകർന്ന പഞ്ചാബിന്, അഞ്ചാം വിക്കറ്റിൽ അർധസെഞ്ചറി കൂട്ടുകെട്ട് തീർത്ത സാം കറൻ – ജിതേഷ് ശർമ സഖ്യത്തിന്റെ പ്രകടനും നിർണായകമായി. 44 പന്തിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 64 റണ്‍സാണ്. ജിതേഷ് ശർമ 28 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 44 റൺസെടുത്തു. അഥർവ ടായ്ഡെ 12 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 19 റൺസെടുത്തും ക്യാപ്റ്റൻ ശിഖർ ധവാൻ 12 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 17 റണ്‍സെടുത്തും പുറത്തായി. അതേസമയം, രണ്ടു പന്തിൽ രണ്ടു റൺസെടുത്ത ഓപ്പണർ പ്രഭ്സിമ്രാൻ സിങ്, 13 പന്തിൽ ഒൻപതു റൺസെടുത്ത ലിയാം ലിവിങ്സ്റ്റൺ എന്നിവർ നിരാശപ്പെടുത്തി.

രാജസ്ഥാൻ നിരയിൽ സെയ്നിക്കു പുറമെ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത ആദം സാംപയുടെ പ്രകടവും ശ്രദ്ധേയമായി. ട്രെന്റ് ബോൾട്ട് നാല് ഓവറിൽ 35 റൺസ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി. യുസ്‌വേന്ദ്ര ചെഹൽ 19–ാം ഓവറിൽ വഴങ്ങിയ 28 റൺസ് സഹിതം നാല് ഓവറിൽ 40 റൺസ് വഴങ്ങി. വിക്കറ്റൊന്നും ലഭിച്ചുമില്ല. സന്ദീപ് ശർമ നാല് ഓവറിൽ 46 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.

English Summary: Punjab Kings vs Rajasthan Royals Match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com