അഹമ്മദാബാദ് ∙ ഇത്തവണത്തെ ഐപിഎലിൽ ഏറ്റവും മികച്ച ടീമിനെ വെളിപ്പെടുത്തി മുംബൈ ഇന്ത്യൻസ് ഓൾ റൗണ്ടറായ കാമറൂൺ ഗ്രീൻ. സ്വന്തം ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യൻസോ എം.എസ്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സോ അല്ല, ഹാർദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റൻസ് ആണ് ഈ സീസണിലെ മികച്ച ടീമെന്ന് കാമറൂൺ പറഞ്ഞു.
‘‘ആദ്യ ക്വാളിഫയറിൽ ചെന്നൈയോട് ഗുജറാത്ത് ടൈറ്റൻസ് തോറ്റിരിക്കാം. എങ്കിലും ഈ സീസണിലെ ഏറ്റവും മികച്ച ടീം അവരാണ്. എല്ലാ മേഖലയിലും മികച്ച താരങ്ങളാണ് അവർക്കുള്ളത്. മികച്ച ഓപ്പണർമാരും റാഷിദ് ഖാൻ, നൂർ അഹമ്മദ് പോലുള്ള സ്പിന്നർമാരും ഗുജറാത്തിനുണ്ട്. അവർക്കെതിരായ പോരാട്ടം എളുപ്പമായിരിക്കില്ല.’– കാമറൂൺ ഗ്രീൻ പറഞ്ഞു. രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസ് ഇന്ന് ഗുജറാത്തിനെ നേരിടും.

ലോകത്തിൽ ആരുടെ കൂടെ ബാറ്റ് ചെയ്യാനാണ് എളുപ്പമെന്ന് ചോദിച്ചാൽ അത് സൂര്യകുമാർ യാദവ് ആണെന്ന് കാമറൂൺ വ്യക്തമാക്കി. സൂര്യയെ സ്ട്രൈക്കിൽ എത്തിച്ചാൽ മതി. മോശം പന്തുകൾ മാത്രം നമ്മൾ അടിച്ചാൽ മതി. ബാക്കി സൂര്യ നോക്കിക്കൊള്ളുമെന്ന് കാമറൂൺ പറഞ്ഞു.
English Summary: Cameron Green Picks 'Best Side In IPL 2023'. It Isn't CSK Or MI