ADVERTISEMENT

കൊൽക്കത്ത ∙ റിങ്കു സിങ്ങിന്റെ ബാറ്റിങ് വെടിക്കെട്ടിന് ഇത്തവണ കൊൽക്കത്തയെ രക്ഷിക്കാനായില്ല. അവസാന ഓവറുകളിൽ ആളിപ്പടർന്ന റിങ്കുവിന്റെ വീരോചിത പോരാട്ടം (33 പന്തിൽ 67 നോട്ടൗട്ട്) വിജയപ്രതീക്ഷയുണർത്തിയെങ്കിലും ജയത്തിന് ഒരു റൺ അകലെ കൊൽക്കത്ത വീണു. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസ്.

റിങ്കു സിങ്ങിന്റെ 2 സിക്സും ഒരു ഫോറും ഉൾപ്പെടെ 19 റൺസാണ് കൊൽക്കത്തയ്ക്കു നേടാനായത്. ജയത്തോടെ പോയിന്റ് പട്ടികയിൽ മൂന്നാംസ്ഥാനക്കാരായി ലക്നൗ പ്ലേ ഓഫ് ഉറപ്പിച്ചു. കൊൽക്കത്ത പുറത്തായി. സ്കോർ: ലക്നൗ– 20 ഓവറിൽ 8ന് 176. കൊൽക്കത്ത– 20 ഓവറിൽ 7ന് 175. 

ആറാം ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 61 എന്ന നിലയിലായിരുന്നു കൊൽക്കത്ത. എന്നാൽ ആറാം ഓവറിലെ അവസാന പന്തിൽ വെങ്കടേഷ് അയ്യരെ (15 പന്തിൽ 24) പുറത്താക്കിയതോടെ ലക്നൗ മത്സരത്തിലേക്കു തിരിച്ചുവന്നു. ക്യാപ്റ്റൻ നിതീഷ് റാണ (8), ഓപ്പണർ ജയ്സൻ റോയ് (28 പന്തിൽ 45), റഹ്മാനുല്ല ഗുർബാസ് (10), ആന്ദ്രേ റസ്സൽ (7) എന്നിവരുടെ വിക്കറ്റുകളും കൃത്യമായ ഇടവേളകളിൽ ലക്നൗ ബോളർമാർ വീഴ്ത്തി. വിക്കറ്റ് വീഴ്ചയ്ക്കിടയിലും ഒരറ്റത്തു പിടിച്ചുനിന്ന് ആഞ്ഞടിച്ച റിങ്കുവിന് പിന്തുണ നൽകാൻ മറ്റാർക്കുമായില്ല. 

നേരത്തേ മുൻനിര ബാറ്റർമാർ നിറംമങ്ങിയപ്പോൾ വെസ്റ്റിൻഡീസ് ബാറ്റർ നിക്കോളാസ് പുരാന്റെ അർധ സെഞ്ചറിയാണ് (30 പന്തിൽ 58) ലക്നൗവിന് കരുത്തായത്. 73 റൺ‌സിനിടെ ആദ്യ വിക്കറ്റുകൾ നഷ്ടമായശേഷമായിരുന്നു പുരാന്റെ രക്ഷാപ്രവർത്തനം. 4 ഫോറും 5 സിക്സും നേടിയ പുരാൻ ആയുഷ് ബദോനിക്കൊപ്പം (25) ആറാം വിക്കറ്റിൽ‌ 74 റൺസ് നേടി. അവസാന 4 ഓവറിൽ 54 റൺസ് അടിച്ചുകൂട്ടിയാണ് ലക്നൗ ടീം സ്കോർ 176ൽ എത്തിച്ചത്.

English Summary : Kolkata Knight Riders vs Lucknow Super Giants IPL match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com