ADVERTISEMENT

അഹമ്മദാബാദ്∙ കളിച്ച് രണ്ട് ഐപിഎലിലും ഫൈനലിലെത്തിയെന്ന ഖ്യാതിയോടെയാണ് ഗുജറാത്ത് ടൈറ്റൻസ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എം.എസ്.ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിക്കാൻ ഇറങ്ങുന്നത്. തുടർച്ചയായ രണ്ടു തവണ ഐപിഎൽ കിരീടം നേടുന്ന മൂന്നാമത്തെ ടീം എന്ന പെരുമയോടെ തിരിച്ചുകയറാനാകും ഹാർദിക്കിന്റെയും സംഘത്തിന്റെയും പോരാട്ടം.

.ഇതിനു മുൻപ് ചെന്നൈയും മുംബൈ ഇന്ത്യൻസുമാണ് തുടർച്ചയായ രണ്ടു തവണ ഐപിഎൽ ചാംപ്യന്മാരായത്. 2010, 2011 സീസണുകളിലായിരുന്നു ചെന്നൈയുടെ നേട്ടം. മുംബൈ 2019, 2020 വർഷങ്ങളിലും തുടർച്ചയായി ചാംപ്യന്മാരായി. മോദി സ്റ്റേഡിയത്തിൽ ഐപിഎൽ പതിനാറാം സീസണു വിസിൽ മുഴങ്ങുന്നതിനു മുൻപു രസകരമായ ചില കണക്കുകൾ ഇതാ:

1. ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാകാൻ ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടത് ഒരു വിജയം കൂടി മാത്രം. എം.എസ്.ധോണിയുടെ നേതൃത്വത്തിൽ നാല് കിരീടങ്ങളാണ് ചെന്നൈ നേടിയിട്ടുള്ളത്. ഇന്നു ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിൽ തോൽപിച്ചാൽ, നിലവിൽ അഞ്ച് കിരീടങ്ങളുമായി ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ചാംപ്യന്മാരായ ടീമായ മുംബൈ ഇന്ത്യൻസിന്റെ റെക്കോർഡിന് ഒപ്പമെത്തും.

10. പങ്കെടുത്ത 14 സീസണുകളിൽ പത്തു തവണയും ചെന്നൈ ഫൈനലിൽ പ്രവേശിച്ചു. ഏറ്റവും കൂടുതൽ ഫൈനൽ മത്സരം കളിച്ച ഐപിഎൽ ടീമെന്ന റെക്കോർഡ് ചെന്നൈയ്ക്ക് സ്വന്തം. ഫൈനലിൽ ആറു മത്സരങ്ങളുമായി മുംബൈ ഇന്ത്യൻസ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. അതേസമയം, ആറിൽ അഞ്ച് തവണയും മുംബൈ വിജയിച്ചപ്പോൾ ചെന്നൈ അഞ്ച് ഫൈനലുകളിൽ തോറ്റു.

6. ഗുജറാത്ത് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ആറാം ഐപിഎൽ ഫൈനൽ മത്സരമാണ് ഇന്നത്തേത്. ഇതിനു മുൻപ് 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് താരമായും 2022ൽ ഗുജറാത്ത് ക്യാപ്റ്റനായുമായിരുന്നു ഹാർദിക്കിന്റെ ഫൈനൽ മത്സരങ്ങൾ. കളിച്ച എല്ലാ ഫൈനലുകളിലും ഹാർദിക് വിജയിച്ചിട്ടുമുണ്ട്.

11. ചെന്നൈ ക്യാപ്റ്റൻ എം.എസ്.ധോണിയുടെ 11–ാം ഐപിഎൽ ഫൈനൽ മത്സരമാണ് ഇന്നത്തേത്. ഇതിനു മുൻപ് 9 തവണയും ചെന്നൈ ക്യാപ്റ്റനായിട്ടാണ് ഫൈനൽ കളിച്ചതെങ്കിൽ 2017ൽ റൈസിങ് പുണെ സൂപ്പർ ജയന്റ്സ് താരമായിട്ടായിരുന്നു ഫൈനൽ പ്രവേശം. മുൻ‌പ് കളിച്ച പത്തു ഫൈനലുകളിൽ നാല് എണ്ണത്തിൽ വിജയിച്ചപ്പോൾ ആറ് എണ്ണത്തിലും പരാജയപ്പെട്ടു.

3. ഗുജറാത്ത് താരം ശുഭ്മാൻ ഗില്ലിന്റെ ഹാട്രിക് ഐപിഎൽ ഫൈനൽ മത്സരമാണ് ഇന്ന്. 2021ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായും 2022ൽ ഗുജറാത്തിനൊപ്പവുമായിരുന്നു ഗില്ലിന്റെ ഫൈനൽ പോരാട്ടങ്ങൾ. ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരമാണ് ഗിൽ. 

49. ഐപിഎൽ ചരിത്രത്തിൽ ഒരു സീസണിൽ 900 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ശുഭ്മാൻ ഗില്ലിന് വേണ്ടത് 49 റൺസ് കൂടി മാത്രം. സീസണിൽ മൂന്നു സെഞ്ചറികളും നാല് അർധസെഞ്ചറികളും സഹിതം 16 മത്സരങ്ങളിൽനിന്ന് 851 റൺസ് നേടിയ ഗിൽ, ഓറഞ്ച് ക്യാപ് ഉറപ്പിച്ചു. ഒരു സീസണിൽ 900+ റൺസ് നേടിയ ഏക ബാറ്റർ വിരാട് കോലിയാണ്. 2016 സീസണിൽ, 973 റൺസാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലി നേടിയത്. ഈ റെക്കോർഡ് മറികടക്കാൻ 123 റൺസ് കൂടി വേണം. കഴിഞ്ഞ മത്സത്തിൽ 129 റൺസ് അടിച്ചുകൂട്ടിയ ഗിൽ, അത് ആവർത്തിക്കുമോ?

1. ഐപിഎൽ ചരിത്രത്തിൽ 250 മത്സരങ്ങൾ പൂർത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോർഡ് എം.എസ്.ധോണി ഇന്നു സ്വന്തമാക്കും. ഇതുവരെ 249 മത്സരങ്ങളിൽ നിന്ന് 24 അർധസെഞ്ചറികളടക്കം 5082 റൺസാണ് ധോണിയുടെ സമ്പാദ്യം.

English Summary: Interesting stats and numbers ahead of Chennai Super Kings-Gujarat Titans match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com