ADVERTISEMENT

ചെന്നൈ ∙ ആസൂത്രിത ബാറ്റിങ്, ആക്രമണ ബോളിങ്..ഐപിഎൽ ഒന്നാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ 15 റൺസിനു തോൽപിച്ച് ചെന്നൈ സൂപ്പർ കിങ്സ് ഫൈനലിൽ. 

സ്കോർ: ചെന്നൈ– 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 172. ഗുജറാത്ത്– 20 ഓവറിൽ 157നു പുറത്ത്. 

  ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും  (44 പന്തിൽ 60) ഡെവൻ കോൺവെയും (34 പന്തിൽ 40) നൽകിയ അടിത്തറയിലാണ് ചെന്നൈ മികച്ച സ്കോറിലെത്തിയത്. മറുപടി ബാറ്റിങ്ങിൽ, ചെന്നൈ ബോളർമാർ അച്ചടക്കത്തോടെ പന്തെറിഞ്ഞതോടെ ഗുജറാത്ത് സ്കോറിങ് മെല്ലെപ്പോക്കിലായി. റാഷിദ് ഖാന്റെ പരിശ്രമത്തിനും (16 പന്തിൽ 30) അവരെ വിജയത്തിലെത്തിക്കാനായില്ല. 38 പന്തിൽ 42 റൺസെടുത്ത ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ചെന്നൈയ്ക്കു വേണ്ടി ദീപക് ചാഹർ, മഹീഷ് തീക്ഷണ, രവീന്ദ്ര ജഡേജ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി.   തോറ്റെങ്കിലും, നിലവിലെ ചാംപ്യൻമാരായ ഗുജറാത്തിന് ഫൈനലിലെത്താൻ ഒരു അവസരം കൂടിയുണ്ട്. ലക്നൗ–മുംബൈ എലിമിനേറ്റർ വിജയികളെ വെളളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ അവർ നേരിടും. 

ഐപിഎലിൽ ആദ്യമായാണ് ഗുജറാത്ത് ചെന്നൈയോടു തോൽവി വഴങ്ങുന്നത്. ചെപ്പോക്കിലെ സ്ലോ ‌വിക്കറ്റിൽ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ചെന്നൈയെ ബാറ്റിങ്ങിനു വിളിക്കുകയായിരുന്നു. ദർശൻ നൽകണ്ഡെ എറിഞ്ഞ 2–ാം ഓവറിലെ മൂന്നാം പന്തിൽ ഋതുരാജ് ക്യാച്ച് നൽകിയെങ്കിലും ഗുജറാത്തിന്റെ ആഹ്ലാദത്തിന് അൽപായുസ്സ്– നോബോൾ! ഫ്രീ ഹിറ്റ് ബോൾ സിക്സിനു പറത്തിയാണ് ഋതുരാജ് തന്റെ പുതുജീവൻ ആഘോഷിച്ചത്. പക്ഷേ ചെന്നൈ കെട്ടുപൊട്ടിച്ചു കുതിക്കും എന്നു കരുതിയെങ്കിലും ഉജ്വലമായി പന്തെറിഞ്ഞ ഷമി അവരെ പിടിച്ചു നിർത്തി.  

അജിൻക്യ രഹാനെ (10 പന്തിൽ 17), അമ്പാട്ടി റായുഡു (9 പന്തിൽ 17) എന്നിവരുടെ ‘കാമിയോ’ ഇന്നിങ്സുകളും ചെന്നൈ സ്കോർ ബോർഡ് ചലിപ്പിച്ചു. എം.എസ്.ധോണി (2 പന്തിൽ 1) പെട്ടെന്നു പുറത്തായെങ്കിലും ജഡേജയും (16 പന്തിൽ 22) മൊയീൻ അലിയും (4 പന്തിൽ 9) ചേർന്ന് അവസാന ഓവറിൽ 15 റൺസ് നേടി ചെന്നൈയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.  

മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന്റെ പ്രതീക്ഷയത്രയും കഴിഞ്ഞ 2 കളികളിലും സെഞ്ചറി നേടിയ ശുഭ്മൻ ഗില്ലിലായിരുന്നു. എന്നാൽ ഗിൽ (38 പന്തിൽ 42) ഒരറ്റത്തു നിലയുറപ്പിച്ചു നിന്നെങ്കിലും ഗുജറാത്തിന്റെ സ്കോറിങ് വേഗം കുറവായിരുന്നു. ഒപ്പം വിക്കറ്റ് വീഴ്ചയും കൂടിയായതോടെ ഗുജറാത്തിന്റെ പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. 14–ാം ഓവറിൽ ഗിൽ പുറത്തായതിനു ശേഷം, റാഷിദ് ഖാന്റെ ഇന്നിങ്സ് അവരുടെ തോൽവിയുടെ       മാർജിൻ കുറച്ചുവെന്നു മാത്രം.

 

ചെന്നൈ സൂപ്പർ കിങ്സ് 10–ാം തവണയാണ് ഐപിഎൽ ഫൈനലിലെത്തുന്നത്. ഇതിൽ 4 തവണ കിരീട ജേതാക്കളായി. 

English Summary : Chennai super kings vs Gujarat titans match analysis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com