ADVERTISEMENT

അഹമ്മദാബാദ്∙ ഐപിഎൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസ്– ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടത്തിനു മണിക്കൂറുകൾ മാത്രം ശേഷിക്കെ ഗുജറാത്ത് ബാറ്റർ ശുഭ്മാൻ ഗില്ലിനെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ. ഈ ഐപിഎൽ സീസണിൽ ഗില്ലിന്റെ പ്രകടനം അവിസ്മരണീയമായിരുന്നെന്ന് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിൽ സച്ചിൻ പറഞ്ഞു.

മൂന്നു സെഞ്ചറികൾ നേടിയ ഗില്ലിന്റെ രണ്ടു സെഞ്ചറികൾ മായാത്ത ‘ആഘാതം’ നൽകിയെന്നും സച്ചിൻ പറഞ്ഞു. ഒരെണ്ണം മുംബൈ ഇന്ത്യൻസിന് പ്ലേഓഫ് പ്രവേശനത്തിനു കളമൊരുക്കിയപ്പോൾ മറ്റൊന്ന് അവർക്കു പുറത്തേയ്ക്കു വഴികാട്ടി. ക്രിക്കറ്റിന്റെ പ്രവചനാതീതമായ സ്വഭാവം അങ്ങനെയാണെന്നും സച്ചിൻ പറയുന്നു.

ഫൈനൽ മത്സരത്തിൽ ഗിൽ, ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ എന്നിവരുടെ വിക്കറ്റുകൾ ചെന്നൈ സൂപ്പർ കിങ്സിനു നിർണായകമാണെന്നും സച്ചിൻ തെൻഡുൽക്കർ വിലയിരുത്തി. എട്ടാമനായി ധോണി ഇറങ്ങുന്ന ചെന്നൈയുടെ ബാറ്റിങ് ലൈനപ്പ് ശക്തമാണ്. വളരെ ആവേകരമായ ഫൈനൽ മത്സരമാകും ഇതെന്നും സച്ചിൻ പറഞ്ഞു.

സച്ചിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഈ സീസണിലെ ശുഭ്മാൻ ഗില്ലിന്റെ പ്രകടനം അവിസ്മരണീയമായ ഒന്നാണ്. മായാത്ത ആഘാതമേൽപ്പിച്ച രണ്ടു സെഞ്ചറികൾ പിറന്നു. ഒരു സെഞ്ചറി മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകളെ ജ്വലിപ്പിച്ചപ്പോൾ മറ്റൊന്ന് അവർക്ക് കനത്ത പ്രഹരമേൽപ്പിച്ചു. ക്രിക്കറ്റിന്റെ പ്രവചനാതീതമായ സ്വഭാവം അങ്ങനെയാണ്!

ശുഭ്മാൻ ഗില്ലിന്റെ ബാറ്റിങ്ങിൽ എന്നെ ശരിക്കും ആകർഷിച്ചത് അദ്ദേഹത്തിന്റെ ശാന്തമായ സ്വഭാവവും റണ്ണിനായുള്ള ദാഹവും വിക്കറ്റുകൾക്കിടയിലുള്ള ഓട്ടവുമാണ്. ഹൈസ്കോറിങ് മത്സരങ്ങളിൽ, ഫലം രൂപപ്പെടുത്തുന്ന നിർണായക നിമിഷങ്ങൾ എപ്പോഴും ഉണ്ടാകും. 12-ാം ഓവർ മുതൽ ശുഭ്മാൻ ഗില്ലിന്റെ അസാധാരണമായ ആക്സിലറേഷൻ ഗുജറാത്ത് ടൈറ്റൻസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുന്നു.

വേഗത പിടിച്ചെടുക്കാനും ഗെയിമിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്താനുമുള്ള അദ്ദേഹത്തിന്റെ കഴിവിന്റെ പ്രകടനമായിരുന്നു അത്. രണ്ടാം ക്വാളിഫയറിൽ, മുഹമ്മദ് ഷമിക്കെതിരെ തിലക് വർമ 24 റൺസ് അടിച്ചെടുത്തപ്പോൾ മുംബൈ ഇന്ത്യൻസ് കുറച്ച് സമയത്തേക്ക് മത്സരത്തിലേക്കു തിരിച്ചെത്തിയിരുന്നു, സൂര്യകുമാർ പുറത്താകുന്നതുവരെ അതു തുടർന്നു.

ഗുജറാത്ത് മികച്ച ടീമാണ്. ഗിൽ, ഹാർദിക്, മില്ലർ എന്നിവരുടെ വിക്കറ്റുകൾ ഇന്ന് രാത്രി ചെന്നൈ സൂപ്പർ കിങ്സിനു നിർണായകമാകും. ധോണി എട്ടാം നമ്പറിൽ എത്തുന്നതിനാൽ ചെന്നൈയുടെ ബാറ്റിങ് ശക്തമാണ്. വളരെ ആവേകരമായ ഫൈനൽ മത്സരമാകും ഇത്.

English Summary: Sachin Tendulkar heaps praise on Shubman Gill

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com