ADVERTISEMENT

അഹമ്മദാബാദ് ∙ ഈ സീസൺ ഐപിഎൽ ക്രിക്കറ്റ്, ആരാധകർക്കു മുന്നിൽ അവതരിപ്പിക്കുന്ന ഏറ്റവും മികച്ച എന്റർടെയ്നർ ആരെന്നതിന് ഇനിയൊരു തിരുത്തലില്ല! ശുഭ്മൻ ഗിൽ എന്ന ഇരുപത്തിമൂന്നുകാരൻ പഞ്ചാബിപ്പയ്യൻ തന്നെ അത്. 60 പന്തിൽ 7 ഫോറും 10 സിക്സും ഉൾപ്പെടെ 129 റൺസ് നേടി തകർത്തടിച്ച ഗില്ലിന്റെ മികവിൽ ഐപിഎലിലെ രണ്ടാം ക്വാളിഫയറിൽ മുംബൈയ്ക്കെതിരെ നേടിയ 62 റൺസ് ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി. നാളെ രാത്രി 7.30ന് ചെന്നൈ സൂപ്പർ കിങ്സുമായാണ്, നിലവിലെ ചാംപ്യന്മാരായ ഗുജറാത്തിന്റെ കിരീടപ്പോരാട്ടം.  സ്കോർ: ഗുജറാത്ത് – 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 233; മുംബൈ – 18.2 ഓവറിൽ 171ന് ഓൾഔട്ട്.

ടീം നേടിയ ആകെ സ്കോറിന്റെ പകുതിയിലേറെ സ്വന്തം പേരിലാക്കിയ ഗില്ലിന്റെ ദിവസമായിരുന്നു ഇന്നലെ. ഈ സീസൺ ഐപിഎലിൽ ഗില്ലിന്റെ 3–ാം സെഞ്ചറിയാണിത്. പതിവു പോലെ പതിയെത്തുടങ്ങി, കളമറിഞ്ഞ് ഒരുങ്ങി, തകർത്തടിക്കുകയായിരുന്നു ഗിൽ. ഒരറ്റത്ത് അചഞ്ചലനായി തകർത്തടിച്ച ഗില്ലിനെ തളയ്ക്കാൻ 6 ബോളർമാരെ പരീക്ഷിച്ചു നോക്കി മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ. ഫലമുണ്ടായില്ലെന്നു മാത്രം!

ഐപിഎൽ പ്ലേ ഓഫുകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ പിന്തുടരാനിറങ്ങിയ മുംബൈയെ പേസർമാരായ മോഹിത് ശർമയും (2.2 ഓവറിൽ 10 റൺസ് വഴങ്ങി 5 വിക്കറ്റ്), മുഹമ്മദ് ഷമിയും (41 റൺസിനു 2 വിക്കറ്റ്) വേഗം പറഞ്ഞയയ്ക്കുകയായിരുന്നു. ഓപ്പണർമാരായ രോഹിത് ശർമയുടെയും (7 പന്തിൽ 8) നേഹൽ വധേരയുടെയും (3 പന്തിൽ 4) വിക്കറ്റുകൾ വീഴ്ത്തി മുഹമ്മദ് ഷമി തുടക്കത്തിൽ നൽകിയ ഷോക്ക്, മോഹിത് ശർമ ഏറ്റെടുക്കുകയായിരുന്നു. അർധ സെഞ്ചറി പിന്നിട്ടു കുതിക്കുകയായിരുന്ന സൂര്യകുമാർ യാദവിന്റെ (38 പന്തിൽ 61) വിക്കറ്റെടുത്ത് ബ്രേക്ക് ത്രൂ നൽകിയ മോഹിത് പിന്നീടു വാലറ്റത്ത തുടച്ചുനീക്കി ഗുജറാത്തിന്റെ വിജയം അനായാസമാക്കി. 14 പന്തിൽ 43 റൺസോടെ വെടിക്കെട്ട് നടത്തിയ തിലക് വർമയുടെ കുറ്റി പിഴുത് റാഷിദ് ഖാനും കരുത്തറിയിച്ചു. റാഷിദ് 2 വിക്കറ്റ് നേടി. ഫീൽഡിങ്ങിനിടെ ക്രിസ് ജോർദാനുമായി കൂട്ടിയിടിച്ച് കണ്ണിനു പരുക്കേറ്റ് തിരികെക്കയറിയ ഇഷാൻ കിഷനു പകരം മലയാളി താരം വിഷ്ണു വിനോദാണ് മുംബൈയുടെ വിക്കറ്റ് കാത്തത്. ബാറ്റിങ്ങിൽ വിഷ്ണുവിനു (7 പന്തിൽ 5) തിളങ്ങാനായതുമില്ല. 

നേരത്തേ, ടോസ് നേടിയ മുംബൈ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മഴമൂലം 30 മിനിറ്റ് വൈകി ആരംഭിച്ച മത്സരത്തിൽ ഗുജറാത്ത് ഓപ്പണർമാരായ വൃദ്ധിമാൻ സാഹയ്ക്കും ഗില്ലിനും ആദ്യ പവർപ്ലേയിൽ നേടാൻ കഴിഞ്ഞത് 50 റൺസാണ്. സാഹയ്ക്ക് (18) പകരമെത്തിയ സായ് സുദർശനെ കാഴ്ചക്കാരനാക്കി നിർത്തി ഗില്ലിന്റെ ജഗജില്ലൻ പെർഫോമൻസാണ് പിന്നീട് അരങ്ങേറിയത്. 32 പന്തിൽ അർധ സെഞ്ചറിയിലെത്തിയ ഗിൽ പിന്നാലെ കളിയുടെ ഗീയർ മാറ്റി. അടുത്ത 17 പന്തുകളിൽ സെ‍ഞ്ചറി.

14.3 ഓവറിൽ ഗുജറാത്ത് സ്കോർ 150ലെത്തി. സായിക്കൊപ്പം 2–ാം വിക്കറ്റിൽ ഗിൽ സൃഷ്ടിച്ചതു 138 റൺസ് കൂട്ടുകെട്ട്. 6–ാം ഓവറിൽ മിഡ് ഓണിൽ ഗിൽ നൽകിയ ക്യാച്ച് ടിം ഡേവിഡ് നഷ്ടപ്പെടുത്തിയിരുന്നു. ആ ക്യാച്ച് നഷ്ടമാണ് കളി തിരിച്ചത്. ഗുജറാത്ത് ടീം സ്കോർ അപ്പോൾ 50 റൺസായിരുന്നു. ഈ സീസണിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് ഗില്ലിന്റെ 129.

English Summary : Gujarat Titans vs Mumbai Indians Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com