ADVERTISEMENT

അഹമ്മദാബാദ്∙ അവസാന പന്തുവരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത് ചെന്നൈ സൂപ്പർ കിങ്സിന് ഐപിഎൽ കിരീടം. 15–ാം ഓവറിലെ അവസാന പന്തിൽ ജയിക്കാൻ നാലു റൺസ് വേണമെന്നിരിക്കെ, മോഹിത് ശർമയെറിഞ്ഞ പന്ത് ഫോറടിച്ച് അഹമ്മദാബാദിൽ സിഎസ്കെയുടെ വിജയമുറപ്പിച്ചത് രവീന്ദ്ര ജഡേജയാണ്. ടൈറ്റൻസിനെതിരായ വിജയം അഞ്ച് വിക്കറ്റുകൾക്ക്. ചെന്നൈ സൂപ്പർ കിങ്സിന്റെ അഞ്ചാം ഐപിഎൽ കിരീടനേട്ടമാണിത്. ഇതോടെ ഐപിഎൽ കിരീടങ്ങളിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനൊപ്പമെത്തി.

25 പന്തില്‍ 47 റൺസെടുത്ത ഡെവോൺ കോൺവെയാണു ചെന്നൈയുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ തകർത്തടിച്ച ശിവം ദുബെ (21 പന്തിൽ 32), രവീന്ദ്ര ജഡേജ (ആറു പന്തിൽ 15) എന്നിവരുടെ പോരാട്ടവും നിർണായകമായി. മറുപടി ബാറ്റിങ്ങിൽ ചെന്നൈ സൂപ്പർ കിങ്സ് മൂന്നാം പന്തു നേരിട്ടതിനു പിന്നാലെയാണു മഴയെത്തിയത്. രണ്ട് മണിക്കൂറിനും 20 മിനിറ്റിനും ശേഷം വീണ്ടും കളി തുടങ്ങി. മഴ നിയമപ്രകാരം ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറിൽ 171 റണ്‍സാക്കി. മികച്ച തുടക്കമാണ് ഓപ്പണർമാർ ചെന്നൈയ്ക്കു നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ 74 റൺസിന്റെ കൂട്ടുകെട്ട് ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്ന്പടുത്തുയര്‍ത്തി. 16 പന്തുകളിൽനിന്ന് 26 റൺസെടുത്ത ഗെയ്ക്‌വാദ് നൂർ അഹമ്മദിന്റെ പന്തിൽ റാഷിദ് ഖാൻ ക്യാച്ചെടുത്താണു പുറത്തായത്. തൊട്ടുപിന്നാലെ ഡെവോൺ കോൺവെയെ പുറത്താക്കി നൂർ അഹമ്മദ് വിക്കറ്റ് നേട്ടം രണ്ടാക്കി. 9.1 ഓവറിലാണ് ചെന്നൈ 100 കടന്നത്.

സ്കോർ 117ല്‍ നിൽക്കെ അജിൻക്യ രഹാനെയെ (13 പന്തിൽ 27) മോഹിത് ശർമ മടക്കി. മോഹിത്ത് എറിഞ്ഞ 13–ാം ഓവറിൽ അംബാട്ടി റായുഡുവും (എട്ട് പന്തിൽ 19), ക്യാപ്റ്റൻ എം.എസ്. ധോണിയും പുറത്തായതോടെ ചെന്നൈ സമ്മർദത്തിലായി. ധോണിയുടെ ബാറ്റിങ് കാണാനെത്തിയ ആരാധകരും നിരാശരായി. അവസാന ഓവറിൽ ചെന്നൈയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത് 13 റൺസായിരുന്നു. ആദ്യ പന്ത് ഡോട്ട് ബോളായെങ്കിലും, പിന്നീടുള്ള മൂന്നു പന്തുകളിൽ ഓരോ റണ്‍സ് വീതം ചെന്നൈ നേടി. അഞ്ചാം പന്ത് സിക്സർ പറത്തിയതോടെ ചെന്നൈ ഡഗ്ഔട്ട് ഉണർന്നു. മോഹിത് ശർമയുടെ ലോ ഫുൾ ടോസ് ബൗണ്ടറി കടത്തി ജഡേജ ചെന്നൈയുടെ വിജയമുറപ്പിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 214 റൺസ്. സെഞ്ചറി നഷ്ടമായ തമിഴ്നാടിന്റെ യുവതാരം സായ് സുദർശനാണ് ഗുജറാത്തിനായി തിളങ്ങിയത്. 47 പന്തുകൾ നേരിട്ട സായ് സുദർശൻ 96 റൺസെടുത്തു. 39 പന്തിൽ 54 റൺസെടുത്ത് പുറത്തായ ഓപ്പണർ വൃദ്ധിമാൻ സാഹയും ഗുജറാത്തിനായി അർധസെഞ്ചറി നേടി.

