ചെന്നൈ∙ ഐപിഎല്ലിൽ കലാശപ്പോരിന് ചെന്നൈ യോഗ്യത നേടിയതോടെ എല്ലാ കണ്ണുകളും നായകൻ എം.എസ് ധോണിയിലേക്ക് കേന്ദ്രീകരിക്കുകയാണ്. 41 കാരനായ ധോണി ഇനിയൊരു ഐപിഎൽ കളിക്കാനായി വരില്ലെന്നാണ് പ്രചരിക്കുന്ന വാര്‍ത്തകൾ. ആ പ്രചരണത്തിന് ശക്തി വർധിപ്പിക്കുകയാണ് ഇർഫാൻ പഠാന്‍റെ പുതിയ ട്വീറ്റ്.
‘ഇംപാക്ട് പ്ലെയർ നിയമം വന്നതോടെ ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരം അല്ല കഴിഞ്ഞതെന്ന് പ്രത്യാശിക്കുന്നു’വെന്നാണ് ഇർഫാൻ ട്വീറ്റ് ചെയ്തത്. ഇനി ഫൈനൽ നടക്കുന്ന അഹമ്മദാബാദിലെ പോരാട്ടത്തിന് ശേഷം കളിക്കളം വിടുമോയെന്ന ചോദ്യത്തിന് ഇതുവരെയും ധോണി കൃത്യമായി ഉത്തരം തന്നിട്ടില്ല.
അതേസമയം, ഈ സീസണിൽ ചെന്നൈയുടെ മത്സരം നടന്ന സ്റ്റേഡിയങ്ങളുടെ ഗാലറികളിൽ വലിയ തോതിൽ ആരാധകപ്രവാഹമാണ് അനുഭവപ്പെട്ടത്. രാജസ്ഥാന്‍റെ ഹോം ഗ്രൗണ്ടിൽ ആരാധകർ മഞ്ഞ ജഴ്സിയിൽ വലിയ തോതിൽ വന്ന മത്സരത്തിൽ സഞ്ജു സാംസണും ധോണിയുടെ വിരമിക്കലിനെക്കുറിച്ച് സൂചന നൽകിയിരുന്നു. ഇന്ന് ഇവിടെ പിങ്കിനെക്കാൾ കൂടുതൽ മഞ്ഞയാണ് കാണുന്നത്. കൂടുതൽ പിങ്ക് കാണുന്നതിനായിരുന്നു എനിക്ക് താത്പര്യം. പക്ഷേ എന്തു കൊണ്ടാണ് ഗാലറികൾ മഞ്ഞയിൽ മുങ്ങിയതെന്ന് നമുക്ക് അറിയാമെന്ന് സഞ്ജു പറഞ്ഞിരുന്നു.
ധോണി വിരമിച്ചാൽ, ക്രിക്കറ്റിന്റെ ‘തല’യാണ് മാറുക. ക്രിക്കറ്ററെന്ന നിലയിലുള്ള പോരായ്മകൾ ക്യാപ്റ്റൻസി കൊണ്ട് മറികടന്ന മറ്റൊരാൾ ഉണ്ടാകുമെന്ന് തോന്നുന്നില്ല. ധോണി നെഞ്ചോട് ചേർക്കുന്ന ടീമാണ് ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്. അവിടുന്ന് ചാർത്തി കിട്ടിയതാണ് ‘തല’ എന്ന പേര്. ഈ വർഷത്തെ ഐപിഎല്ലിന്റെ ഏറ്റവും വലിയ ചോദ്യവും ധോണി വരും സീസണുകളിൽ കളിക്കുമോയെന്നതാണ്?
English Summary : On MS Dhoni Retirement Subject, Irfan Pathan's Tweet Is All Of Us