ADVERTISEMENT

ചെന്നൈ ∙ ‘ബാറ്റിങ്ങിലെ ആദ്യ 30 മിനിറ്റിൽ അറിയാം, ചെന്നൈയുടെ ഭാവി’– മുൻപ് ചെന്നൈ സൂപ്പർകിങ്സിന്റെ വെടിക്കെട്ട് ഓപ്പണറായിരുന്ന ഓസ്ട്രേലിയൻ താരം മാത്യു ഹെയ്‌ഡന്റെ ഈ വാക്കുകൾ ഇന്ത്യൻ താരം ഋതുരാജ് ഗെയ്ക്‌വാദും ന്യൂസീലൻഡ് താരം ‍ഡെവൻ കോൺവേയും ചേർന്നുള്ള ഓപ്പണിങ് സഖ്യത്തെക്കുറിച്ചാണ്. 13 ഇന്നിങ്സുകൾ, 775 റൺസ്, 4 അർധ സെഞ്ചറി കൂട്ടുകെട്ട്, 2 സെഞ്ചറി കൂട്ടുകെട്ട്... ഗെയ്ക്‌വാദും കോൺവേയും ചേർന്ന് ഈ സീസണിൽ ചെന്നൈയ്ക്കു നേടിക്കൊടുത്തതാണിത്.

ഈ ഓപ്പണർമാ‍ർ ഒരുക്കിയ മികച്ച അടിത്തറയായിരുന്നു ഐപിഎൽ ഫൈനൽ വരെയെത്തിയ ചെന്നൈ ഇന്നിങ്സിന്റെ നട്ടെല്ല്. ഗുജറാത്തിനെതിരായ ഒന്നാം ക്വാളിഫയറിലും അത് ആവർത്തിക്കപ്പെട്ടു. ബാറ്റിങ് വിഷമകരമായ ചെപ്പോക്കിലെ പിച്ചിൽ കോൺവേ– ഗെയ്‌ക്‌വാദ് സഖ്യം ചെന്നൈയുടെ രക്ഷകരായി.  

സീസണിന്റെ തുടക്കത്തിൽ വലിയ വിമർശനങ്ങൾക്കു നടുവിലായിരുന്നു കോൺവേ– ഗെയ്‌ക്‌വാദ് സഖ്യം. ആദ്യ 5 മത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ചെന്നൈയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 20 റൺസ് കടന്നത്. എന്നാൽ തുടർന്നുള്ള 9 ഇന്നിങ്സുകളിൽ ഒരിക്കൽപോലും ഇവരുടെ കൂട്ടുകെട്ട് 30 റൺസിനു താഴെപ്പോയിട്ടില്ല. ഒരു ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടുന്ന ഓപ്പണിങ് താരങ്ങളുടെ പട്ടികയിൽ കോൺവേയും ഗെയ്ക്‌വാദും ഇപ്പോൾ മൂന്നാം സ്ഥാനത്തുണ്ട്.

പിച്ചിലെ സാഹചര്യവും ടീമിന്റെ ആവശ്യവും തിരിച്ചറിഞ്ഞ് ബാറ്റു ചെയ്യുന്നുവെന്നതാണ് കോൺവേ– ഗെയ്ക്‌വാദ് സഖ്യത്തിന്റെ പ്രധാന സവിശേഷത. ഡൽഹിയിലെ ബാറ്റിങ് വിക്കറ്റിൽ ക്യാപിറ്റൽസിനെതിരെ 6 ഓവറിൽ 60 റൺസുമായി തകർത്തടിച്ച ഓപ്പണർമാർ ചെപ്പോക്കിലെ ബോളിങ് പിച്ചിൽ പവർപ്ലേയിൽ 49 റൺസുമായി പിടിച്ചുനിൽക്കാനാണ് ശ്രമിച്ചത്.

പവർപ്ലേയിൽ കോൺവേ ആക്രമണ ചുമതല ഏറ്റെടുക്കുമ്പോൾ ഗെയ്‌ക്‌വാദ് കൂടുതലും അക്രമാസക്തനാകുന്നത് മധ്യ ഓവറുകളിൽ‌ സ്പിന്നർമാർക്കെതിരെയാണ്. താളം കണ്ടെത്താതെ കോൺവേ പ്രതിരോധത്തിലാകുമ്പോൾ ഗെയ്ക്‌വാദ് ആക്രമണത്തിലേക്കു തിരിയും.    ഓപ്പണർമാർ നൽകുന്ന മികച്ച അടിത്തറയിൽ നേട്ടം കൊയ്യുന്നവരിൽ ചെന്നൈയുടെ മധ്യനിര ബാറ്റർമാരുമുണ്ട്. വിക്കറ്റ് നഷ്ടം നോക്കാതെ ആഞ്ഞടിക്കാനുള്ള ധൈര്യം പിന്നാലെയെത്തുന്ന അജിൻക്യ രഹാനെയ്ക്കും ശിവം ദുബെയ്ക്കും ലഭിക്കുന്നു. ഐപിഎൽ സീസണു മുൻപു ചെന്നൈയിൽ നടത്തിയ പരിശീലന ക്യാംപാണ് ഈ വിജയങ്ങൾക്കെല്ലാം പിന്നിലെ പ്രധാന കാരണം. ഹോം ഗ്രൗണ്ടിനെയും സഹകളിക്കാരെയും അടുത്തറിയാൻ അതുവഴി സാധിച്ചു. 

English Summary : Conway-Gaikwad batting partnership behind Chennai's wins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com