ഫൈനലിൽ സായ് സുദർശന്റെ ബാറ്റിങ്. Photo: FB@IPL2023
ഫൈനലിൽ സായ് സുദർശന്റെ ബാറ്റിങ്. Photo: FB@IPL2023

ഗുജറാത്ത് ടൈറ്റൻസിന് ആദ്യ വിക്കറ്റ് നഷ്ടമായത് ഏഴാം ഓവറിലായിരുന്നു. പവർപ്ലേയിലെ (ആറ് ഓവർ) പവർഫുൾ ഗെയിമിനു ശേഷം ഗുജറാത്തിന് നഷ്ടമായത് ഓപ്പണർ ശുഭ്മൻ ഗില്ലിനെ. ആദ്യ ഓവറിൽ ഗുജറാത്തിന് നേടാന്‍ സാധിച്ചത് നാല് റൺസ് മാത്രമായിരുന്നു. ഗുജറാത്ത് ബൗണ്ടറികൾ കണ്ടെത്തിയതോടെ സ്കോർ ഉയർന്നു. ബാറ്റിങ് പവർ പ്ലേയിൽ അവർ നേടിയത് 62 റൺസ്. മികച്ച തുടക്കം മുതലാക്കാമെന്ന ടൈറ്റൻസിന്റെ മോഹം ചെന്നൈ ക്യാപ്റ്റൻ ധോണിയും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ചേർന്നു തകർത്തു. ജഡേജയുടെ പന്ത് നേരിടാൻ ഗില്ലിന് സാധിക്കാതെ പോയതോടെ ധോണി സ്റ്റംപ് ചെയ്തു. സാഹയും സായ് സുദർശനും തകർ‌ത്തടിച്ചതോടെ 11.1 ഓവറിൽ ഗുജറാത്ത് 100 കടന്നു. സ്കോർ 131 ൽ നിൽക്കെ ധോണി ക്യാച്ചെടുത്ത് സാഹ മടങ്ങി.

മൂന്നാമനായിറങ്ങിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പിന്തുണയേകി നിലയുറപ്പിച്ചപ്പോൾ വെടിക്കെട്ടിന്റെ ഉത്തരവാദിത്തം സായ് സുദർശന്‍ ഏറ്റെടുത്തു. 15.4 (94 പന്ത്) ഓവറില്‍ ടൈറ്റൻസ് 150 പിന്നിട്ടു. സെഞ്ചറിയിലേക്കു കുതിച്ച സായ് സുദർശന് മതീഷ പതിരാന എറിഞ്ഞ 20 ഓവറിലാണ് അടിപിഴിച്ചത്. ആറ് സിക്സും എട്ട് ഫോറുകളും പറത്തിയ സുദർശൻ ബാറ്റിങ് തീരാൻ മൂന്ന് പന്തുകൾ മാത്രം ബാക്കി നിൽക്കെ എല്‍ബി ആയി. ക്യാപ്റ്റൻ ഹാർദിക് ഡിആര്‍എസിനു പോയെങ്കിലും ഫലം കണ്ടില്ല. 12 പന്തിൽ 21 റൺസെടുത്ത് ഹാർദിക് പാണ്ഡ്യ പുറത്താകാതെ നിന്നു. റാഷിദ് ഖാന് റണ്ണൊന്നും നേടാൻ സാധിച്ചില്ല. ചെന്നൈയ്ക്കായി മതീഷ പതിരാന രണ്ടു വിക്കറ്റും ദീപക് ചാഹർ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഗുജറാത്തിനായി അർധസെഞ്ചറിനേടിയ വൃദ്ധിമാൻ സാഹ. Photo: FB@IPL2023
ഗുജറാത്തിനായി അർധസെഞ്ചറിനേടിയ വൃദ്ധിമാൻ സാഹ. Photo: FB@IPL2023

English Summary: Chennai Super Kings vs Gujarat Titans, Final (Reserve day) - Match Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com